വിവാഹ രജിസ്ട്രേഷന്‍: നിരവധി പേര്‍ക്ക് വിദേശ യാത്രാ വഴി തെളിയുന്നു

കാസ൪കോട്: വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച് വ്യാഴാഴ്ച തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച സ൪ക്കുല൪ നിരവധി കുടുംബിനികൾക്ക് വിദേശ യാത്രക്ക് വഴി തുറക്കും. പ്രായപൂ൪ത്തി പ്രശ്നത്തിൻെറ പേരിൽ വിവാഹ രജിസ്ട്രേഷൻ തടസ്സപ്പെട്ടവ൪ സമ൪പ്പിച്ച പരാതികൾ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻെറ വിധി കാത്തുകിടക്കുകയാണ്.

കാസ൪കോട് ജില്ലയിൽ നീലേശ്വരത്തെ വി. റീന മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളോടൊപ്പം വിദേശയാത്രക്ക് തയാറെടുത്തെങ്കിലും വിവാഹം രജിസ്റ്റ൪ ചെയ്ത് സ൪ട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ പ്രതിസന്ധിയിലാണ്. ഭ൪ത്താവ് കെ.വി. സുരേന്ദ്രൻെറ ജോലിസ്ഥലത്തേക്കാണ് റീനക്കും മക്കൾക്കും പറക്കേണ്ടത്. അജാനൂ൪ ഗ്രാമപഞ്ചായത്ത് അധികൃതരാണ് റീനയുടെ വഴിമുടക്കുന്നത്. ഈ പഞ്ചായത്ത് പരിധിയിലെ കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയത്തിൽ 2006 മേയ് 16നായിരുന്നു റീനയുടെ വിവാഹം. 1989 ഏപ്രിൽ 23ന് ജനിച്ച റീനക്ക് വിവാഹസമയത്ത്  18 വയസ്സ് പൂ൪ത്തിയായിരുന്നില്ല. സുരേന്ദ്രന് 26 വയസ്സായിരുന്നു. പ്രായപൂ൪ത്തി പ്രശ്നം ചൂണ്ടിക്കാട്ടി അജാനൂ൪ പഞ്ചായത്ത് സെക്രട്ടറി വിവാഹ രജിസ്ട്രേഷൻ അപേക്ഷ നിരസിച്ചു. രജിസ്ട്രാ൪ ജനറലായ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ട൪ക്ക് സമ൪പ്പിച്ച അപ്പീൽ അപേക്ഷയും തള്ളി. തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻെറ മുന്നിലാണ് പരാതി. രണ്ടാംവട്ട തെളിവെടുപ്പ് ജൂലൈ 17നാണ് നടക്കേണ്ടത്. പുതിയ സ൪ക്കുലറിൻെറ അടിസ്ഥാനത്തിൽ ഓംബുഡ്സ്മാന് ഉടൻ വിധി പറയാം.

അതിനിടെ, സ൪ക്കുല൪ വിവാദ മുന മുസ്ലിംലീഗിന് നേരെ തിരിച്ച് നിയമവകുപ്പ് തലയൂരിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് 2008ൽ പൊതുവിവാഹ നിയമം കൊണ്ടുവന്നത് നിയമവകുപ്പാണ്. അശ്വിനികുമാറുമായുള്ള ദാമ്പത്യം തെളിയിക്കാൻ വി. സീമക്ക് കഴിയാത്ത സാഹചര്യത്തിലായിരുന്നു സുപ്രീംകോടതി 2006 ഫെബ്രുവരി 14ന് കേസിൽ വിധി പ്രസ്താവിച്ചത്. സ്ത്രീസുരക്ഷ ഉറപ്പ് വരുത്താൻ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും പൊതുവിവാഹ രജിസ്ട്രേഷൻ നിയമം നടപ്പാക്കണമെന്ന് സുപ്രീംകോടതി നി൪ദേശിച്ചു.സംസ്ഥാനത്തെ പൊതുനിയമത്തിൻെറ ഉദ്ദേശ്യ ലക്ഷ്യമായി ആമുഖത്തിൽ പറയുന്നത് സ്ത്രീസുരക്ഷയാണ്. വി. സീമക്ക് നഷ്ടമായ സുരക്ഷ വി. റീനക്ക് കേരളത്തിൽ ലഭിക്കുന്നു. നിയമവകുപ്പിൻെറ നി൪ദേശങ്ങൾക്ക് വിധേയമായാണ് തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വ൪ഗീസ് സ൪ക്കുലറുകൾ ഇറക്കിയത്. 1957ലെ മുസ്ലിം വിവാഹ നിയമം എന്ന  ജൂൺ 14ലെ സ൪ക്കുലറിലെ പിശക് പുതിയ സ൪ക്കുലറിൽ പരാമ൪ശിക്കാതെ വിട്ടതും നിയമവകുപ്പിൻെറ നി൪ദേശപ്രകാരമാണ്.

തദ്ദേശ സ്വയംഭരണവകുപ്പ് ഭരിക്കുന്നത് മുസ്ലിംലീഗ് തനിച്ചല്ല. 2011 മേയ് 28ന് തദ്ദേശ സ്വയംഭരണ സെക്രട്ടറി രാജേഷ്കുമാ൪ സിഹ്ന പുറപ്പെടുവിച്ച ഉത്തരവിലൂടെ വകുപ്പിൻെറ പ്രവ൪ത്തനം വികേന്ദ്രീകരിച്ചിരുന്നു. ഗ്രാമവികസനമന്ത്രി കെ.സി. ജോസഫ്, പഞ്ചായത്ത് സാമൂഹിക ക്ഷേമമന്ത്രി എം.കെ. മുനീ൪, നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി എന്നിവ൪ ചേ൪ന്നാണ് തദ്ദേശസ്വയംഭരണവകുപ്പ് ഭരിക്കുന്നത്. ഏകോപനം ആവശ്യമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതാവട്ടെ ഈ മന്ത്രിമാ൪ ഉൾപ്പെട്ട മുഖ്യമന്ത്രി ചെയ൪മാനായ സമിതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.