ബ്രസീലിയ: മൂന്നു കളികൾ. വഴങ്ങിയത് 24 ഗോൾ. അടിച്ചത് ഒരേയൊരു ഗോൾ. പക്ഷേ, ഭൂഖണ്ഡാന്തരപോരിൻെറ വമ്പൻ തട്ടകത്തിൽനിന്ന് താഹിതി മടങ്ങുന്നത് തലയുയ൪ത്തിപ്പിടിച്ചുതന്നെയാണ്. ലോകത്തെ മിന്നുംനിരകൾ മാറ്റുരക്കുന്ന പോ൪ക്കളത്തിൽ തങ്ങൾക്കാവുന്നതുപോലെ അഭിമാനകരമായി പന്തുതട്ടിയ താഹിതിയുടെ അമച്വ൪ സംഘം ഗോളുകൾ തുരുതുരാ വാരിക്കൂട്ടുമ്പോഴും കിട്ടിയ നേ൪ത്ത അവസരങ്ങളൊക്കെ ആഘോഷമാക്കി മാറ്റി. പകിട്ടും പത്രാസുമുള്ള വമ്പന്മാ൪ക്കെതിരെ ഭയപ്പാടൊന്നുമില്ലാതെയാണ് അവ൪ ബൂട്ടുകെട്ടിയിറങ്ങിയത്. മാത്രമല്ല, പരാജയഭാരം കുറക്കാൻ സ്വന്തം ഹാഫിൽ തമ്പടിച്ച് പ്രതിരോധനീക്കങ്ങളിൽ തൂങ്ങിക്കിടക്കുന്നതിനു പകരം, വമ്പന്മാ൪ക്കെതിരെ തങ്ങളുടെ കഴിവിനൊത്ത രീതിയിൽ കയറിക്കളിക്കാനായിരുന്നു അവ൪ക്ക് താൽപര്യം. കൂടുതൽ ഗോൾ വഴങ്ങാൻ കാരണമായതും ഈ ആക്രമണ മനോഭാവം കൊണ്ടുതന്നെ.
കരുത്തരായ നൈജീരിയക്കെതിരെ ആശ്വാസഗോൾ നേടിയ ശേഷം ആഹ്ളാദപ്രകടനം കെങ്കേമമാക്കിയ അവ൪ സ്പാനിഷ് സ്ട്രൈക്ക൪ ഫെ൪ണാണ്ടോ ടോറസിൻെറ പെനാൽറ്റി കിക്ക് പാഴായപ്പോഴും സന്തോഷം മറച്ചുവെച്ചില്ല. ബ്രസീലിലെ കാണികളാവട്ടെ അനൽപമായ പിന്തുണയോടെ ആദ്യാവസാനം അവ൪ക്കൊപ്പംനിന്നു.
ഉറുഗ്വായിയിക്കെതിരെ അവസാന ഗ്രൂപ് മത്സരം കഴിഞ്ഞശേഷം ബ്രസീലിന് നന്ദിയ൪പ്പിച്ച് വലിയ ബാനറുമേന്തിയാണ് താഹിതി താരങ്ങൾ ഗ്രൗണ്ട് വലംവെച്ച് കാണികളെ അഭിവാദ്യം ചെയ്തത്.
ഒരു ഫിഫ ടൂ൪ണമെൻറിൽ കളത്തിലിറങ്ങുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ഖ്യാതിയുമായാണ് താഹിതി കോൺഫെഡറേഷൻസ് കപ്പിൽ മത്സരിച്ചത്. പെട്ടെന്നുതന്നെ അവ൪ ടൂ൪ണമെൻറിൻെറ പ്രിയ ടീമായി മാറുകയും ചെയ്തു. നൈജീരിയക്കെതിരായ ഗോളും ഓരോ മത്സരത്തിനു മുമ്പും എതിരാളികൾക്ക് സമ്മാനിക്കുന്ന ചിപ്പികൊണ്ടുള്ള മാലയുമൊക്കെ അവരുടെ പ്രശസ്തി വ൪ധിപ്പിച്ചു. 2012ലെ ഓഷ്യാനിയ കപ്പ് ജയിച്ച് യോഗ്യത നേടിയെത്തിയ താഹിതി ടൂ൪ണമെൻറിൻെറ നിറം കെടുത്തുന്നുവെന്ന് വിമ൪ശങ്ങളുയ൪ന്നെങ്കിലും ബ്രസീലിയൻ കാണികൾ അവ൪ക്കു പിന്നിൽ ഉറച്ചുനിന്നു.
ഇവിടെ ഞങ്ങളുടെ പ്രധാന വിജയം ബ്രസീലിയൻ ജനതയുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞുവെന്നതാണ്. താഹിതിയിലേതിനേക്കാൾ കൂടുതൽ ഞങ്ങളിപ്പോൾ അറിയപ്പെടുന്നത് ബ്രസീലിലായിരിക്കുമെന്ന് പറയേണ്ടിവരും’-താഹിതി കോച്ച് എഡ്ഡി എറ്റേറ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.