തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഗൺമാനായ സലിംരാജിനെ സംരക്ഷിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. സ്ത്രീവിഷയങ്ങളിൽ ഉൾപ്പെടെ കേസുകളിൽ പ്രതിയായ സലിംരാജിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി വ്യഗ്രത കാട്ടുന്നതായും വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. ജോസ്തെറ്റയിലുമായി ബന്ധപ്പെട്ട ആരോപണത്തിൽ അദ്ദേഹത്തിന് പറയാനുള്ളത് കേട്ടശേഷം തീരുമാനിക്കും.മുഖ്യമന്ത്രിയുടെ മരുമകനായിരുന്ന റിച്ചി മാത്യു തിരുവനന്തപുരം കുടുംബകോടതിയിൽ നൽകിയ വിവാഹമോചന കേസിൽ സലിംരാജിനെ സംബന്ധിച്ച് പറയുന്ന ചില വിവരങ്ങൾ ഉന്നയിക്കാനാണ് ശ്രമിച്ചത്. സലിംരാജ് സ്വഭാവദൂഷ്യമുള്ളയാളാണെന്ന് റിച്ചി മാത്യു കോടതിയിൽ ബോധിപ്പിച്ചിരുന്നു. സ്വഭാവദൂഷ്യമുള്ളയാളാണെന്നും, അതുകൊണ്ട് മുഖ്യമന്ത്രിയുടെ വീട്ടിൽനിന്ന് ഒഴിവാക്കണമെന്നും റിച്ചി മാത്യു ആവശ്യപ്പെട്ടിരുന്നു. അന്നും അയാളെ പുറത്താക്കാൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തയാറായില്ല.ഇപ്പോൾ സലിംരാജിനെതിരെ സരിത നായരുമായി ബന്ധപ്പെട്ട വൻ അഴിമതി ആരോപണം ഉയ൪ന്നിട്ടും മുഖ്യമന്ത്രി വഴിവിട്ട് സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ദുരൂഹതയുണ൪ത്തുന്നു. എല്ലാം സുതാര്യമെന്ന് പറയുന്ന മുഖ്യമന്ത്രി എന്താണിങ്ങനെ ചെയ്യുന്നതെന്നത് ഉന്നയിക്കാനാണ് ശ്രമിച്ചത്. അത് കേൾക്കാനുള്ള സാവകാശം കാട്ടാതെ, തികച്ചും ജനാധിപത്യവിരുദ്ധമായി മൈക്ക് നിഷേധിക്കുകയായിരുന്നു സ്പീക്ക൪- വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.