ഐ.വി. ശശിയുടെ മീന്‍ എന്ന ചിത്രത്തില്‍ പുന്നപ്ര അപ്പച്ചനും അടൂര്‍ ഭാസിയും
ആലപ്പുഴ: മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി ആയിരത്തിലേറെ സിനിമകളിൽ വേഷമിട്ട പുന്നപ്ര അപ്പച്ചൻ ചെറുവേഷങ്ങളുടെ സൂപ്പർ സ്റ്റാറായിരുന്നു. നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ റോളുകളിലും അഭിനയിച്ച അപ്പച്ചൻ മലയാള സിനിമയുടെ ചരിത്രത്തിനൊപ്പമാണ് സഞ്ചരിച്ചത്. സത്യന്റെയും നസീറിന്റെയും കാലം മുതൽ പുതുതലമുറയിലെ ന്യൂെജൻ സിനിമകളിൽ വരെ അഭിനയിച്ചു. സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം.
സിനിമമോഹം തലക്ക് പിടിച്ചുനിൽക്കുന്ന സമയത്ത് സത്യൻ നായകനായ സിനിമയുടെ ഷൂട്ടിങ് പുന്നപ്രയിലുമെത്തി. സിനിമയിലെ മാനേജറായ സുഹൃത്ത് മുഖേന അതിൽ ചെറിയ ഒരുവേഷം കിട്ടി. അതിനുശേഷം ഉദയായുടെ എല്ലാ സിനിമകളിലും അപ്പച്ചന് വേഷം ലഭിച്ചിരുന്നു. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത മഞ്ഞിലാസിന്‍റെ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലെ തൊഴിലാളി നേതാവ് ശ്രദ്ധിക്കപ്പെട്ടു.
പിന്നാലെ അനന്തരം, ഞാൻ ഗന്ധർവൻ, മതിലുകൾ, സംഘം, അധികാരം, ദ കിങ്, ജലോത്സവം, കടുവ, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങി ഒട്ടേറെ സിനിമകളിൽ വേഷമിട്ടു. ‘ദുനിയ’ എന്ന ഹിന്ദി ചിത്രത്തിൽ ദിലീപ് കുമാറിനെ അറസ്റ്റ് ചെയ്യുന്ന പൊലീസ് ഓഫിസറായും വേഷമിട്ടു. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനാണ് ഒടുവിലത്തെ സിനിമ.
തമിഴിൽ വിജയുടെ ‘സുറ’ എന്ന സിനിമയിലും അഭിനയിച്ചു. വില്ലൻ വേഷങ്ങളായിരുന്നു ഏറെയെങ്കിലും ദ കിങ്ങിലെ മുഖ്യമന്ത്രിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. അടൂർ ഗോപാലകൃഷ്ണന്റെ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു. ‘അനന്തരം’ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്.
1987ൽ പുറത്തിറങ്ങിയ ഈ സിനിമക്കുശേഷം അടൂരിന്‍റെ എല്ലാ സിനിമകളിലും പുന്നപ്ര അപ്പച്ചൻ അഭിനയിച്ചു. പിന്നാലെ മലയാള സിനിമയുടെ കരുത്തുറ്റ സാന്നിധ്യമായി. ചെറുപ്പം മുതൽ അഭിനയത്തോടുള്ള ആവേശമായിരുന്നു. നടൻ സത്യനോടുള്ള ആരാധനയാണ് സിനിമയിലേക്ക് അവസരം ലഭിക്കാൻ കാരണമായത്. എൽ.ഐ.സി ഏജന്റായിരുന്ന അപ്പച്ചൻ ആറുതവണ കോടിപതിയായി. പുന്നപ്ര അരശർകടവിൽ എ.സി. ജെറോംകുട്ടിയുടെയും മറിയമ്മയുടെയും മകനാണ്. മണ്ണഞ്ചേരി തമ്പകച്ചുവട് അരശർകടവിൽ വീട്ടിലായിരുന്നു താമസം.
സിനിമ പ്രേമികൾ എന്നും ഓര്‍ക്കുന്ന മുഖം
അമ്പലപ്പുഴ: സിനിമ പ്രേമികൾക്ക് ഓർമിക്കാൻ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചാണ് പുന്നപ്ര അപ്പച്ചൻ വിടപറഞ്ഞത്. പുന്നപ്രയിൽ ജനിച്ച ജെ. അൽഫോൻസ് എന്ന പുന്നപ്ര അപ്പച്ചൻ 1969 ഉദയാ സ്റ്റുഡിയ നിർമിച്ച ഒതേനന്‍റെ മകൻ എന്ന ചിത്രത്തിൽ സത്യൻ, മണവാളൻ ജോസഫ് എന്നിവരോടൊപ്പം ചെറിയ വേഷത്തിൽ അഭിനയിച്ചായിരുന്നു തന്റെ ചലച്ചിത്ര ജീവിതത്തിനു തുടക്കമിട്ടത്.
1971ൽ ചേർത്തല കളവംകോടത്ത് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ലൊക്കേഷനിൽ സത്യനോടും ബഹദൂറിനുമൊപ്പം നിന്ന പുന്നപ്ര അപ്പച്ചനെ കണ്ട് ഷൂട്ടിങ് കാണാൻ വന്ന നടൻ മമ്മൂട്ടി, തനിക്ക് പുന്നപ്ര അപ്പച്ചനെ പോലെയാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു മോഹിച്ചതായി പിൽക്കാലത്ത് ആത്മകഥയിൽ മമ്മൂട്ടി എഴുതിയിട്ടുണ്ട്. നടൻ പ്രേംനസീറിന്റെ രാഷ്ട്രീയ പ്രവേശന കാലത്ത് അദ്ദേഹം ആലപ്പുഴയിലെത്തിയപ്പോൾ പര്യടനപരിപാടികൾ ഏകോപിപ്പിച്ചത് അപ്പച്ചനായിരുന്നു.
മുഖ്യമന്ത്രിയുടെ വേഷം മുതൽ തെരുവുഗുണ്ടയുടെ വരെ 1000ത്തിനു മുകളിൽ സിനിമയിൽ അഭിനയിച്ചു. സിനിമയിൽ വില്ലനായിരുന്നെങ്കിൽ ജീവിതത്തിൽ സാധരണ മനുഷ്യനായിരുന്നു പുന്നപ്ര അപ്പച്ചൻ.ജോൺ എബ്രഹാം, അടൂർ ഗോപാലകൃഷ്ണൻ, പി. പത്മരാജൻ, എം. കൃഷ്ണൻ നായർ, പി.എൻ. മേനോൻ, കെ.എസ്. സേതുമാധവൻ, ശശികുമാർ, എ.ബി. രാജ്, പി.എൻ. സുന്ദരം സത്യൻ അന്തിക്കാട്, ഫാസിൽ ജോഷി, സിദ്ദീഖ് ലാൽ, ഷാജി കൈലാസ് എന്നിവരുൾപ്പെടെ നിരവധി സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചു.
സത്യൻ, പ്രേംനസീർ, ജയൻ, സുകുമാരൻ, സോമൻ, രതീഷ്, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് എന്നിവരോടൊപ്പം അഭിനയിച്ചു. സിനിമ ലോകത്തുനിന്ന് വേണ്ട പരിഗണന ലഭിച്ചില്ലെന്നുള്ളതാണ് യാഥാർഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.