കോഴിക്കോട്: വ്യത്യസ്ത ആവിഷ്കാരങ്ങളോടെ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻെറ 10ാം വാ൪ഷികാഘോഷത്തിന് കോഴിക്കോട് കടപ്പുറത്ത് ഒരുക്കം പൂ൪ത്തിയായി. പതിവു സമ്മേളന അജണ്ട തിരുത്തിയാണ് യൂത്ത് സ്പ്രിങ് എന്ന പേരിൽ മേയ് 17, 18, 19 തീയതികളിൽ സംഘടനയുടെ ദശവാ൪ഷിക പരിപാടി നടക്കുകയെന്ന് സംഘാടക൪ അറിയിച്ചു.
പ്രത്യേകം സജ്ജമാക്കിയ പന്തലിൽ, ഒരേസമയം വിവിധ വേദികളിൽ വ്യത്യസ്ത പരിപാടികൾ ഉണ്ടാവും. 17ന് രാവിലെ 10ന് ബ്രിട്ടണിലെ റെസ്പെക്ട് പാ൪ട്ടി മുൻ ചെയ൪പേഴ്സനും യുദ്ധവിരുദ്ധ കൂട്ടായ്മ നേതാവുമായ സൽമാ യാഖൂബ് പരിപാടി ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രശാന്ത് ഭൂഷൺ സമ്മേളനത്തിൽ പങ്കെടുക്കും.
വൈവിധ്യം നിറഞ്ഞ ആശയാവിഷ്കാരവുമായി നടക്കുന്ന പ്രദ൪ശനമാണ് യൂത്ത് സ്പ്രിങ്ങിൻെറ സവിശേഷതയെന്ന് സംഘാടക൪ പറഞ്ഞു.
വികസന ബദൽ മാതൃകകൾ, പ്രവാസി യൂത്ത് പവലിയൻ, പരിസ്ഥിതി സൗഹൃദ കാ൪ഷിക- പാ൪പ്പിട മാതൃകകൾ, ആനുകാലിക വിഷയങ്ങൾ ആവിഷ്കരിക്കുന്ന ശിൽപങ്ങൾ, ചിത്രങ്ങൾ എന്നിവ പ്രദ൪ശനത്തിനൊരുക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ ചലച്ചിത്രോത്സവത്തിനായി തിയറ്ററും സജ്ജമായിട്ടുണ്ട്. സോളോ പെ൪ഫോമൻസുകൾക്കുവേണ്ടി ഓപൺ സ്റ്റേജുമുണ്ട്.
സേവന പ്രതിഭകളെ ആദരിക്കുന്ന വേദി ഒന്നിൽ 17ന് ഡോ. ഇദ്രീസ്, മുരുകൻ തെരുവോരം, ലൈലാ സെൻ, വി. മുഹമ്മദ് കോയ, കെ.ബി. ജോയ്, സിദ്ദീഖ് കളൻതോട്, ഫാ. ഡേവിഡ് ചിറമേൽ, ഡോ. പന്ന്യൻ കുര്യൻ, റഈസ് വെളിമുക്ക് എന്നിവരെ ആദരിക്കും. ജനപ്രതിനിധികളുടെയും മികച്ച ക്ളബുകളുടെയും റിയാലിറ്റി ഷോ, യൂത്ത് കൾച൪ സംവാദം, കവിസദസ്സ്, മെലോഡ്രാമ എന്നിവയാണ് ഒന്നാംദിവസത്തെ പരിപാടികൾ. തുട൪ന്നുള്ള ദിവസങ്ങളിൽ യുവ സംരംഭകരുടെ അനുഭവം പങ്കിടൽ, യുവജന പ്രതിനിധി സംഗമം, ആക്ടിവിസ്റ്റുകളുടെ ഒത്തുചേരൽ, കഥാച൪ച്ച, യുവജന രാഷ്ട്രീയ സിമ്പോസിയം, യൂത്ത് ക്ളബുകളുടെ ഗ്രാൻഡ് ഫിനാലെ എന്നീ പരിപാടികളുണ്ടാവും. സമാപന സമ്മേളനം ഞായറാഴ്ച വൈകുന്നേരം 4.30ന് അമേരിക്കയിലെ ബുദ്ധിജീവിയും ആക്ടിവിസ്റ്റുമായ നോ൪മൽ ഫിങ്കൽസ്റ്റീൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7.30ന് റവലൂഷൻ ബാൻഡോടെ യൂത്ത് സ്പ്രിങ് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.