റയലില്‍ ക്യാപ്റ്റനും കോച്ചും അകലുന്നു

മഡ്രിഡ്: സ്പാനിഷ് ലീഗിൽ കിരീടം നിലനി൪ത്താനുള്ള പോരാട്ടത്തിൽ ഏറെ പിന്നിലായിപ്പോയ റയൽ മഡ്രിഡിൽ പാളയത്തിൽപട.  കോച്ച് ജോസ് മോറിന്യോയെ ഉടൻ പുറത്താക്കിയില്ലെങ്കിൽ വേറെ താവളം നോക്കിപ്പോകുമെന്ന ഭീഷണിയുമായി ക്യാപ്റ്റൻ ഐക൪ കസീയസും വൈസ് ക്യാപ്റ്റൻ സെ൪ജിയോ റാമോസും രംഗത്തെത്തിയതായാണ് വാ൪ത്ത. ഇരുവരും ഇത് നിഷേധിച്ചിട്ടുണ്ടെങ്കിലും സാൻമാംസിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൻേറതായി പ്രചരിച്ച ഫോട്ടോയാണ് ക്യാപ്റ്റനും കോച്ചും തമ്മിലെ അകലം വ്യക്തമാക്കുന്നത്. സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലിരിക്കുന്ന താരങ്ങൾക്കടുത്തെത്തിയ മോറിന്യോയുടെ വാക്കുകൾക്ക് മറ്റു താരങ്ങളൊക്കെയും ചെവികൊടുക്കുമ്പോൾ കസീയസ് മാത്രം അങ്ങനെയൊന്നു സംഭവിക്കുക പോലും ചെയ്തില്ലെന്ന മട്ടിലാണ് ഇരിപ്പ്. മുഖം കനപ്പിച്ച്, അശ്രദ്ധമായി തിരിഞ്ഞിരിക്കുന്ന താരം കോച്ചുമായി പിണക്കത്തിലാണെന്ന് നേരത്തേ വാ൪ത്ത പ്രചരിച്ചിരുന്നു.

ഗോൾവലക്കു മുന്നിലെ മഹാപ്രതിഭയായിട്ടും നിരന്തരം കരക്കിരിക്കേണ്ടി വന്നതാണ്  കസീയസിനെ ചൊടിപ്പിച്ചത്. വൈസ് ക്യാപ്റ്റൻ റാമോസും കോച്ചും തമ്മിൽ കഴിഞ്ഞ ദിവസം ശക്തമായ വാഗ്വാദമുണ്ടായിരുന്നു.  ഇതിൻെറ തുട൪ച്ചയായാണ് മോറിന്യോക്കൊപ്പം ഇനി കളിക്കാനാവില്ലെന്ന് താരങ്ങൾ അന്ത്യശാസനം നൽകിയതായി വാ൪ത്ത പ്രചരിച്ചത്.
സംഭവം നിഷേധിച്ച് ക്ളബ് പ്രസിഡൻറ് വാ൪ത്താസമ്മേളനം വിളിച്ച ഉടൻ താരങ്ങളും വാ൪ത്താക്കുറിപ്പിറക്കി. ടീമിൻെറ വിജയമാണ് ലക്ഷ്യമെന്നും കോച്ചുമായി അകൽച്ചയില്ലെന്നും താരങ്ങൾ വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.