ന്യൂദൽഹി: കടൽക്കൊല കേസിൽ പ്രതികളായ രണ്ട് ഇറ്റാലിയൻ നാവിക൪ ഇന്ത്യയിൽ മടങ്ങിയെത്തി. ന്യൂദൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വൈകീട്ട് 5.30ഓടെ പ്രത്യേക സൈനിക വിമാനത്തിൽ നാവികരായ ലെസ്തോറെ മാ൪സി മിലാനോ, സാൽവതോറെ ഗിറോൺ എന്നിവ൪ എത്തിയത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി ഇവരെ ഇറ്റാലിയൻ എംബസിയിലേക്ക് കൊണ്ടുപോയി. ഇറ്റാലിയൻ വിദേശകാര്യ സഹമന്ത്രി സെഫാൻ ദെ മിസ്തൂറയും നാവിക൪ക്കൊപ്പം എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇറ്റാലിയൻ അംബാസഡ൪ ഡാനിയേല മൻസീനി വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു.
അതേസമയം, നാവികരെ ഇന്ത്യയിലേക്ക് മടക്കി അയക്കാനുള്ള ഇറ്റലിയുടെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഇറ്റലിയുടെ തീരുമാനത്തെ തങ്ങളുടെ നയതന്ത്ര വിജയമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ഷിദ് വിശേഷിപ്പിച്ചത്. എന്നാൽ, രാജ്യം നടത്തിയ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയും കേന്ദ്ര സ൪ക്കാറും ഒരേ സമയം നടത്തിയ ശ്രമത്തിന്റെഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ആ൪.പി.എൻ സിങ് പ്രതികരിച്ചു. ഇറ്റലിയുടെ തീരുമാനത്തെ ബി.ജെ.പിയും സ്വാഗതം ചെയ്തു.
ഇറ്റാലിയൻ നാവികരുടെ വിചാരണ ദൽഹിയിൽ പ്രത്യേക അതിവേഗ കോടതിയിലായിരിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഇറ്റലിക്ക് ഇന്ത്യ ഉറപ്പുനൽകിയതായി റിപ്പോ൪ട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നാവികരുടെ ശിക്ഷ ഇറ്റലിയിലായിരിക്കുമെന്ന റിപ്പോ൪ട്ടുകളുമുണ്ട്.
തെരഞ്ഞെടുപ്പിൽ വോട്ട്‌ചെയ്യാൻ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങി പോയ നാവികരെ ഇന്ത്യയിലേക്ക് മടക്കി അയക്കില്ലെന്ന നിലപാട് തിരുത്തി വ്യാഴാഴ്ചയാണ് ഇറ്റാലിയൻ വിദേശമന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചത്. നാവിക൪ക്ക് ലഭിക്കുന്ന പരിഗണന സംബന്ധിച്ചും ഇരുവരുടെയും മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നതു സംബന്ധിച്ചും വ്യക്തമായ ഉറപ്പ് ഇന്ത്യയിൽനിന്ന് ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നും ഇറ്റാലിയൻ വിദേശമന്ത്രാലയം മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 22ന് രാജ്യം വിട്ട ഇവ൪ നാലാഴ്ചക്കകം തിരിച്ചെത്തണമെന്നായിരുന്നു കോടതി നി൪ദേശം. നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. നാവിക൪ തിരിച്ചെത്തുമെന്ന് കോടതിക്ക് ഉറപ്പുകൊടുത്ത ഇന്ത്യയിലെ ഇറ്റാലിയൻ അംബാസഡ൪ രാജ്യം വിടരുതെന്ന് സുപ്രീംകോടതി ഉത്തരവിറക്കുകയുമുണ്ടായി.
കൊല്ലം തീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലാണ് ഇന്ത്യൻ സമുദ്രാതി൪ത്തിയിലൂടെ കടന്നുപോവുകയായിരുന്ന എൻറിക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽ ഡ്യൂട്ടിയിലായിരുന്ന ലെസ്തോറെ മാ൪സി മിലാനോ, സാൽവതോറെ ഗിറോൺ എന്നീ നാവിക൪ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.