നിർമാണം പൂർത്തിയായ കല്ലറ പൊലീസ് സ്റ്റേഷൻ
കല്ലറ പൊലീസ് സ്റ്റേഷൻ നിർമാണം പൂർത്തിയായി
കല്ലറ: ഒരു ഗ്രാമത്തിന്റെ നീണ്ട നാളത്തെ കാത്തിരിപ്പാണ് കല്ലറ ഗ്രാമ പഞ്ചായത്തിലെ പൊലീസ് സ്റ്റേഷൻ നിർമാണം പൂർത്തിയായതോടെ സഫലമായത്. കുറവിലങ്ങാട് - ചേർത്തല മിനി ഹൈവേക്ക് അരികിൽ ചന്തപ്പറമ്പിൽ 3750 ചതുരശ്ര അടിയിൽ മൂന്നുനിലകളിലാണ് പുതിയ പൊലീസ് സ്റ്റേഷൻ. 30 സെന്റ് സ്ഥലവും 2250 ചതുരശ്ര അടിയുള്ള രണ്ടുനില കെട്ടിടവും കല്ലറ ഗ്രാമ പഞ്ചായത്ത് ആഭ്യന്തരവകുപ്പിന് വിട്ടുനൽകിയിരുന്നു.
രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് കല്ലറയിൽ പുതിയ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. കല്ലറ ഗ്രാമ പഞ്ചായത്തിന്റെ 2019-’20 പ്ലാൻഫണ്ടിൽ നിന്നുള്ള 33.66 ലക്ഷം വിനിയോഗിച്ചാണ് രണ്ടുനിലകെട്ടിടം നിർമിച്ചത്.
ഒരു നിലയും പോർച്ച് അടക്കം സൗകര്യങ്ങളുമായി 1500 അടി കൂട്ടിച്ചേർത്ത് വിപുലമായ സൗകര്യങ്ങൾ കൂടി പിന്നീട് പൂർത്തികരിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ, സബ് ഇൻസ്പെക്ടർ എന്നിവരുടെ മുറികൾ, ഓഫിസ് മുറികൾ, വിശ്രമ മുറി, ലോക്കപ്പ്, തൊണ്ടി മുതൽ സൂക്ഷിക്കുന്നതിനുളള മുറി, ശുചിമുറികൾ എന്നിവയടക്കമുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി. കെട്ടിടം വിപുലീകരിക്കുന്നതിനും സ്റ്റേഷനിലെ സൗകര്യങ്ങൾ ഒരുക്കുന്നതിനും സി.കെ. ആശ എം.എൽ.എയുടെ പ്രാദേശികവികസന ഫണ്ടിൽ നിന്ന് 36.50 ലക്ഷം രൂപയാണ് അനുവദിച്ചത്. വൈക്കം, കടുത്തുരുത്തി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ സ്റ്റേഷൻ നിലവിൽ വരുന്നത്. പേര് കല്ലറ പൊലീസ് സ്റ്റേഷൻ എന്നാക്കുന്നതിനും അതിർത്തി നിർണയത്തിനുമായി ഗസറ്റ് വിജ്ഞാപന നടപടികളും പൂർത്തിയാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.