കൽപറ്റ: അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടുന്നതിന് മാനന്തവാടി ആ൪.ഡി.ഒക്ക് അപേക്ഷ നൽകിയതിനെ തുട൪ന്ന് അനുകൂല വിധി ലഭിച്ച 1600ലേറെ ആദിവാസികൾ വ൪ഷങ്ങളായി ഭൂമിക്കുവേണ്ടി കാത്തിരിക്കുന്നു. 1987ലാണ് ആ൪.ഡി.ഒ ആദിവാസികൾക്ക് ഭൂമി തിരിച്ചുനൽകാൻ ഉത്തരവിട്ടത്. ആദിവാസി ഭൂമി പ്രശ്നത്തിൽ പുതിയ നിയമം വിലങ്ങുതടിയായെങ്കിലും ഡോ. നല്ല തമ്പി ഹൈകോടതിയിലും സുപ്രീംകോടതിയിലും റിട്ട് ഹരജി നൽകി ആദിവാസികൾക്ക് അനുകൂലമായി വിധി സമ്പാദിക്കുകയായിരുന്നു.
ഇതുപ്രകാരം ആദിവാസികൾക്ക് പകരം ഭൂമി നൽകാൻ സ൪ക്കാ൪ നി൪ബന്ധിതരായി.
ഭൂമിക്കുവേണ്ടി അപേക്ഷ നൽകി അനുകൂല വിധി ലഭിച്ച പലരും മരിച്ചു. അവരുടെ ആശ്രിതരാണ് ഇപ്പോൾ അവകാശികൾ.
ആദിവാസികൾക്ക് ഭൂമി ലഭിക്കുന്നതിൻെറ നടപടികൾ അനന്തമായി നീളുകയാണെന്നും വിവരാവകാശ പ്രകാരം നൽകിയ അപേക്ഷക്ക് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നും ആദിവാസി സംഘടനാ നേതാവ് നെടിയഞ്ചേരി വാസു പറഞ്ഞു.
സുപ്രീംകോടതി ഉത്തരവ് വന്നപ്പോൾ അപേക്ഷ സ്വീകരിച്ച ജില്ലാ കലക്ട൪ നടപടി തുടങ്ങിവെച്ചെങ്കിലും ഭൂരിഭാഗം ആദിവാസികൾക്കും ഭൂമി കിട്ടിയിട്ടില്ല.
സുൽത്താൻ ബത്തേരി താലൂക്കിൽ ഒരേക്ക൪ വീതം 67 പേ൪ക്ക് ഭൂമി നൽകി.
വൈത്തിരി, മാനന്തവാടി താലൂക്കിൽ 90 പേ൪ക്ക് 50 സെൻറ് വീതം നൽകാനും നടപടി സ്വീകരിച്ചു. മറ്റുള്ളവ൪ ഇന്നും കാത്തിരിപ്പ് തുടരുകയാണ്. ബന്ധപ്പെട്ട ഫയലുകൾ പോലും മുങ്ങിയ സ്ഥിതിയാണിപ്പോഴെന്ന് വാസു പറഞ്ഞു.
ഡോ. നല്ല തമ്പി മരിതോടെ അദ്ദേഹം ഭൂമി പ്രശ്നത്തിൽ നൽകിയ കേസുകളും അനിശ്ചിതത്വത്തിലായി. എങ്കിലും സുപ്രീംകോടതി ഉത്തരവ് പ്രകാരം ആദിവാസികൾക്ക് ഭൂമി നൽകാനുള്ള ബാധ്യത സ൪ക്കാറിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.