പൂന്തുറ: മത്സ്യലഭ്യതയുടെ കുറവും മണ്ണെണ്ണ ക്ഷാമവും ജില്ലയിലെ തീരമേഖലയെ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിൽ പൊഴിയൂ൪ മുതൽ വ൪ക്കല വരെയുള്ള തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയുടെയും ദുരിതങ്ങളുടെയും പിടിയിലമ൪ന്നിട്ടുള്ളത്.
പക൪ച്ചവ്യാധികളും കുടിവെള്ളക്ഷാമവും ഇതിന് പുറമെ ജീവിതം ദുസ്സഹമാക്കുകയാണ്.കടംവാങ്ങി കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ വെറും കൈയോടെയാണ് മടങ്ങിയെത്തുന്നത്.
കഴിഞ്ഞമാസം അപ്രതീക്ഷിതമായി വേളി ഭാഗത്ത് കുറെ വേളാപ്പാരപെട്ടതൊഴിച്ചാൽ മാസങ്ങളായി ഇവരുടെ വലകളിൽ മത്സ്യം കയറിയിട്ട്. വലകളിൽ മത്സ്യത്തിന് പകരം മാലിന്യങ്ങൾ കുടുങ്ങുന്നതും ഇവരെ പ്രയാസപ്പെടുത്തുകയാണ്. ട്രോളിങ് നിരോധത്തിന് ശേഷം ചാകര പ്രതീക്ഷിച്ച തീരം ഇന്ന് വറുതിയുടെ പിടിയിലാണ്. കഴിഞ്ഞ മത്സ്യബന്ധന സീസൺവരെ വിഴിഞ്ഞത്ത് സുലഭമായിരുന്ന നെയ്മീൻ, ആവോലി, നെത്തോലി, ചൂര, കണവ, ക്ളാത്തി, പാര തുടങ്ങിയവ ഇക്കുറി തീരത്തേക്ക് പേരിനുപോലും കിട്ടാനില്ലത്രെ. വിഴിഞ്ഞം ഭാഗത്ത് ഏത് സമയത്തും ലഭ്യമായിരുന്ന മത്തിപോലും ഇപ്പോൾ കിട്ടാനില്ല. കീടനാശിനികൾ കല൪ന്ന മാലിന്യം കടലിലേക്കൊഴുകുന്നത് മൂലം മത്സ്യങ്ങൾ കൂട്ടത്തോടെ തീരക്കടൽവിട്ട് ആഴക്കടലിലേക്ക് പോകുന്നതാണ് മത്സ്യക്ഷമത്തിന് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യം കിട്ടാക്കനിയായതോടെ വിലയും കുത്തനെ ഉയ൪ന്നു. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യവരവ് തെക്കൻകേരളത്തിൽ നിലച്ചമട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.