കോണ്‍ഗ്രസ് കൊടുത്ത പണം കണക്കിലില്ല: ലീഗ് നിയമക്കുരുക്കില്‍

കോഴിക്കോട്: 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പണം നൽകിയ വിവരം മറച്ചുവെച്ച് മുസ്ലിംലീഗ് നിയമക്കുരുക്കിലായി. ലീഗിൻെറ 24 സ്ഥാനാ൪ഥികൾക്കായി എ.ഐ.സി.സി നൽകിയ രണ്ടു കോടി 40 ലക്ഷം രൂപയെ കുറിച്ച് തെരഞ്ഞെടുപ്പ് കമീഷന് മുസ്ലിം ലീഗ് നൽകിയ കണക്കിൽ മിണ്ടാട്ടമില്ല. കോൺഗ്രസിനു പുറമെ മറ്റെല്ലാ യു.ഡി.എഫ് സ്ഥാനാ൪ഥികൾക്കും 10 ലക്ഷം രൂപ വീതം എ.ഐ.സി.സി നൽകിയിരുന്നു. എ.ഐ.സി.സി ട്രഷറ൪ മോത്തിലാൽ വോറ തെരഞ്ഞെടുപ്പു കമീഷന് നൽകിയ കണക്കനുസരിച്ച് 140 മണ്ഡലങ്ങളിലേക്ക് 14 കോടി രൂപ കൊടുത്തു. കോൺഗ്രസിൻെറയും കേരള കോൺഗ്രസിൻെറയും എം.എൽ.എമാ൪ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനു സമ൪പ്പിച്ച കണക്കുകളിൽ എ.ഐ.സി.സിയിൽനിന്ന് ലഭിച്ച 10 ലക്ഷം രൂപ വരവു വെച്ചിട്ടുണ്ട്. എന്നാൽ, ലീഗ് എം.എൽ.എമാരുടെ കണക്കിൽ മുസ്ലിംലീഗ് നൽകിയ പണമേ ഉള്ളൂ.
കോൺഗ്രസ്, കേരള കോൺഗ്രസ്, ലീഗ് എം.എൽ.എമാരുടെ കണക്ക് പരിശോധിക്കുമ്പോൾ പൊരുത്തക്കേട് വ്യക്തമാകും. ലീഗ് ഒഴികെ പാ൪ട്ടികളുടെ എം.എൽ.എമാ൪ നൽകിയ കണക്കനുസരിച്ച് അവരുടെ തെരഞ്ഞെടുപ്പ് ചെലവ് പൂ൪ണമായും വഹിച്ചത് കോൺഗ്രസാണ്.
ഉദാഹരണത്തിന് പാലാ മണ്ഡലത്തിൽ ജയിച്ച കെ.എം. മാണി ആകെ ചെലവഴിച്ചത് 9,34,884 രൂപ! യോഗങ്ങൾക്കും പ്രകടനങ്ങൾക്കും മറ്റും 56027 രൂപ. പോസ്റ്റ൪, മൈക്ക് തുടങ്ങിയവക്ക് 2,13,410 രൂപ. പത്രപരസ്യങ്ങൾക്ക് 12,100. വാഹനച്ചെലവ് 2,82,047. ഗേറ്റുകൾ, കട്ടൗട്ടുകൾ, ബാനറുകൾ തുടങ്ങിയവക്ക് 1,42,529. നേതാക്കന്മാരുടെ മണ്ഡല സന്ദ൪ശനത്തിന് 49,000. മറ്റ് പ്രചാരണ ചെലവുകൾക്ക് 59,500. പലവക ചെലവ് 1,20,271. ആകെ ചെലവ് പത്തുലക്ഷത്തിൽ താഴെ. വരവിനത്തിൽ കോൺഗ്രസിൽനിന്നു 10 ലക്ഷം രൂപ കിട്ടിയതായി തെരഞ്ഞെടുപ്പ് കമീഷനു നൽകിയ കണക്കിൽ പറയുന്നു. എന്നുവെച്ചാൽ സ്വന്തം പാ൪ട്ടിക്ക് ഒരു പൈസ ബാധ്യത വരുത്താതെ കോൺഗ്രസിൻെറ ചെലവിൽ മാണി തെരഞ്ഞെടുപ്പ് നേരിട്ടു എന്നു സാരം. തെരഞ്ഞെടുപ്പിനു വേണ്ടി കേരള കോൺഗ്രസ് പിരിച്ചെടുത്ത ലക്ഷങ്ങൾ എവിടെ പോയി എന്ന ചോദ്യം ഉയരുക സ്വാഭാവികം.
പി.ജെ. ജോസഫിൻെറ തെരഞ്ഞെടുപ്പ് ചെലവ് 12,11,668 രൂപയാണ്. അതിൽ പത്തുലക്ഷവും വഹിച്ചത് കോൺഗ്രസാണെന്ന് ജോസഫ് സമ൪പ്പിച്ച കണക്കുകളിൽ പറയുന്നു. കേരള കോൺഗ്രസിൻെറ ഒമ്പത് എം.എൽ.എമാരും ഇതേപോലെ  10 ലക്ഷം രൂപ വീതം എ.ഐ.സി.സിയിൽനിന്ന് ലഭിച്ചതായി വരവു ചെലവു കണക്കിൽ ‘സത്യസന്ധമായി’ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ലീഗിൻെറ ഒരു എം.എൽ.എയും കോൺഗ്രസിൻെറ ഒരു കൈ സഹായം കണക്കിൽ കാണിച്ചിട്ടില്ല. പാ൪ട്ടി ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയിൽ ആകെ ചെലവഴിച്ചത് 13,99,784 രൂപ. അതിൽ 12,50,000 രൂപ തന്നത് മുസ്ലിം ലീഗ് കമ്മിറ്റിയാണെന്നാണ് കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കണക്കിൽ പറയുന്നത്. യു.ഡി.എഫ് കമ്മിറ്റി, കെ.എം.സി.സി, എസ്.ടി.യു തുടങ്ങിയവരാണ് ബാക്കി തുക കൊടുത്തത്. കണക്കിലെവിടെയും കോൺഗ്രസ് നൽകിയ പത്തു ലക്ഷമില്ല.
ഇതേസമയം, ആ൪.എസ്.പി-ബിയുടെ ഏക എം.എൽ.എയും മന്ത്രിയുമായ ഷിബു ബേബി ജോണിൻെറ കണക്കിൽ കോൺഗ്രസ് കൊടുത്ത 10 ലക്ഷമുണ്ട്. ആകെ ചെലവ് 11,65,484 രൂപയേ ഉള്ളൂ.
കേരള കോൺഗ്രസ്-ബിയുടെ ഏക എം.എൽ.എയും മന്ത്രിയുമായ കെ.ബി. ഗണേഷ്കുമാ൪ ആകെ ചെലവഴിച്ചത് 10,10,217 രൂപ. ഗണേഷ്കുമാറിൻെറ കണക്കുപ്രകാരം കോൺഗ്രസ് എട്ട് ലക്ഷമേ കൊടുത്തിട്ടുള്ളൂ. മറ്റെല്ലാ യു.ഡി.എഫ് സ്ഥാനാ൪ഥികൾക്കും 10 ലക്ഷം വീതം കൊടുത്ത കോൺഗ്രസ് ഗണേഷിന് മാത്രം രണ്ട് ലക്ഷം രൂപ കുറച്ചത് യു.ഡി.എഫ് അന്വേഷിക്കട്ടെ.
ഇതാദ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ 140 യു.ഡി.എഫ് സ്ഥാനാ൪ഥികൾക്കും എ.ഐ.സി.സി പണം നൽകുന്നത്. മുമ്പൊക്കെ തെരഞ്ഞെടുത്ത ഏതാനും മണ്ഡലങ്ങളിലേ ഘടകകക്ഷികൾക്ക് പണം കൊടുത്തിരുന്നുള്ളൂ. കോൺഗ്രസ് സ്ഥാനാ൪ഥികൾക്ക് എ.ഐ.സി.സി കൊടുത്ത 10 ലക്ഷത്തിനു പുറമെ കെ.പി.സി.സിയുടെ വിഹിതവും നൽകിയിരുന്നു. കോൺഗ്രസിൻെറ കണക്കിൽ വകയിരുത്തിയ പണം ലീഗിൻെറ കണക്കിൽ വരാതിരുന്നത് നിയമ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.