വിചാരണയില്ലാതെ ജയിലിലടച്ച മുസ്ലിംകളെ വിട്ടയക്കണം -മുസ്ലിംലീഗ്

ചെന്നൈ: പി.ഡി.പി ചെയ൪മാൻ അബ്ദുന്നാസി൪ മഅ്ദനി ഉൾപ്പെടെ രാജ്യത്ത് വിചാരണ കൂടാതെ ജയിലിലടച്ച മുഴുവൻ മുസ്ലിംകളെയും വിട്ടയക്കണമെന്ന് ചെന്നൈയിൽ ചേ൪ന്ന മുസ്ലിംലീഗ് ദേശീയ നി൪വാഹകസമിതി യോഗം ആവശ്യപ്പെട്ടു. മഹാരാഷ്ട്രപോലുള്ള സംസ്ഥാനങ്ങളിൽ നിരവധി മുസ്ലിം യുവാക്കളെ വിചാരണ കൂടാതെ ജയിലിലടച്ചിരിക്കുകയാണെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച പാ൪ട്ടി ദേശീയ അധ്യക്ഷൻ ഇ. അഹമ്മദ് ചൂണ്ടിക്കാട്ടി.
മഅ്ദനിയുടെ പ്രശ്നം രാഷ്ട്രീയമായല്ല, മനുഷ്യത്വപരമായാണ് ലീഗ് കാണുന്നതെന്ന് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീ൪, ട്രഷറ൪ പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവ൪ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സ൪ക്കാ൪ ജോലികളിൽ മുസ്ലിംകൾക്ക് 10 ശതമാനം സംവരണം ഏ൪പ്പെടുത്താൻ ശിപാ൪ശ ചെയ്ത രംഗനാഥ മിശ്ര കമീഷൻ റിപ്പോ൪ട്ട് നടപ്പാക്കണമെന്നും  ആവശ്യപ്പെട്ടു. ജനസംഖ്യയുടെ 18 ശതമാനംവരുന്ന മുസ്ലിംകൾക്ക് കേന്ദ്രസ൪ക്കാ൪ ജോലികളിൽ ഇപ്പോൾ മൂന്ന് ശതമാനം മാത്രമാണ് പ്രാതിനിധ്യം. റെയിൽവേയിൽ മുസ്ലിം പ്രാതിനിധ്യം 4.4 ശതമാനമാണ്. കേരളം, തമിഴ്നാട്, ക൪ണാടക എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളും കേന്ദ്രസ൪ക്കാറും മുസ്ലിംകൾക്ക് ജോലിസംവരണം ഏ൪പ്പെടുത്തിയിട്ടില്ല. കേന്ദ്രസ൪ക്കാ൪ 4.5 ശതമാനം സംവരണം നൽകാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും നടപ്പാക്കിയിട്ടില്ല.
ലീഗിൻെറ പ്രവ൪ത്തനം ദേശീയതലത്തിൽ ശക്തമാക്കാൻ നാല് ഉപസമിതികൾക്ക് രൂപം നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും തമിഴ്നാട്ടിലും നിലവിലെ സഖ്യം തുടരും. ഉപസമിതികളുടെ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയസഖ്യത്തിന് രൂപം നൽകാനും നി൪വാഹകസമിതി തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.