ന്യൂദൽഹി: ബസിൽ കൂട്ടമാനഭംഗത്തിന് ഇരയായ മെഡിക്കൽ വിദ്യാ൪ഥിനിയുടെ മരണത്തിൽ രാജ്യം ദു:ഖിക്കുന്നു. പെൺകുട്ടിയുടെ മരണത്തിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചിച്ചു. ഈ മരണം വെറുതെയാകില്ലെന്ന് ഉറപ്പുവരുത്താനുള്ള വലിയ ഉത്തരവാദിത്തം നമുക്ക് എല്ലാവ൪ക്കുമുണ്ടെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ് അനുശോചന കുറിപ്പിൽ പറഞ്ഞു. ഇന്ത്യയെ സുരക്ഷിത ഇടമാക്കാൻ നയവ്യത്യാസങ്ങളും നിക്ഷിപ്ത താൽപര്യങ്ങളും ഒഴിവാക്കി എല്ലാവരും ഒത്തൊരുമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുവതിയുടെ മരണത്തിൽ കുടുംബാംഗങ്ങൾക്കും ഇന്ത്യൻ ജനതക്കുമുണ്ടായ ദു:ഖത്തിൽ താനും പങ്കുചേരുന്നു. ഈ നിര്യാണത്തിലുണ്ടായ വികാര വിചാരങ്ങൾ ക്രിയാത്മകമായ നടപടികൾക്ക് വഴിവെച്ചാൽ അതാകും ഏറ്റവും വലിയ ആദരവ്. ഇത്തരം കുറ്റകൃത്യങ്ങളിലെ ശിക്ഷാ നിയമം പരിഷ്‌ക്കരിക്കാനും സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താനും എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് സ൪ക്കാ൪ പരിശോധിക്കുമെന്നും മൻമോഹൻ സിങ് പറഞ്ഞു.
സ്വന്തം ജീവന് വേണ്ടിയും അഭിമാനത്തിന് വേണ്ടിയും അവസാന നിമിഷം വരെ പോരാടിയ യഥാ൪ഥ ഹീറോയാണ് പെൺകുട്ടിയെന്ന് രാഷ്ട്രപതി പ്രണബ് മുഖ൪ജി പറഞ്ഞു. ഇന്ത്യൻ യുവത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും മികച്ച മാതൃകയാണവൾ. മനക്കരുത്തോടെയും മര്യാദയോടെയും ഈ സംഭവം നേരിട്ട പെൺകുട്ടിയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു. ഈ നഷ്ടം സഹിക്കാനുളള ശക്തി അവ൪ക്കുണ്ടാവട്ടെ. ഇന്ത്യയുടെ ധീരയായ മകളുടെ വിയോഗത്തിൽ രാജ്യം വിലപിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു. പെൺകുട്ടിയുടെ മരണം വെറുതെയാവില്ലെന്നും ഇത്തരം സംഭവങ്ങൾ ആവ൪ത്തിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അതേസമയം യുവതിയുടെ മരണത്തിൽ ആഭ്യന്തരമന്ത്രി സുശീൽ കുമാ൪ ഷിൻഡെയും അനുശോചനം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ആവ൪ത്തിക്കാതിരിക്കാൻ നിയമങ്ങൾ കൂടുതൽ ദൃഢമാക്കുമെന്ന് ഉറപ്പുനൽകുന്നതായി ഷിൻഡെ അറിയിച്ചു. നൽകാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ കുറ്റവാളികൾക്ക് നൽകിയായിരിക്കും രാജ്യം യുവതിയോടുള്ള ആദരവ് പ്രകടിപ്പിക്കുകയെന്ന് മരണമടഞ്ഞ യുവതിയുടെ കുടുംബാംഗങ്ങൾക്ക് അയച്ച അനുശോചന സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
പ്രതികൾക്കെതിരെ കനത്ത ശിക്ഷ ഉടൻ ഉണ്ടാകുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉറപ്പു നൽകി. മരണത്തോട് ധീരമായി പോരാടിയ യുവതിയുടെ ധീരത വെറുതേയാകില്ലെന്നും അവ൪ കൂട്ടിചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.