പ്രതീകാത്മക ചിത്രം

രാവിലെയും രാത്രിയും കൊടുംതണുപ്പ്, പകൽ മുടിഞ്ഞ ചൂട്​; എന്നാ കാലാവസ്ഥയാ പൊന്നോ...

കോട്ടയം: രാവിലെയും രാത്രിയും കൊടും തണുപ്പ്. പകലാണെങ്കിൽ ചുട്ടുപൊള്ളുന്ന വെയിലും. അത്യപൂർവ കാലാവസ്ഥയാണ് കുറച്ചുദിവസമായി കോട്ടയത്ത്. പകൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ചൂടാണ് പലപ്പോഴും ജില്ലയിൽ രേഖപ്പെടുത്തുന്നത്. തുടർച്ചയായി കുറച്ചുദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന ചൂടും കോട്ടയത്താണ് രേഖപ്പെടുത്തിയത്. 34.5 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞദിവസം വടവാതൂരിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഉച്ചക്ക് രേഖപ്പെടുത്തിയത്. സമീപ പ്രദേശങ്ങളിലും ചൂടിന്‍റെ അവസ്ഥ വ്യത്യസ്തമല്ല. രാവിലെയാണെങ്കിൽ കോച്ചുന്ന തണുപ്പാണ്. 

ഒമ്പതോടെ മഞ്ഞിന്‍റെ സാന്നിധ്യം പ്രകടമാണ്. പുലർച്ചെയും സ്ഥിതി വ്യത്യസ്തമല്ല. രാവിലെ എട്ടു വരെ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. 22, 20 ഡിഗ്രി സെൽഷ്യസിലേക്ക് പുലർച്ചെ താഴുന്ന താപനില സൂര്യനുദിച്ച് കഴിയുമ്പോൾ വർധിക്കുകയാണ്. മണിക്കൂറുകൾക്കുള്ളിൽ 35 ഡിഗ്രി സെൽഷ്യസിനും അതിന് മുകളിലേക്കും ചൂട് വർധിക്കുകയാണ്. കാലാവസ്ഥയിലുണ്ടാകുന്ന ഈ അത്യപൂർവ പ്രതിഭാസം മൂലം രോഗങ്ങൾ പടരുന്നതും വ്യാപകമാകുകയാണ്. പനി ബാധിതരുടെ എണ്ണത്തിലും അടുത്ത ദിവസങ്ങളിൽ വലിയ വർധനയുണ്ടായി.

ചൂടും തണുപ്പും മാറിയുള്ള ഈ കാലാവസ്ഥ ജനത്തെ വലക്കുകയാണ്. മലയോര മേഖലകളിൽ തണുപ്പ് കൂടുതലാണ്. ഡിസംബർ പകുതിയോടെയാണ് താപനിലയിൽ പ്രകടമായ വ്യതിയാനം കണ്ടുതുടങ്ങിയത്. താപനിലയിലെ കയറ്റിറക്കങ്ങൾക്ക് പ്രകൃതി പ്രതിഭാസങ്ങളൊന്നും കാരണമാകുന്നില്ലെന്നും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളായിരിക്കാം കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പശ്ചിമഘട്ട മലനിരകളോടു ചേർന്ന പ്രദേശമായതിനാൽ ചൂടുവായു തങ്ങിനിൽക്കുന്നതാണ് താപനിലക്ക് കാരണമത്രെ.

മുമ്പെങ്ങും ഇങ്ങനെയുണ്ടായിരുന്നില്ലെന്ന് പഴമക്കാർ ഉൾപ്പെടെ പറയുന്നു. താപനിലയിൽ 15 ഡിഗ്രി സെൽഷ്യസിന് മുകളിൽ വ്യത്യാസം വരുന്നത് എന്തുകൊണ്ടാണെന്നത് കാലാവസ്ഥാ വിദഗ്ധരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ജനുവരിയിലും ഇതേ കാലാവസ്ഥയായിരിക്കുമെന്നാണ് പൊതു വിലയിരുത്തൽ. ഈ കാലാവസ്ഥാ വ്യതിയാനം ജില്ലയെ പനിപ്പിച്ച് കിടത്തുമോയെന്ന ആശങ്കയും ശക്തമാണ്. അത് മുന്നിൽ കണ്ട് പകർച്ച വ്യാധികൾ ഉൾപ്പെടെ തടയാൻ ആരോഗ്യവകുപ്പ് മുന്നൊരുക്കങ്ങൾ നടത്തിവരികയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.