തിരുവനന്തപുരം: 56ാമത് സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ഡിസംബ൪ നാല് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കും. അത്ലറ്റിക്സ് ഇനങ്ങൾ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലും ത്രോ ഇനങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിലുമാണ് അരങ്ങേറുക. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരക്ക് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മന്ത്രി പി.കെ. അബ്ദുറബ്ബ് കായികമേള ഉദ്ഘാടനം ചെയ്യും. ഏഴിന് സമാപനസമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മാനങ്ങൾ വിതരണംചെയ്യും.
95 ഇനങ്ങളിലായി 2700 ഓളം കായികപ്രതിഭകളാണ് മീറ്റിൽ പങ്കെടുക്കുന്നത്. 1355 ആൺകുട്ടികളും 1272 പെൺകുട്ടികളും. 700 ഓളം ഒഫിഷ്യലുകളുമുണ്ടാകും. 17 ഇടങ്ങളിലാണ് കുട്ടികൾക്ക് താമസസൗകര്യം ഒരുക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ട൪ എ. ഷാജഹാൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
കായികമേളയുടെ ദീപശിഖാപ്രയാണം ഞായറാഴ്ച വൈകുന്നേരം ആറിന് എറണാകുളം മഹാരാജാസ് കോളജിൽ നിന്നാരംഭിക്കും. മന്ത്രി കെ. ബാബു കൈമാറുന്ന ദീപശിഖ ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെ സഞ്ചരിച്ച് മൂന്നിന് രാവിലെ ഒമ്പതരക്ക് തലസ്ഥാന ജില്ലാ അതി൪ത്തിയായ കല്ലമ്പലത്തെത്തും. വ൪ക്കല കഹാ൪ എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിക്കും.
ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം നാലിന് പി.എം.ജി ജങ്ഷനിലെത്തും. കോമൺവെൽത്ത് താരം ഷ൪മി ഉലഹന്നാൻ ദീപശിഖ ഏറ്റുവാങ്ങി 4.15 ന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരും. മന്ത്രി അനൂപ് ജേക്കബ് ദീപശിഖ ഏറ്റുവാങ്ങി പൊതുവിദ്യാഭ്യാസ ഡയറക്ട൪ക്ക് കൈമാറും.
നാലിന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ദീപം തെളിയുന്നതോടെ നാല് ദിവസം നീളുന്ന കായികമേളക്ക് തുടക്കമാകും. ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് ഒന്നര മണിക്കൂ൪ ദൈ൪ഘ്യമുള്ള സ്കൂൾ കുട്ടികളുടെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ മിലിട്ടറിയുടെ മദ്രാസ്, ജമ്മുകശ്മീ൪ റെജിമെൻറുകൾ അവതരിപ്പിക്കുന്ന ബാൻഡ് വിത്ത് ഡിസ്പ്ളേയുമുണ്ടായിരിക്കും.
കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെയും ജില്ലകളുടെയും രജിസ്ട്രേഷൻ ഡിസംബ൪ മൂന്നിന് ഉച്ചക്ക് ഒരു മണിക്ക് ഓവ൪ബ്രിഡ്ജിന് സമീപത്തെ എസ്.എം.വി.എച്ച്.എസ്.എസിൽ ആരംഭിക്കും. 3500 പേ൪ക്കുള്ള ഭക്ഷണവും എസ്.എം.വി സ്കൂളിലെ ഭക്ഷണപന്തലിൽ വിതരണം ചെയ്യുമെന്നും സംഘാടക൪ അറിയിച്ചു. പഴയിടം മോഹനൻനമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കുന്നത്.
സിറ്റിപൊലീസിൻെറ സഹായത്തോടെ എൻ.പി.സി, എൻ.സി.സി, സ്കൗട്ട് തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് നിയമപാലനം നടത്തുക. ഐ.ടി@സ്കൂളിൻെറ സഹായത്തോടെ www.schoolsports.in എന്ന വെബ്സൈറ്റിലൂടെ വിവരങ്ങൾ ഉടനടി അറിയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കും ഒഫിഷ്യലുകൾക്കും അപകട ഇൻഷുറൻസ് പരിരക്ഷ ഏ൪പ്പെടുത്തിയിട്ടുണ്ട്. കായികതാരങ്ങൾക്കുള്ള ഉത്തേജകമരുന്ന് പരിശോധനക്കായി കേന്ദ്രസ൪ക്കാ൪ ഏജൻസിയായ നാഡയുടെ സേവനം ഈ ചാമ്പ്യൻഷിപ്പിലും ലഭ്യമാക്കും.
അടുത്തവ൪ഷം ജനുവരിയിൽ ഉത്ത൪പ്രദേശിലെ ഇറ്റാവയിൽ നടക്കുന്ന ദേശീയസ്കൂൾ കായികമേളയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമിനെ ഈ മേളയിൽ നിന്നാണ് തെരഞ്ഞെടുക്കുക. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡൻറ് റൂഫസ് ഡാനിയൽ, ഡെപ്യൂട്ടി ഡയറക്ട൪ ഡോ. ചാക്കോജോസഫ്, പബ്ളിസിറ്റി കമ്മിറ്റി കൺവീന൪ ഡി.ജെ. സാം ഉൾപ്പെടെയുള്ളവ൪ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.