മഡ്രിഡ്: സൂപ്പ൪ താരം ലയണൽ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ ബാഴ്സലോണ, രണ്ടാം ഡിവിഷൻ ക്ളബായ അലാവെസിനെ കീഴടക്കി സ്പാനിഷ് കിങ്സ് കപ്പ് ഫുട്ബാളിൻെറ പ്രീക്വാ൪ട്ടറിൽ പ്രവേശിച്ചു. ഡേവിഡ് വിയ്യ നേടിയ ഇരട്ട ഗോളുകളുടെ മികവിൽ അലാവെസിനെ രണ്ടാം പാദത്തിൽ പിന്നിട്ടുനിന്നശേഷം പൊരുതിക്കയറി 3-1ന് കീഴടക്കിയ ബാഴ്സ മൊത്തം 6-ൻെറ ജയവുമായാണ് അവസാന 16ൽ ഇടമുറപ്പിച്ചത്. ബാഴ്സക്കൊപ്പം അത്ലറ്റികോ മഡ്രിഡ്, സെവിയ്യ, ഗെറ്റാഫെ, ലെവൻെറ, വലൻസിയ ടീമുകളും പ്രീക്വാ൪ട്ടറിലെത്തിയിട്ടുണ്ട്.
അലാവെസിൻെറ സ്വന്തം തട്ടകത്തിലായിരുന്നു ബാഴ്സലോണയുടെ രണ്ടാം പാദ മത്സരം. ആദ്യപാദത്തിൽ 3-0ത്തിന് ലീഡ് നേടിയ ടീമിൽ മെസ്സിയെ പകരക്കാരുടെ നിരയിൽപോലും ഉൾപ്പെടുത്താതെയാണ് ടിറ്റോ വിലാനോവ റിസ൪വ് കളിക്കാ൪ക്ക് അവസരം നൽകിയത്. ഒരു കലണ്ട൪വ൪ഷം 85 ഗോളുകളെന്ന വിഖ്യാത ജ൪മൻ താരം ഗെ൪ഡ് മ്യൂളറുടെ റെക്കോഡിനൊപ്പമെത്താൻ മൂന്നു ഗോളുകൾകൂടി വേണ്ടിയിരുന്ന മെസ്സിയെ കോച്ച് കളത്തിലിറക്കില്ലെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. ഡിസംബറിൽ അഞ്ചു കടുത്ത മത്സരങ്ങൾ വരാനിരിക്കേ, ബാഴ്സ മുന്നേറുമെന്ന് ഉറപ്പുള്ള കിങ്സ് കപ്പ് മത്സരത്തിൽ മെസ്സിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു വിലാനോവ. എന്നാൽ, കരുത്തരായ എതിരാളികൾക്കെതിരെ 17ാം മിനിറ്റിൽ അലാവെസ് മുന്നിലെത്തി. അഡ്രിയാനോയിൽനിന്ന് പന്ത് തട്ടിയെടുത്ത മികി നൽകിയ ക്രോസിൽ ബോ൪യ വിഗ്വേറയായിരുന്നു സ്കോറ൪. തൻെറ പിഴവിന് 35ാം മിനിറ്റിൽ ടീമിൻെറ സമനിലഗോൾ നേടി അഡ്രിയാനോ പ്രായശ്ചിത്തം ചെയ്തു.
ഇടവേളക്കുശേഷം 56ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് വലകുലുക്കി വിയ്യ ബാഴ്സയെ മുന്നിലെത്തിച്ചു. രണ്ടു മിനിറ്റിനുശേഷം ക്രിസ്റ്റ്യൻ ടെല്ലോയുടെ പാസിൽനിന്നായിരുന്നു വിയ്യയുടെ രണ്ടാം ഗോൾ. ഇതോടെ വിയ്യയുടെ മൊത്തംഗോൾനേട്ടം 300ലെത്തി.
റിയൽ ജയേനിനെതിരെ ആദ്യപാദത്തിൽ 3-0ത്തിന് ജയിച്ച അത്ലറ്റികോ രണ്ടാം പാദത്തിൽ റൗൾ ഗാ൪സിയയുടെ ഗോളിൽ 1-0ത്തിനാണ് ജയം കുറിച്ചത്. എസ്പാൻയോളിനെ ആദ്യപാദത്തിൽ 1-3ന് തക൪ത്ത സെവിയ്യ രണ്ടാം പാദത്തിൽ 3-0ത്തിന് ജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.