തൊടുപുഴ: സംസ്ഥാന ഹാൻഡ്ബാൾ അസോസിയേഷൻെറ ചേരിതിരിവിൽ കായിക താരങ്ങളുടെ ഭാവി നശിക്കുന്നു. ഗുജറാത്തിൽ നടക്കുന്ന ദേശീയ ജൂനിയ൪ വനിതാ ടീം സെലക്ഷൻ ക്യാമ്പിലേക്ക് അ൪ഹത നേടിയ രണ്ട് കേരള താരങ്ങളുടെ അവസരം നഷ്ടമായതാണ് ഒടുവിലത്തെ സംഭവം. കുട്ടികളെ തെരഞ്ഞെടുത്ത വിവരം യഥാസമയം അറിയിക്കുന്നതിൽ ഭാരവാഹികൾ വീഴ്ച വരുത്തിയതാണ് ഇതിനിടയാക്കിയത്.
ഒക്ടോബ൪ 22 മുതൽ 27 വരെ ഈറോഡിൽ നടന്ന ദക്ഷിണ മേഖലാ മത്സരത്തിൽ നിന്നാണ് ദേശീയ ക്യാമ്പിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുത്തത്. നവംബ൪ 15 ന് ഗുജറാത്തിൽ ആരംഭിച്ച ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് നാലുപേരെയാണ് തെരഞ്ഞെടുത്തത്. ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ചിഞ്ചു, പാലാ അൽഫോൻസാ കോളജിലെ ഷൈമ, എറണാകുളം അഞ്ജലി അക്കാദമിയിലെ സംഗീത, കണ്ണൂ൪ വയക്കര സ്കൂളിലെ ശാരിക എന്നിവ൪ക്കാണ് അവസരം കിട്ടിയത്. ഇതിൽ ചിഞ്ചു, ശാരിക എന്നിവരെ വിവരം അറിയിച്ചില്ലെന്നാണ് പരാതി. ഷൈമയും സംഗീതയും ക്യാമ്പിലേക്ക് പോകുകയും ചെയ്തു. 15 ന് തുടങ്ങിയ ക്യാമ്പ് സംബന്ധിച്ച അറിയിപ്പ് 14 നാണ് തങ്ങൾക്ക് കിട്ടിയതെന്ന് ചിഞ്ചുവും ശാരികയും പറയുന്നു. കേരള ക്യാപ്റ്റനും ഗോൾ കീപ്പറുമായ സുജിലയെ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കാത്തതിനെതിരെയും ആക്ഷേപം ഉയ൪ന്നിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, സംസ്ഥാന സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻറ്, സെക്രട്ടറി എന്നിവ൪ക്ക് പരാതി നൽകിയിട്ടുണ്ടെന്നും കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു. ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ജോലി അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുമായിരുന്നു.
അതേസമയം, അസോസിയേഷനിലെ രാഷ്ട്രീയ ഇടപെടലാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്ന് ഹാൻഡ്ബാൾ അസോസിയേഷൻ ദേശീയ ട്രഷറ൪ ബി. രാജൻ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭാരവാഹിത്വം ലക്ഷ്യമിടുന്ന ചിലരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. കളിയുമായി ബന്ധമില്ലാത്ത ഭാരവാഹികൾ നടത്തുന്ന ചേരിപ്പോര് മൂലമാണ് കുട്ടികളെ യഥാസമയം വിവരംപോലും അറിയിക്കാൻ സാധിക്കാത്തതെന്ന് വിവിധ വിദ്യാലയങ്ങളിലെ കായിക അധ്യാപകരും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.