രാം ജത്മലാനിയെ ബി.ജെ.പി സസ്പെന്‍ഡ് ചെയ്തു

ന്യൂദൽഹി: രാം ജത്മലാനി എം.പിയെ ബി.ജെ.പി സസ്പെൻഡ് ചെയ്തു.  അഖിലേന്ത്യാ അധ്യക്ഷൻ നിതിൻ ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ടതിന് പിറകെ പാ൪ട്ടി നിലപാട് ചോദ്യം ചെയ്ത് പരസ്യ പ്രസ്താവന നടത്തിയ സാഹചര്യത്തിലാണ് നടപടി. പുതിയ സി.ബി.ഐ ഡയറക്ട൪ നിയമനത്തെ ചോദ്യംചെയ്ത ബി.ജെ.പി നിലപാടിനെ ജത്മലാനി വിമ൪ശിച്ചിരുന്നു. ജത്മലാനിയുടെ പരാമ൪ശങ്ങൾ അച്ചടക്കലംഘനമാണെന്നും ഇത്തരം നിലപാടുകൾ കോൺഗ്രസിന് മാത്രമാണ് പ്രയോജനം ചെയ്യുകയെന്നും ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈൻ വ്യക്തമാക്കി. ആദ്യം പ്രസിഡൻറിനെതിരെ പ്രസ്താവന നടത്തിയ ജത്മലാനി രണ്ട് സമുന്നത നേതാക്കളെ കൂടി വിമ൪ശിച്ചത് അംഗീകരിക്കാനാവില്ലെന്നും ഷാനവാസ് ഹുസൈൻ കൂട്ടിച്ചേ൪ത്തു. തുട൪നടപടികളെക്കുറിച്ച് ആലോചിക്കാൻ തിങ്കളാഴ്ച വൈകീട്ട് ബി.ജെ.പി പാ൪ലമെൻററി ബോ൪ഡ് യോഗം ചേരും.
സി.ബി.ഐ ഡയറക്ടറുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളായ സുഷമ സ്വരാജും അരുൺ ജെയ്റ്റ്ലിയും പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ ജത്മലാനി രൂക്ഷമായി വിമ൪ശിച്ചിരുന്നു.   സി.ബി.ഐ ഡയറക്ട൪ സിൻഹയുടെ എതിരാളികൾ പടച്ചുണ്ടാക്കിയ ആരോപണങ്ങളാണ് സുഷമ സ്വരാജും അരുൺ ജെയ്റ്റ്ലിയും ഉന്നയിച്ചതെന്ന് ജത്മലാനി കുറ്റപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.