ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും സുരക്ഷിത മേധാവിത്വം അവകാശപ്പെടാനാകാതെ ഇടതു-വലതു മുന്നണികള്‍. ബ്ളോക് പഞ്ചായത്തുകളില്‍ നില ഭദ്രമാക്കി എല്‍.ഡി.എഫ്. പതിവില്‍നിന്ന് വ്യത്യസ്തമായി ചില തദ്ദേശ സ്ഥാപനങ്ങളില്‍ സാന്നിധ്യമാകാന്‍ ബി.ജെ.പി. ഒഞ്ചിയം മേഖലയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്ത് ആര്‍.എം.പി. രാഷ്ട്രീയ അസ്തിത്വം സ്ഥാപിക്കാനൊരുങ്ങി വെല്‍ഫെയര്‍ പാര്‍ട്ടി. പോരാട്ടം അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ചിത്രത്തെ ഇങ്ങനെ ചുരുക്കാം.
ഏഴു സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ കോഴിക്കോട് കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തിയത്. തെരഞ്ഞെടുപ്പ് ദിനത്തോടടുക്കുന്തോറും ഇത്തവണ മത്സരത്തിന് വീറുംവാശിയുമേറുകയാണ്. 75 അംഗ കൗണ്‍സിലില്‍ ഭരണം ലഭിക്കാനാവശ്യമായ 38 അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ച് പറയാവുന്ന അവസ്ഥയിലല്ല ഇരുമുന്നണികളും. 25ഓളം വാര്‍ഡുകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ബി.ജെ.പിക്ക് ജയസാധ്യത കല്‍പിക്കപ്പെടുന്ന വാര്‍ഡുകളും ഇതിലുള്‍പ്പെടും. മൂന്നു പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്തതിന്‍െറ പിന്‍ബലത്തിലാണ് കഴിഞ്ഞതവണ എല്‍.ഡി.എഫിന് ഭരണം കിട്ടിയത്. ഈ മേഖലകളിലെ 20 സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. ഇത്തവണ ഇവിടെ സീറ്റ് വര്‍ധിപ്പിക്കാനുള്ള യു.ഡി.എഫിന്‍െറ നീക്കം ഫലംകണ്ടാല്‍ എല്‍.ഡി.എഫിന്‍െറ ഭരണപ്രതീക്ഷകളെതന്നെ തകിടംമറിക്കുന്നതാകുമത്.
ഏഴു മുനിസിപ്പാലിറ്റികളില്‍ വടകരയില്‍ എല്‍.ഡി.എഫിനും പയ്യോളിയിലും ഫറോക്കിലും യു.ഡി.എഫിനും നേരിയ മുന്‍തൂക്കമുണ്ട്. രാഷ്ട്രീയമായി തങ്ങള്‍ക്ക് മേധാവിത്വമുള്ള കൊയിലാണ്ടിയില്‍ എല്‍.ഡി.എഫും കൊടുവള്ളിയിലും രാമനാട്ടുകരയിലും യു.ഡി.എഫും കനത്ത വെല്ലുവിളി നേരിടുകയാണ്. സി.പി.എമ്മിലെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാവുന്ന അടിയൊഴുക്കുകളാണ് കൊയിലാണ്ടിയില്‍ എല്‍.ഡി.എഫിന് ഭീഷണിയായുള്ളതെങ്കില്‍ രാമനാട്ടുകരയില്‍ വിമതപ്രശ്നമാണ് യു.ഡി.എഫ് അഭിമുഖീകരിക്കുന്നത്. കൊടുവള്ളിയിലാകട്ടെ അഴിമതിയെ പ്രചാരണത്തിന്‍െറ കേന്ദ്രബിന്ദുവാക്കുന്നതില്‍ എല്‍.ഡി.എഫും നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സും നേതൃത്വംകൊടുക്കുന്ന അഴിമതി വിരുദ്ധ ജനപക്ഷ മുന്നണി വിജയിച്ചിട്ടുണ്ട്. ഇരുമുന്നണികളും തുല്യശക്തിയായ മുക്കത്ത് അതേനില പ്രചാരണത്തിലും പ്രകടമാണ്.
ഫോട്ടോഫിനിഷിലാണ് ജില്ലാ പഞ്ചായത്ത് ഭരണം കഴിഞ്ഞതവണ എല്‍.ഡി.എഫ് നിലനിര്‍ത്തിയത്. ഇത്തവണയും സ്ഥിതി ഭിന്നമല്ല. ആകെയുള്ള 27 മണ്ഡലങ്ങളില്‍ 12 ഇടത്ത് എല്‍.ഡി.എഫും 11 ഇടത്ത് യു.ഡി.എഫും മുന്നിലാണ്. അവശേഷിക്കുന്ന നാലു സീറ്റുകളില്‍ മുന്‍തൂക്കം പ്രവചിക്കാന്‍പോലും സാധിക്കാത്തവിധം ശക്തമായ പോരാട്ടമാണ്. ബ്ളോക് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് കഴിഞ്ഞതവണത്തെ വിജയം ആവര്‍ത്തിക്കാനാണിട.
70 ഗ്രാമപഞ്ചായത്തുകളില്‍ 25 എണ്ണത്തില്‍ എല്‍.ഡി.എഫ് കൃത്യമായ മേധാവിത്വം പുലര്‍ത്തുമ്പോള്‍ 21 പഞ്ചായത്തുകളില്‍ യു.ഡി.എഫും മുന്നിലാണ്. ചരിത്രത്തിലാദ്യമായി യു.ഡി.എഫ് പിടിച്ചെടുത്ത അത്തോളി, മാവൂര്‍, ചെറുവണ്ണൂര്‍ ഉള്‍പ്പെടെയുള്ള അവശേഷിക്കുന്ന 24 പഞ്ചായത്തുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 50ല്‍ താഴെ വോട്ടുകള്‍ വാര്‍ഡുകളിലെ വിധിനിര്‍ണയിക്കുകയും ഒന്നോ രണ്ടോ വാര്‍ഡുകളിലെ ഫലം ഭരണത്തെ നിര്‍ണയിക്കുകയും ചെയ്യുന്നത്രയും കടുത്ത മത്സരമാണ് ഈ പഞ്ചായത്തുകളില്‍.
സി.പി.എമ്മിന്‍െറ കുത്തക തകര്‍ത്ത് ആര്‍.എം.പി പിടിച്ചെടുത്ത ഒഞ്ചിയം പഞ്ചായത്താണ് തെരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. യു.ഡി.എഫ് പിന്തുണയെച്ചൊല്ലിയുള്ള വിവാദമുയര്‍ന്ന ഒഞ്ചിയത്ത് ഇത്തവണയും കനത്ത പോരാട്ടമാണ്. ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളിലും ആര്‍.എം.പി സാന്നിധ്യം ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതാകും. മുക്കം, കൊടുവള്ളി മുനിസിപ്പാലിറ്റികളിലും കൊടിയത്തൂര്‍, ചങ്ങരോത്ത്, വാണിമേല്‍, വേളം, കുറ്റ്യാടി, മരുതോങ്കര, കൂത്താളി, കുന്ദമംഗലം പഞ്ചായത്തുകളിലുമായി 15ഓളം സീറ്റുകളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതീക്ഷ പുലര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.