‘ഹൈറേഞ്ചി’ല്‍ ബലം കൂട്ടി ഇടത്

പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍  ഇടുക്കിയില്‍ എല്‍.ഡി.എഫ് നില മെച്ചപ്പെടുത്തുമെന്ന് ഉറപ്പാണ്. സൗഹൃദമത്സരങ്ങള്‍ക്ക് വഴി തുറന്ന കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് കുടിപ്പകക്ക് ഇനിയും വിരാമമിടാനായിട്ടില്ല. മുന്നണി ബന്ധം മുന്‍ നിര്‍ത്തി റെബലുകളെ പുറത്താക്കാന്‍ അവസാന നിമിഷംവരെയും കോണ്‍ഗ്രസ് ആത്മാര്‍ഥമായി  തന്നെ ശ്രമിച്ചു. കൊന്നത്തടി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് മേഴ്സി ജോസ്, അടിമാലി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മോളി ജോയി, വെള്ളിയാമറ്റം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ രാജന്‍ എന്നിവരടക്കം 15 പേരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. മന്ത്രി പി.ജെ. ജോസഫിന്‍െറ നാടായ പുറപ്പുഴ, ആലക്കോട് പഞ്ചായത്തുകളില്‍ കേരള കോണ്‍ഗ്രസ് ഒറ്റക്കാണ് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ്  റെബലുകളെ പുറത്താക്കാന്‍ തയാറായിട്ടുമില്ല. ഇത് ഇടതിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ അടവുനയം വഴി യു.ഡി.എഫ് വോട്ടുബാങ്കായ ¥്രെകസ്തവ സമൂഹത്തെ തല്‍ക്കാലത്തേക്കെങ്കിലും ഒപ്പം  ചേര്‍ത്ത് നിര്‍ത്താന്‍ എല്‍.ഡി.എഫിന്‍െറ രാഷ്ട്രീയ കൗശലത്തിന്  കഴിഞ്ഞു. പുതിയ കട്ടപ്പന നഗരസഭയില്‍ 11ഉം  ജില്ലാ പഞ്ചായത്തില്‍ നാലും അടക്കം ബ്ളോക്, ഗ്രാമപഞ്ചായത്തുകളില്‍ നൂറിലധികം സീറ്റാണ് എല്‍.ഡി.എഫ് സമിതിക്ക് നല്‍കിയിരിക്കുന്നത്. മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെയും പട്ടയത്തിന്‍െറയും പേരില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയാണ് സമിതിയുടെ നീക്കങ്ങള്‍.

മൂന്നാറിലെ ഐതിഹാസിക തോട്ടം തൊഴിലാളി സമരം  ചിത്രം മാറ്റിമറിച്ചു. സമരമുഖത്തുനിന്ന് സ്ത്രീ തൊഴിലാളികള്‍ നേരെ നടന്ന് കയറിയത് ജനവിധിയുടെ പോരാട്ടഭൂമിയിലേക്കാണ്. ദേവികുളം, മൂന്നാര്‍, പള്ളിവാസല്‍ ഗ്രാമപഞ്ചായത്തുകളിലായി 26 വാര്‍ഡിലും ദേവികുളം ബ്ളോക്കിലെ ആറു ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് മൂന്നാര്‍ ഡിവിഷനിലുമാണ് പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥികളുള്ളത്.

മൂന്നാര്‍, രാജാക്കാട്, അടിമാലി, കട്ടപ്പന തുടങ്ങിയ കേന്ദ്രങ്ങളില്‍ എസ്.എന്‍.ഡി.പി യോഗത്തിന് നിര്‍ണായക സ്വാധീനമുണ്ടെങ്കിലും അണികള്‍ വെള്ളാപ്പള്ളിയുടെ നിലപാടിനൊപ്പമായിരിക്കണമെന്നില്ല. എന്നാല്‍,  എസ്.എന്‍.ഡി.പി  പ്രതിനിധികളെ സ്ഥാനാര്‍ഥികളാക്കിയത് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. തൊടുപുഴ നഗരസഭയിലെ നിലവിലെ നാല് സീറ്റ് ഇരട്ടിയാക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതേസമയം എസ്.എന്‍.ഡി.പിയുമായി ഉണ്ടാക്കിയ ബന്ധം ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുകളില്‍ പ്രത്യേകിച്ചും നായര്‍ സമുദായത്തില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഈ വോട്ടുകള്‍ ബി.ജെ.പിയുടെ പെട്ടിയില്‍ ഇക്കുറി വീഴാനുള്ള സാധ്യത വിരളമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.