ഭരണസമിതികള്‍ നവംബര്‍ 12ന് അധികാരമേല്‍ക്കും

മഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നവംബര്‍ 12ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചുമതലയേല്‍ക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് ഉത്തരവ് പുറത്തിറക്കി.

നവംബര്‍ 11ന് ഭരണകാലാവധി പൂര്‍ത്തിയാവാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ മുന്‍ നിശ്ചയപ്രകാരം മറ്റു ദിവസങ്ങളില്‍ സത്യപ്രതിജ്ഞ നടക്കും. ജില്ലാ, ബ്ളോക്, ഗ്രാമപഞ്ചായത്തുകളില്‍ ആദ്യ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കുക വരണാധികാരിയായിരിക്കും. നഗരസഭകളുടെ കാര്യത്തിലും ഇതായിരിക്കും സ്ഥിതി. ഒന്നില്‍ കൂടുതല്‍ വരണാധികാരികളുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ നിയോഗിക്കപ്പെടുന്ന വരണാധികാരി ഇത് നിര്‍വഹിക്കും. മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ഇത് ബന്ധപ്പെട്ട ജില്ലാ കലക്ടറായിരിക്കും നിര്‍വഹിക്കുക. സത്യപ്രതിജ്ഞക്ക് കോര്‍പറേഷനുകളില്‍ കലക്ടര്‍മാരും ജില്ലാ പഞ്ചായത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ബ്ളോക്കുകളില്‍ അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമീഷണറും പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ സെക്രട്ടറിമാരും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം. ജില്ലാ കലക്ടര്‍മാരാണിത് ഏകോപിപ്പിക്കേണ്ടത്.

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ പ്രായം കൂടിയയാളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ടത്തെി നിശ്ചയിച്ച തീയതിയില്‍ പ്രതിജ്ഞയെടുക്കാന്‍ തദ്ദേശ സ്ഥാപനത്തിലേക്ക് രേഖാമൂലം ക്ഷണിക്കണം. കോര്‍പറേഷനുകളില്‍ രാവിലെ 11.30നും മറ്റു മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രാവിലെ പത്തിനുമാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇതുസംബന്ധിച്ച് എല്ലാ അംഗങ്ങള്‍ക്കും രേഖാമൂലം അറിയിപ്പ് നല്‍കണം. ആദ്യം സത്യവാചകം ചൊല്ലി ചുമതലയേറ്റയാള്‍ മറ്റു അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കണം.

സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യയോഗം ചേരണം. ഇതില്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റ അംഗമാണ് അധ്യക്ഷത വഹിക്കേണ്ടത്. യോഗത്തില്‍ പ്രസിഡന്‍റ്, ചെയര്‍മാന്‍, മേയര്‍ സ്ഥാനങ്ങളിലേക്കും വൈസ് പ്രസിഡന്‍റ്, വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നവിവരം ബന്ധപ്പെട്ട സെക്രട്ടറി യോഗത്തില്‍ അറിയിക്കണം. അധ്യക്ഷന്‍െറയും ഉപാധ്യക്ഷന്‍െറയും സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നേരത്തേ ചുമതല നല്‍കിയ വരണാധികാരികളാണ് പൂര്‍ത്തിയാക്കേണ്ടത്. പിന്നീട് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാറിനും വരണാധികാരികള്‍ നല്‍കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.