ഉത്തരാഖണ്ഡിൽ ആൾക്കൂട്ടക്കൊലക്ക് ഇരയായത് സൈനികന്റെ മകൻ​; വെറുപ്പ് ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ലെന്ന് രാഹുൽ

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മണിപ്പൂരിൽ ജോലിചെയ്യുന്ന ബി.എസ്.എഫ് ജവാന്റെ മകൻ. പച്ചക്കറി വാങ്ങാൻ സഹോദരനുമായി മാർക്കറ്റിൽ പോയപ്പോഴാണ് എം.ബി.എ വിദ്യാർഥിയായ ത്രിപുരയിലെ ത്രിപുര ഉനകോട്ടി ജില്ലയിലെ തരുൺ ചക്മയുടെ മകൻ അഞ്ജൽ ചക്മ (24) കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം അഞ്ജലിനെയും സഹോദരനെയും ‘ചൈനീസ്’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. എന്നാൽ താൻ ഇന്ത്യക്കാരനാണെന്ന് അഞ്ജൽ മറുപടി നൽകിയതോടെയാണ് ആക്രമണമുണ്ടായത്.

തുടർന്ന് ആറ് പേരടങ്ങുന്ന സംഘം ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു. നിരവധി തവണ അടിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തു. മർദനത്തിൽ കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ അഞ്ജൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.തന്റെ മകന്റെ അവസ്ഥ മറ്റൊരാൾക്കും സംഭവിക്കരുതെന്ന് അഞ്ജലിന്റെ അച്ഛൻ തരുൺ പ്രസാദ് ചക്മ പറഞ്ഞു. മകന്റെ കൊലപാതകത്തിന് കാരണമായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ഡെറാഡൂണിൽ താമസിക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പിതാവ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഡെറാഡൂണിലെ സ്വകാര്യ സർവകലാശാലയിലെ അവസാനവർഷ എം.ബി.എ വിദ്യാർഥിയായിരുന്നു അഞ്ജൽ. പഠനത്തിലും ഫുട്ബാളിലും മിടുക്കനായിരുന്ന അഞ്ജലിന് സ്വകാര്യ കമ്പനിയിൽ പ്ലേസ്മെന്റ് ഓഫർ ലഭിച്ചിരുന്നെന്ന് പിതാവ് പറഞ്ഞു. 

അഞ്ജൽ ചക്മ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ‘ഡെറാഡൂണിൽ അഞ്ജൽ ചക്മക്കും സഹോദരൻ മൈക്കിളിനും നേരെയുണ്ടായത് ഭയാനകമായ വിദ്വേഷ കുറ്റകൃത്യമാണ്. വെറുപ്പ് ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി വിഷലിപ്തമായ ഉള്ളടക്കങ്ങളിലൂടെയും നിരുത്തരവാദപരമായ ആഖ്യാനങ്ങളിലൂടെയും നമ്മുടെ യുവാക്കളിലേക്ക് ഇത് ദിവസേന കുത്തിവെക്കപ്പെടുകയാണ്. ഭരണകക്ഷിയായ ബി.ജെ.പിയുടെ വെറുപ്പ് തുപ്പുന്ന നേതൃത്വം അതിനെ സാധാരണവത്കരിച്ചെന്നും രാഹുൽ ‘എക്സി’ൽ കുറിച്ചു.

സഹപൗരന്മാർ ആക്രമിക്കപ്പെടുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്ന ജീവനില്ലാത്ത സമൂഹമായി നാം മാറരുത്. എന്റെ ചിന്തകൾ ത്രിപുരയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയും ജനങ്ങളോടൊപ്പമുണ്ട്. ഇന്ത്യൻ സഹോദരീ സഹോദരന്മാരെന്ന് വിളിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും രാഹുൽ കുറിച്ചു.

കേസിലെ മുഖ്യ പ്രതികളെ ഉടൻ പിടികൂടാൻ തയാറാകണമെന്നും കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ നൽകണമെന്നും അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയി ആവശ്യപ്പെട്ടു. എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലുണ്ടായ കാലതാമസം അന്വേഷിക്കണം. സംഭവം നടന്ന് 12 ദിവസം കഴിഞ്ഞാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇത് മുഖ്യ പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയെന്നും ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഗൊഗോയി ചൂണ്ടിക്കാട്ടി.

സംഭവത്തെ തുടർന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ, ഡിസംബർ ഒമ്പതിന് നടന്ന ആക്രമണത്തിൽ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചെന്നും ഓൾ ഇന്ത്യ ചക്മ സ്റ്റുഡന്റ്സ് യൂനിയന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സമ്മർദത്തിന് ശേഷമാണ് നടപടിയുണ്ടായതെന്നും പിതാവ് ആരോപിച്ചു.

Tags:    
News Summary - Tripura student Anjel Chakma’s death a horrific hate crime: Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.