കൊലക്കേസില്‍ ശിക്ഷിച്ചയാളെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കി –സി.പി.എം

കണ്ണൂര്‍: കാരായി രാജന്‍െറയും കാരായി ചന്ദ്രശേഖരന്‍െറയും സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്ന യു.ഡി.എഫ് നേതൃത്വം കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ  നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത് മറക്കരുതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടം അസംബ്ളി മണ്ഡലത്തില്‍ മത്സരിച്ച കെ.പി.സി.സി അംഗം മമ്പറം ദിവാകരന്‍, കൊളങ്ങരത്തേ് രാഘവനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ആളാണെന്ന് ജയരാജന്‍  പ്രസ്താവനയില്‍ പറഞ്ഞു.

ശിക്ഷിക്കപ്പെട്ട ആളെ സ്ഥാനാര്‍ഥിയാക്കിയ യു.ഡി.എഫ് നേതാക്കളാണ് കുറ്റാരോപിതര്‍ മാത്രമായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സ്ഥാനാര്‍ഥിയാക്കിയതിനെ എതിര്‍ക്കുന്നത്. പൊന്ന്യത്തെ സി.പി.എം  പ്രവര്‍ത്തകന്‍ പവിത്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്.

ആര്‍.എസ്.എസുകാര്‍ നടത്തിയ കൊലപാതകവുമായി ബന്ധപ്പെട്ട് കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും അന്വേഷണ സംഘം കള്ളക്കേസില്‍ പ്രതികളാക്കിയതാണ്. ജനാധിപത്യ വ്യവസ്ഥയില്‍ എക്സിക്യൂട്ടിവിന്‍െറ തെറ്റായ നടപടികളെ ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതാണ് എല്‍.ഡി.എഫ് നിര്‍വഹിക്കുന്നതെന്നും ജയരാജന്‍ അവകാശപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.