മംഗളൂരു: വർഗീയ വിദ്വേഷം വളർത്തുക, അക്രമത്തെ മഹത്വവത്കരിക്കുക, നഗരത്തിൽ പ്രതികാര ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇൻസ്റ്റഗ്രാമിൽ പ്രകോപനപരമായ നിരവധി പോസ്റ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തു.
മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരീക്ഷിച്ചുകൊണ്ടിരുന്ന കങ്കനാടി ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർ അനിത നിക്കമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പ്രകോപനപരമായ ഉള്ളടക്കം പങ്കിടുന്ന ഒന്നിലധികം 16 ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ പോസ്റ്റുകളിലും സ്റ്റോറികളിലും പിസ്റ്റളുകൾ, റിവോൾവറുകൾ, വാളുകൾ, വടിവാളുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ ചൂണ്ടി ക്കാണിക്കുന്ന അജ്ഞാത വ്യക്തികളുടെ ചിത്രങ്ങളുണ്ട്. ചിലർ മുഖംമൂടി ധരിച്ച നിലയിലാണ് ആയുധമേന്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.
മതങ്ങൾക്കും സമുദായങ്ങൾക്കും ഇടയിൽ വിദ്വേഷം വളർത്താനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സമാധാനവും സാമുദായിക ഐക്യവും തകർക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഉള്ളടക്കമെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് പിന്നിലുള്ള വ്യക്തികളെ കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.