മുസ്‌ലിം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വിദ്വേഷ പ്രസംഗം: ആർ.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകറിന് മുൻകൂർ ജാമ്യം, എല്ലാ ആഴ്ചയും ഹാജരാകണമെന്ന് നിർദേശം

മംഗളൂരു: മുസ്‌ലിം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർഗീയ വിദ്വേഷ പ്രസംഗം നടത്തിയതിന് ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുത്ത ആർ‌.എസ്‌.എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിന് മുൻകൂർ ജാമ്യം. കേസ് പരിഗണിച്ച പുത്തൂർ അഞ്ചാം അഡീഷനൽ ജില്ല ആൻഡ് സെഷൻസ് കോടതി, എല്ലാ വ്യാഴാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നതുൾപ്പെടെ കർശന നിബന്ധനകളോടെയാണ് ജാമ്യം നൽകിയത്.

ബി.എൻ.എസ്.എസ് സെക്ഷൻ 482 പ്രകാരാണ് ഭട്ട് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. 50,000 രൂപയുടെ ബോണ്ടിലും അതേ തുകയുടെ ആൾ ജാമ്യത്തിലുമാണ് വിട്ടയക്കുന്നത്. 20 ദിവസത്തിനകം പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ മുമ്പാകെ കീഴടങ്ങണം. ആറ് മാസത്തേക്ക് എല്ലാ വ്യാഴാഴ്ചയും രാവിലെ 10 നും ഉച്ചയ്ക്ക് 1 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം. അന്വേഷണത്തിൽ സഹകരിക്കണം എന്നിവയെല്ലാമാണ് ഉപാധികൾ. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ഒക്ടോബർ 22 ന് പുത്തൂർ താലൂക്കിലെ ഉപ്പലിഗെയ്ക്ക് സമീപം സംഘടിപ്പിച്ച ദീപോത്സവ പരിപാടിയിലാണ് കല്ലഡ്ക പ്രഭാകർ ഭട്ട് മുസ്‌ലിം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്. ഇതിനെതിരെ ഈശ്വരി പദ്മുഞ്ച ജനവാദി മഹിളാ സംഘടന പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്)-2023 ലെ സെക്ഷൻ 79, 196, 299, 302, 3(5) എന്നിവ പ്രകാരം പ്രഭാകർ ഭട്ടിനും ദീപോത്സവ പരിപാടിയുടെ സംഘാടകർക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ഹാജരാകാൻ നിർദ്ദേശിച്ച് പൊലീസ് നോട്ടീസ് നൽകിയതോടെ ആർ.എസ്.എസ് നേതാവ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.

ആർ.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിനെതിരെ ഇതുവരെ 12 വിദ്വേഷ പ്രസംഗ കേസുകളാണ് നിലവിലുള്ളത്.

Tags:    
News Summary - Kalladka Prabhakar Bhat gets bail with conditions in hate speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.