വോട്ടുപിടിത്ത വിവരങ്ങള്‍ തത്സമയം

കല്‍പറ്റ: ‘എന്നോട് വോട്ടൊന്നും ചോദിക്കണ്ട മോളേ. ചങ്കിലൊഴുകുന്ന ചോരേന്‍െറ നിറം ചോപ്പാണെങ്കില്‍ വോട്ട് അരിവാള്‍ ചുറ്റിക നക്ഷത്രത്തിനു മാത്രം’ -വോട്ടുചോദിച്ചു ചെന്നപ്പോഴുള്ള ഒരു വൃദ്ധന്‍െറ വാക്കുകള്‍  വിവരിക്കുന്നത്  എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോള്‍ സ്ഥാനാര്‍ഥികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വോട്ടുപിടിത്തത്തിന്‍െറ തത്സമയ വിവരണങ്ങളും നല്‍കുകയാണ്.
വോട്ടഭ്യര്‍ഥനയെന്ന കേവല നടപടി ക്രമങ്ങള്‍ക്കപ്പുറം വോട്ടുപിടിത്തത്തിന്‍െറ സചിത്ര വിവരണം സ്ഥാനാര്‍ഥികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതോടെ ആവേശംകൊള്ളുന്ന അണികള്‍ കമന്‍റും ലൈക്കുമായി തത്സമയ റിപ്പോര്‍ട്ടിങ്ങിന് പിന്തുണയേകുന്നു. തെരഞ്ഞെടുപ്പ് ജ്വരം മൂര്‍ധന്യത്തിലേക്ക് നീങ്ങവെ, സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം അരങ്ങുകൊഴുക്കുകയാണ്. എന്നാല്‍, നവമാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ഒറ്റക്കൊറ്റക്ക് നടത്തുന്ന പ്രചാരണങ്ങളാണ് വയനാട്ടില്‍ കൂടുതല്‍.

മലപ്പുറം, കണ്ണൂര്‍ ജില്ലകളിലേതുപോലെ ജില്ലാ, ബ്ളോക്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത്, വാര്‍ഡ്തലങ്ങളില്‍ പ്രത്യേക എല്‍.ഡി.എഫ്, യു.ഡി.എഫ് പേജുകള്‍ ഉണ്ടാക്കിയുള്ള ഫേസ്ബുക് പ്രചാരണം ജില്ലയില്‍ കുറവാണ്. എല്‍.ഡി.എഫ് ആണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തില്‍ ജില്ലയില്‍ ഒരുപടി മുന്നില്‍. എല്‍.ഡി.എഫ് വയനാട് എന്ന പേരില്‍ പ്രത്യേക പേജു തന്നെയുണ്ട്.

ഒപ്പം സത്യന്‍ മൊകേരിയുടെ പ്രചാരണത്തിന് കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് രൂപകല്‍പന ചെയ്ത നാലഞ്ച് ഫേസ്ബുക് പേജുകളും സഖാക്കള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നു. യു.ഡി.എഫിന് ജില്ലാ തലത്തില്‍ ഫേസ്ബുക് പേജുകളൊന്നുമില്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസിന്‍െറ പ്രചാരണത്തിന് യു.ഡി.എഫ് പാര്‍ലമെന്‍റ് മണ്ഡലം തലത്തില്‍ ഫേസ് ബുക് പേജ് ഉണ്ടാക്കിയിരുന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ അലയൊലി അതിലേക്കത്തെിയില്ല. യു.ഡി.എഫ് എടവക മൂന്നാം വാര്‍ഡിന്‍െറ പേരില്‍ ഫേസ്ബുക്കില്‍ പുതിയ പ്രഫൈല്‍ പേജ് രൂപവത്കരിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് രൂപവത്കരിച്ച പ്രഫൈലില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന പടങ്ങളില്‍ അധികവും താനിയാടു നടന്ന കുടുംബയോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി പി.കെ. ജയലക്ഷ്മി  എത്തിയതിന്‍േറതാണ്.

നമ്മുടെ ചിഹ്നം കൈപ്പത്തി എന്ന പ്രഫൈല്‍ ചിത്രമുള്ള ഐ.ഡിയില്‍ ഇവിടത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പേര് പറയുന്നില്ല. യു.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റി ജിദ്ദ എന്ന വിലാസത്തില്‍ ഫേസ്ബുക് ഗ്രൂപ് ഉണ്ട്. എന്നാല്‍, 22 അംഗങ്ങളുള്ള ഗ്രൂപ്പില്‍ ഇലക്ഷന്‍ പ്രചാരണമൊന്നുമില്ല. അംഗങ്ങളുടെ ഭീമാകാര പടങ്ങള്‍ പോസ്റ്റാനുള്ള ഒരിടം മാത്രമാണ് അതിതുവരെ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.