വടകര: തുടര്‍ച്ചയായി അവധിലഭിച്ചത് വോട്ട് പെട്ടിയിലാക്കാനുള്ള അവസരമാക്കുകയാണ് രാഷ്ട്രീയകക്ഷികള്‍. വീടുകയറി വോട്ടര്‍മാരെ നേരില്‍ക്കണ്ട് പ്രകടനപത്രികയും സ്ഥാനാര്‍ഥി പരിചയവും നടത്തി പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദ്യാലയങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെ അഞ്ചുദിവസം തുടര്‍ച്ചയായി അവധി കിട്ടുന്നത് ആദ്യമാണെന്ന് പറയുന്നു. പലരും വീട്ടില്‍തന്നെ ഉണ്ടാവുമെന്നതാണ് പ്രത്യേകത. എല്ലാ രാഷ്ട്രീയകക്ഷികളിലും പ്രാദേശികമായി അധ്യാപകരാണ് പ്രചാരണത്തിന് പ്രധാനമായും നേതൃത്വംവഹിക്കുന്നത്.
ചില കക്ഷികള്‍ നേരത്തേതന്നെ ഇതിന് പ്രദേശങ്ങള്‍ തിരിച്ച് ചാര്‍ട്ടുകള്‍ തയാറാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും നിര്‍ണായകമാവുന്ന സാഹചര്യമാണുളളത്. ഏതു പ്രബലകക്ഷിയെയും താഴെയിറക്കാന്‍ പ്രാദേശികമായ ചില നീക്കുപോക്കുകള്‍ ധാരാളമാണ്.
പ്രാദേശികമായി ചില എതിര്‍പ്പുള്ള നേതാക്കളെ സ്വന്തം തട്ടകത്തില്‍നിന്ന് മാറ്റിനിര്‍ത്തിയും രാഷ്ട്രീയപരീക്ഷണം നടത്തുകയാണ് മുന്നണികള്‍. ഇത്തരക്കാര്‍ക്ക് മറ്റിടങ്ങളില്‍ ചുമതല നല്‍കുകയാണ് ചെയ്യുന്നത്. പതിവ് രാഷ്ട്രീയത്തിനുപരിയായി വ്യക്തിബന്ധം മുതലെടുക്കാനുള്ള അവസരങ്ങള്‍ ആരും പാഴാക്കുന്നില്ല. സോഷ്യല്‍ മീഡിയയും സജീവമാണ്. കൊമ്പുകോര്‍ക്കുന്നതിനു പകരം തങ്ങള്‍ക്ക് പറയാനുള്ളതുമാത്രം പറയുന്ന സമീപനമാണ് പുതിയ ശൈലി. മുഖ്യകക്ഷികളെല്ലാം ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.
വാര്‍ഡുതോറും വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് അടിക്കടി നിര്‍ദേശങ്ങള്‍ നല്‍കുന്ന രീതിയും സജീവമാണ്.
ഇക്കാര്യത്തില്‍ രാഷ്ട്രീയകക്ഷികള്‍ തമ്മില്‍ വലുപ്പച്ചെറുപ്പ വ്യത്യാസമില്ല. എട്ടുദിവസം മാത്രമാണ് മലബാര്‍ മേഖലയില്‍ വോട്ടെടുപ്പിന് ഉള്ളൂവെന്നതിനാല്‍ തിരക്കിട്ട പ്രചാരണത്തിലാണ് രാഷ്ട്രീയപാര്‍ട്ടികളെല്ലാം. ദേശീയ-സംസ്ഥാന നേതാക്കന്മാര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളില്‍ പരമാവധി പങ്കാളിത്തമുറപ്പിക്കാനുള്ള പ്രവര്‍ത്തനവും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.