മുംബൈ: നാട്ടിൽ പുള്ളിപ്പുലി ആക്രമണങ്ങൾ വർദ്ധിക്കുന്നത് പരിഹരിക്കുന്നതിനായി ആടുകളെ കാട്ടിലേക്ക് വിടണമെന്ന് മഹാരാഷ്ട്ര വനം മന്ത്രി ഗണേഷ് നായിക്. ഇര തേടി മൃഗങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് ഇത് തടയുമെന്നാണ് ബി.ജെ.പി നേതാവ് പറയുന്നത്. നാഗ്പൂരിൽ നടന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെയാണ് നായിക് ഈ പ്രസ്താവന നടത്തിയത്.
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടാൽ സംസ്ഥാനം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം. മരണശേഷം നഷ്ടപരിഹാരം നൽകുന്നതിനുപകരം പുള്ളിപ്പുലികൾ മനുഷ്യവാസ കേന്ദ്രങ്ങളിൽ കടക്കാതിരിക്കാൻ ഒരു കോടി രൂപ വിലയുള്ള ആടുകളെ കാട്ടിലേക്ക് വിടാൻ ഞാൻ ഉദ്യോഗസ്ഥരോട് പറഞ്ഞു -എൻ.സി.പി (എസ്.പി) എം.എൽ.എ ജിതേന്ദ്ര അവാദിന്‍റെ പ്രമേയത്തിന് മറുപടിയായി നായിക് പറഞ്ഞു.
നേരത്തെ, അവയെ വനമൃഗങ്ങൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്, എന്നാൽ ഇപ്പോൾ അവയുടെ ആവാസ വ്യവസ്ഥ കരിമ്പിൻ തോട്ടങ്ങളിലേക്ക് മാറിയിരിക്കുന്നു. പുള്ളിപ്പുലികളുടെ സ്വഭാവവും ജീവിതരീതിയും മാറിയിരിക്കുന്നു. വനപ്രദേശങ്ങളിൽ ഫലം കായ്ക്കുന്ന മരങ്ങളൊന്നും അവശേഷിക്കുന്നില്ല, അതിനാൽ... പുള്ളിപ്പുലിയും മറ്റ് മാംസഭുക്കുകളും വനപ്രദേശങ്ങളിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നു. ഫലം കായ്ക്കുന്ന മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഞാൻ വനം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട് -വനം മന്ത്രി വിശദീകരിച്ചു.
വന്യജീവി സംരക്ഷണ നിയമപ്രകാരം പുള്ളിപ്പുലിയെ ഷെഡ്യൂൾ Iൽ നിന്ന് ഷെഡ്യൂൾ IIലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് അയച്ചിട്ടുണ്ടെന്നും നായിക് സഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.