ചൂട് ചായയും അല്‍പം രാഷ്ട്രീയവും

ചിറ്റാര്‍: തെരഞ്ഞെടുപ്പ് ചൂടിലാണ് ഗ്രാമങ്ങള്‍ മുഴുവനും.  രാഷ്ട്രീയ വാഗ്വാദം കൂടുതല്‍ അരങ്ങേറുന്നത് കവലകളിലും ചായക്കടകളിലും വിശ്രമകേന്ദ്രങ്ങളിലും എന്തിനു പറയണം ജോലിക്കിടയില്‍പോലും രണ്ടുപേര്‍  തമ്മില്‍  കണ്ടുമുട്ടിയാല്‍ തെരഞ്ഞെടുപ്പായിരിക്കും മുഖ്യചര്‍ച്ചാ വിഷയം. പരസ്പരം വിശേഷങ്ങള്‍ പങ്കുവെച്ചാലുടന്‍  അടുത്തതായി വരുന്നത് തെരഞ്ഞെടുപ്പ് വിഷയമായിരിക്കും. ഈ തെരഞ്ഞെടുപ്പ് വിഷയം ചില ചായക്കടകളിലേക്ക് പ്രവേശിക്കാറുണ്ട്. ഇത് ചിലപ്പോള്‍ സംഘര്‍ഷത്തിലേക്കുവരെ  കലാശിക്കുമെന്നതിനാല്‍ ചില കടകളില്‍ രാഷ്ട്രീയം പറയുന്നതുതന്നെ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍, ചിറ്റാറിലെ ഒരുചായക്കടയില്‍  രാഷ്ട്രീയം പറയുന്നതില്‍ ഉടമ അല്‍പം സ്വാതന്ത്ര്യം നല്‍കിയതിനാല്‍ ചര്‍ച്ചകള്‍ക്കായി ചിലര്‍ ഈ ചായക്കടയാണ് തെരഞ്ഞെടുക്കുന്നത്. ഇവിടെ  രാഷ്ട്രീയം ചൂടാകുമ്പോള്‍ കടയുടമ തന്നെ ഇടപെട്ട് പരിഹരിക്കുന്നതിനാല്‍ ചര്‍ച്ചയും തര്‍ക്കവും സംഘര്‍ഷത്തില്‍ കലാശിക്കാറില്ല.    

വൈകുന്നേരമായാല്‍ ഇവിടെയത്തെുന്നവര്‍ ഒരു ചായയും കുടിച്ച് രാഷ്ട്രീയ ചര്‍ച്ച ആരംഭിക്കും.   ഇടതു-വലതു കക്ഷികള്‍ക്കും ബി.ജെ.പിക്കും സ്ഥാനാര്‍ഥികളുണ്ടെങ്കിലും ചായക്കടയിലെ കഴിഞ്ഞ ദിവസത്തെ ചര്‍ച്ചാ വിഷയം ഇടതു-വലതു കക്ഷികളിലെ  സീറ്റ് കിട്ടാതെ സ്വതന്ത്രസ്ഥാനാര്‍ഥികളായി മത്സരിക്കുന്നവരും പാര്‍ട്ടിക്കുതന്നെ ഭീഷണിയായി റെബല്‍ സ്ഥാനാര്‍ഥികളായി  മത്സരിക്കുന്ന സ്ഥാനാര്‍ഥികളുമായിരുന്നു. എന്തിനാണ് ഇവര്‍ക്ക് സീറ്റ് നിഷേധിച്ചു എന്നുതുടങ്ങി 70 കഴിഞ്ഞ  അലിയാരുടെ ആദ്യചോദ്യം ഉയര്‍ന്നു. അതിന് മറുപടി പറഞ്ഞത് 75 കഴിഞ്ഞ സുകുമാരന്‍ ...അവിടെ സാമുദായിക പരിഗണന നല്‍കുമ്പോള്‍ സീറ്റ് നിലവിലെ സ്ഥാനാര്‍ഥിക്ക് തന്നെ നല്‍കുന്നതാണ് വിജയപ്രതീക്ഷ നല്‍കുന്നത്. സീറ്റു കിട്ടാതെ വരുമ്പോള്‍ ഇത്രയും നാള്‍ പാര്‍ട്ടിയെ സ്നേഹിച്ചും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇവര്‍ എന്തിനാണ് പെട്ടെന്ന് പാര്‍ട്ടിക്ക് എതിരായി  റെബലായി മത്സരിക്കുന്നതെന്ന് അലിയാരുടെ മറുപടി.

രണ്ടു പതിറ്റാണ്ടായി രാഷ്ട്രീയത്തില്‍ സജീവമായി നില്‍കുന്ന സീതത്തോട് ബ്ളോക്കിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പാര്‍ട്ടിയെന്തിനാണ് സീറ്റ് നിഷേധിച്ചത് -അലിയാരുടെ മറ്റൊരു ചോദ്യം. ഇതിന്   സുകുമാരന്‍െറ മറുപടി പാര്‍ട്ടി ഇവിടെയും സാമുദായിക പരിഗണന നല്‍കിയതായിക്കും. ചിറ്റാര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പാര്‍ട്ടിമാറി യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കാര്യവും നാലാം വാര്‍ഡില്‍ യു.ഡി.എഫ്  സ്ഥാനാര്‍ഥിയായി പുതുമുഖത്തെ രംഗത്തിറക്കിയതും ഈ വാര്‍ഡിലെ ആദ്യകാല സി.പി.ഐ സഖാവിന്‍െറ ഭാര്യയെ തഴഞ്ഞ് മറ്റൊരാള്‍ക്ക്  സീറ്റ് നല്‍കിയ സംഭവവും  വലതുമുന്നണിയില്‍ മുന്‍ മെംബറായിരുന്നവര്‍  ഇത്തവണ ഇടതു ചേരിയില്‍ സീറ്റ് നല്‍കിയ സംഭവവും ചൂടേറിയ ചര്‍ച്ചക്ക് ഇടയായി.  

ഈ  ചര്‍ച്ച തുടര്‍ന്നപ്പോഴാണ് രാഘവന്‍െറ കടന്നുവരവ്, സ്ട്രോങ് ചായക്ക് ഓര്‍ഡര്‍ ചെയ്തശേഷം രാഘവനും ചര്‍ച്ചയില്‍ പങ്കെടുത്തതോടെ ചര്‍ച്ച കൊഴുത്തു. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുക്കാനും ചര്‍ച്ചയുടെ ഭാഗമാകാനും ഓരോ പാര്‍ട്ടിക്കാരും അവരവരുടെ പക്ഷത്ത് ചേര്‍ന്നതോടെ ചില  ചാനലില്‍ രാഷ്ട്രീയ ചര്‍ച്ച നടക്കുന്ന അവസ്ഥയായി.  ചായക്കോപ്പയിലെ കൊടിങ്കാറ്റുപോലെ വാഗ്വാദം മുറുകി. ചിലര്‍ എഴുന്നേറ്റുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു. പഞ്ചായത്തിലെ സംഭവങ്ങള്‍ ഒരോന്നായി അഴിച്ചുവിടാന്‍ തുടങ്ങി. ചര്‍ച്ച സംഘര്‍ഷാവസ്ഥയിലത്തെിയപ്പോള്‍ ചായക്കടക്കാരന്‍ ഇടപെട്ടതോടെ ചര്‍ച്ചക്ക്  ശമനമായി. ഒരുമിനിറ്റിനു ശേഷം ചായക്കടയില്‍ വീണ്ടും അടുത്ത വിഷയം ഇട്ടത് രാഘവനാണ് -ആട്ടെ ആര് പഞ്ചായത്ത് ഭരിക്കും. ഇത് പറഞ്ഞതോടെ വീണ്ടും ചര്‍ച്ചമുറുകി രണ്ടു പാര്‍ട്ടിക്കാരും പഞ്ചായത്തില്‍ നടപ്പാക്കിയ വികസനങ്ങളാണ് ഓരോ വിഭാഗത്തിലുള്ളവര്‍ വിവരിക്കാന്‍ തുടങ്ങിയത്.

ചര്‍ച്ച മുറുകിയതോടെ അലമാരയില്‍ കിടന്ന ചൂടുബോണ്ടയുംപരിപ്പുവടയും കുറയാന്‍ തുടങ്ങി. പെട്ടെന്നാണ് കാറ്റും മഴയും വന്നത് ഉടനടി കടക്കുള്ളിലെ വെളിച്ചം പോയതോടെ ചര്‍ച്ചയുടെ മൂര്‍ച്ച കുറഞ്ഞു. പിന്നീട് ഒരോരുത്തരായി പിരിഞ്ഞുപോകാന്‍ തുടങ്ങി. ചില ദിവസങ്ങളില്‍ ഇവിടെ  സ്ഥാനാര്‍ഥികള്‍ തന്നെ  ചര്‍ച്ചയില്‍ പങ്കെടുക്കാറുണ്ട്. ഇലക്ഷന്‍ പ്രഖ്യാപിച്ചത് മുതല്‍ ഇവിടെ രാഷ്ട്രീയ ചര്‍ച്ചയും പൊടുപൊടിക്കുകയാണ്. കടയുടെ വരുമാനവും കൂടാന്‍ തുടങ്ങി. വരും ദിവസങ്ങളില്‍ ചൂടുള്ള പലഹാരങ്ങള്‍ക്കൊപ്പം ചൂടുള്ള വാഗ്വാദവും ചര്‍ച്ചകള്‍ക്കും ഈ ചായക്കട വേദിയാകും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.