അച്ഛനും മകളും ഇക്കുറിയും തെരഞ്ഞെടുപ്പ് ഗോദയില്‍

നെടുങ്കണ്ടം: ചരിത്രം ആവര്‍ത്തിക്കാന്‍ അച്ഛനും മകളും ഇക്കുറിയും ജനവിധി തേടുന്നു. മകള്‍ ബ്ളോക് ഡിവിഷനില്‍ മത്സരിക്കുമ്പോള്‍ അച്ഛന്‍ ഗ്രാമപഞ്ചായത്തിലേക്കാണ് അങ്കം കുറിക്കുന്നത്. തൂക്കുപാലം സ്നേഹാലയത്തില്‍ കെ.ആര്‍. സുകുമാരന്‍ നായരും മകള്‍ സിന്ധു സുകുമാരന്‍ നായരുമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. സുകുമാരന്‍ നായര്‍ നെടുങ്കണ്ടം പഞ്ചായത്ത് പത്താം വാര്‍ഡിലും സിന്ധു ബ്ളോക് പഞ്ചായത്ത് ബാലഗ്രാം ഡിവിഷനിലും. പിതാവിന്‍െറ അഞ്ചാം അങ്കമാണിത്. മകളുടെ രണ്ടാം തെരഞ്ഞെടുപ്പും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബ്ളോക് പഞ്ചായത്ത് രാമക്കല്‍മേട് ഡിവിഷനില്‍നിന്നാണ് സിന്ധു ഇടത് കോട്ട തകര്‍ത്ത് വിജയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ലത രാജാജിക്കെതിരെ ഇടത് കോട്ടയില്‍ അങ്കം വെട്ടാന്‍ പിതാവ് മകളെ നിര്‍ബന്ധിച്ച് രംഗത്തിറക്കുകയായിരുന്നു. ഇടത് കോട്ട തകര്‍ത്ത് യു.ഡി.എഫ് മുന്നണിയെ പോലും അദ്ഭുതപ്പെടുത്തിയാണ് സിന്ധു വിജയം വരിച്ചത്. മുന്നണി ധാരണ പ്രകാരം ഒന്നര വര്‍ഷം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.

മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ് സിന്ധു. കെ.ആര്‍.എസ് എന്നറിയപ്പെടുന്ന സുകുമാരന്‍ നായര്‍ രണ്ടുതവണ കരുണാപുരം പഞ്ചായത്ത് അംഗമായിരുന്നു. നിലവില്‍ നെടുങ്കണ്ടം പഞ്ചായത്ത് സ്ഥിരം സമിതി അംഗമാണ്. ഡി.സി.സി നിര്‍വാഹക സമിതി അംഗം കൂടിയാണ് കെ.ആര്‍.എസ്. നാലു തവണയില്‍ മൂന്നു തവണയും ഇദ്ദേഹം വിജയം കണ്ടു. ഇക്കുറിയും വോട്ടര്‍മാര്‍ തങ്ങളെ പിന്തുണക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ഇരുവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.