മൈലപ്ര പഞ്ചായത്തില്‍ സി.പി.എം–സി.പി.ഐ ഏറ്റുമുട്ടല്‍

പത്തനംതിട്ട: മൈലപ്ര പഞ്ചായത്തില്‍ സി.പി.എമ്മും സി.പി.ഐയും മുന്നണി ബന്ധം വിഛേദിച്ച് മത്സരിക്കുന്നു. ഏഴാം വാര്‍ഡിലാണ് സി.പി.ഐയും സി.പി.എമ്മും ഒൗദ്യോഗിക ചിഹ്നത്തില്‍ മത്സരിക്കുന്നത്. ഇവിടെ സി.പി.ഐ സ്ഥാനാര്‍ഥി സി.കെ. കൃഷ്ണന്‍കുട്ടിയും സി.പി.എം സ്ഥാനര്‍ഥി കെ.കെ. അജയകുമാറുമാണ്. കൂടാതെ യു.ഡി.എഫിലെ രതീഷ്കുമാര്‍, ബി.ജെ.പിയിലെ അനില്‍ എന്നിവരും മത്സരിക്കുന്നുണ്ട്.
അഞ്ചാം വാര്‍ഡിലും സി.പി.ഐയുടെയും -സി.പി.എമ്മിന്‍െറയും പിന്തുണയുള്ള സ്ഥാനാര്‍ഥികള്‍ തമ്മിലാണ് പ്രധാന മത്സരം. ഇവിടെ സി.പി.എം പിന്തുണ പഴയ സി.പി.ഐക്കാരനാണ്. സി.പി.ഐ പിന്തുണ സി.പി.എം കാരനുമാണ്. സി.പി.ഐയില്‍ നിന്ന് പുറത്താക്കിയ ചന്ദ്രികാ സുനിലിനാണ് സി.പി.എം ജനറല്‍ വാര്‍ഡായ അഞ്ചില്‍ പിന്തുണ നല്‍കിയിരിക്കുന്നത്. ഇവിടെ സി.പി.ഐ പിന്തുണക്കുന്നതാകട്ടെ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച് മത്സരരംഗത്തിറങ്ങിയ രാജന്‍ കുളത്താനിയിലിനെയാണ്.

രാജനെ സ്ഥാനാര്‍ഥിയാക്കണമെന്ന് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സി.പി.എം ഇത് അംഗീകരിച്ചില്ല. രാജന്‍ ഒടുവില്‍ സ്വതന്ത്രനായി പത്രിക നല്‍കുകയും സി.പി.ഐ പിന്തുണക്കുകയുമായിരുന്നു. സി.പി.ഐയില്‍ നിന്നും കഴിഞ്ഞ തവണ വിജയിച്ച് പിന്നീട് പാര്‍ട്ടി പുറത്താക്കിയ ഷാജന്‍ ദാനിയേലാണ്  മൈലപ്ര ഡിവിഷനില്‍ ബ്ളോക് സ്ഥാനാര്‍ഥിയായി സി.പി.എം മത്സരിപ്പിക്കുന്നത്.  ഈ ഡിവിഷനില്‍ സി.പി.ഐ പിന്തുണക്കുന്നത് കോണ്‍ഗ്രസ് വിമതനായി മത്സരിക്കുന്ന ഗീവര്‍ഗീസ് തറയിലിനെയാണ്. പഞ്ചായത്തിലെ 10,11 വാര്‍ഡില്‍ ഇടതുമുന്നണിക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത അവസ്ഥയുമാണ്. കഴിഞ്ഞ തവണ സി.പി.എമ്മിന് ഒരു സീറ്റും സി.പി.ഐക്ക് രണ്ട് സീറ്റുമാണ് ലഭിച്ചത്. ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് വോട്ട് മറിച്ച് കൊടുക്കാന്‍ സി.പി.എം ശ്രമിക്കുന്നതായും സി.പി.ഐ ആരോപിക്കുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.