പ്രവാസികളുടെ വോട്ട്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസി ഭാരതീയരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ അതാത് തദ്ദേശസ്ഥാപനത്തിലെ പ്രവാസികളുടെ വോട്ടര്‍പട്ടികയുടെ അഞ്ച് പകര്‍പ്പുകള്‍ എടുത്ത് ഒപ്പിട്ട് നാല് പകര്‍പ്പുകള്‍ അടിയന്തരമായി വരണാധികാരികളെ ഏല്‍പിക്കണം.

വരണാധികാരികള്‍ പോളിങ് സ്റ്റേഷനില്‍ നല്‍കുന്നതിന് മാര്‍ക്ഡ് കോപ്പി, വര്‍ക്കിങ് കോപ്പി എന്നിവ തയാറാക്കി രണ്ട് പകര്‍പ്പുകള്‍ നിശ്ചിതദിവസം ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസര്‍മാരെ ഏല്‍പിക്കണം.  പ്രവാസികള്‍ പോളിങ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ അവര്‍ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ പകര്‍പ്പ് നല്‍കിയ പാസ്പോര്‍ട്ടിന്‍െറ ഒറിജിനല്‍ വേണം തിരിച്ചറിയല്‍ രേഖയായി പരിശോധിക്കേണ്ടത്.

പ്രവാസികളുടെ വോട്ടര്‍പട്ടിക പ്രത്യേകം തയാറാക്കി ക്രമനമ്പര്‍ രേഖപ്പെടുത്തിയ സാഹചര്യത്തില്‍, പോളിങ് ഉദ്യോഗസ്ഥന്‍ വോട്ടെടുപ്പ് വേളയില്‍ ഫോറം 21 എയിലെ വോട്ട് രജിസ്റ്ററിന്‍െറ രണ്ടാം കോളത്തില്‍ രേഖപ്പെടുത്തുന്ന പ്രവാസി വോട്ടര്‍പട്ടികയിലെ ക്രമനമ്പറിന് മുമ്പില്‍ പി.വി എന്നുകൂടി ചേര്‍ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.