പ്രചാരണത്തില്‍ താരമായി വാട്സ് ആപ്പ്

കാസര്‍കോട്: തെരഞ്ഞെടുപ്പ് ചെലവ് ചുരുക്കണമെന്ന് ജില്ലാ കലക്ടര്‍ക്കും കമീഷനും ഉത്തരവിടാം. ഒരു വാര്‍ഡില്‍ 10,000 മാത്രമേ ചെലവിടാന്‍ പാടുള്ളൂവെന്നാണ് പറയുന്നത്. എന്നാല്‍ കുറഞ്ഞ ചെലവില്‍ ഉഗ്രന്‍ പ്രചാരണങ്ങള്‍  വാട്സ് ആപ്പിലും ഫേസ്ബുക്കിലുമാണ്. ഒരു വാര്‍ഡിലെ മത്സരം നിശ്ചല, ചലന ദൃശ്യങ്ങളിലൂടെ ലോകം മുഴുവന്‍ അറിയുകയാണ്.

കാഞ്ഞങ്ങാട് നഗരസഭയില്‍ മുന്‍ ചെയര്‍മാന്‍ മുസ്ലിംലീഗിലെ എന്‍.എ. ഖാലിദ് മത്സരിക്കുന്നത് മരുമകനോട്. മരുമകനുവേണ്ടി വാട്സ് ആപ്പില്‍ പ്രചരിക്കുന്നത് ഒരു ഫുട്ബാള്‍ ടൂര്‍ണമെന്‍റാണ്. ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് മോര്‍ഫ് ചെയ്ത് അമ്മാവനും മരുമകനുമായി മത്സരം കസറുന്നു. ഒടുവില്‍ കപ്പ് നേടുന്നത് മരുമകന്‍.  വിഡിയോ  വൈറലായിക്കഴിഞ്ഞു. മുഴുവന്‍ റെബലുകള്‍ക്കും വിഡിയോ മാത്രം മതി പ്രചാരണത്തിന്. മറ്റൊരു വാര്‍ഡില്‍ യു.ഡി.എഫ് വിമതനായ റംഷാദ് വോട്ടര്‍മാരായ 200പേരെ  ഗ്രൂപ്പില്‍ അംഗങ്ങളാക്കി വോട്ടുചോദിച്ചുകൊണ്ടേയിരിക്കുകയാണ്.

ചതുഷ്കോണ മത്സരമുള്ള ഇവിടെ ഈ 200പേരുടെ വോട്ട് ഉറപ്പിച്ചാല്‍ റംഷാദ് ജയിക്കും.  നാടുനീളെ ബോര്‍ഡുവെച്ച് ആരു കാണും. ബോര്‍ഡില്‍ എന്നും ഒരു ഇമേജ് മാത്രമേ കാണാനാവൂ. നവമാധ്യമങ്ങളില്‍ ഇമേജുകള്‍ മാറ്റിക്കൊണ്ടേയിരിക്കാം. കാഞ്ഞങ്ങാട് നഗരസഭയില്‍ സി.പി.എമ്മിന്‍െറ ചെയര്‍മാന്‍ സ്ഥാനാര്‍ഥി വി.വി.രമേശന്‍െറ ഇനീഷ്യലിനെ വികസിപ്പിച്ചത് വിജയ വെളിച്ചം എന്നാണ്. യു.ഡി.എഫിന്‍െറ സ്ഥാനാര്‍ഥി ടി.വി. ശൈലജയെ താരവെളിച്ചം എന്ന് പ്രചരിപ്പിക്കുന്നു. 10000 രൂപ ചെലവഴിച്ച് ബോര്‍ഡുകളും പ്രചാരണവും സംഘടിപ്പിക്കുന്നതിനേക്കാള്‍ 5000 രൂപയുടെ മൊബൈലും 5000 രൂപ കൂലിയും നല്‍കി പ്രചാരണം ഏല്‍പിക്കുന്നതല്ളേ നല്ലതെന്ന് സ്ഥാനാര്‍ഥികള്‍ ചോദിക്കുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.