ഓര്‍മയില്‍ നെഹ്റുവിന്‍െറ ഹസ്തദാനം

തൃക്കരിപ്പൂര്‍: രാജ്യം സ്വാതന്ത്ര്യം നേടി നാലുവര്‍ഷം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. 1952ല്‍ റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന കാലം. ആലുവ സ്റ്റേഷനില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജില്‍ യാത്രക്കാരുടെ ടിക്കറ്റ് ശേഖരിക്കുന്ന ചുമതലയിലാണ് തൃക്കരിപ്പൂര്‍ തങ്കയത്തെ കോളത്തേ് അബ്ദുറഹ്മാന്‍.
ആളുകളുടെ തിരക്കിനിടയിലൂടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു തന്‍െറ നേരെ നടന്നടുക്കുകയാണ്. പതിവ് കുര്‍ത്തയും നീളന്‍ വെയിസ്റ്റ് കോട്ടും തന്നെയായിരുന്നു വേഷം.

അമ്പരന്നു നില്‍ക്കുന്നതിനിടയില്‍ നെഹ്റു യുവ ജീവനക്കാരന്‍െറ കൈപിടിച്ചു കുലുക്കി. അന്ന് അല്‍പനേരം സ്തബ്ധനായി നിന്നുപോയതായി ഇപ്പോള്‍ 90 പിന്നിടുന്ന അബ്ദുറഹ്മാന്‍ ഓര്‍ക്കുന്നു. മുന്നിലും പിന്നിലും സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ, ലളിതമായ പൊതു ഗതാഗത സംവിധാനങ്ങളാണ് അന്നത്തെ നേതാക്കള്‍ അവലംബിച്ചിരുന്നത്. എറണാകുളത്തെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനാണ് നെഹ്റു എത്തിയത്. ഇന്ദിരാഗാന്ധിയുടെ ടിക്കറ്റ് പരിശോധിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇന്ദിരയും പ്രൈവറ്റ് സെക്രട്ടറി മിനോ മസാനിയും ട്രെയിനിലെ ഇന്‍റര്‍ ക്ളാസിലായിരുന്നു യാത്ര ചെയ്തിരുന്നത്. സെക്കന്‍ഡ് ക്ളാസിനും തേര്‍ഡ് ക്ളാസിനും ഇടയിലുള്ളതാണ് അന്നത്തെ ഇന്‍റര്‍ ക്ളാസ്. ഫസ്റ്റ് ക്ളാസ് ആരംഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നെഹ്റുവിനൊപ്പം മംഗലാപുരത്ത് എത്തിയ ഇന്ദിര അച്ഛനെ അനുഗമിച്ചാണ് ട്രെയിനില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്.

ചെറുവത്തൂരില്‍നിന്ന് കയറിയ ടിക്കറ്റ് എക്സാമിനര്‍ അബ്ദുറഹ്മാന് ഇന്ദിര ടിക്കറ്റ് നീട്ടി. ടിക്കറ്റ് വാങ്ങി പരിശോധിച്ച് ഒപ്പിട്ട് തിരികെ നല്‍കുന്നതിനിടയിലാണ് അദ്ദേഹം ആ മുഖം കണ്ടത്. പുഞ്ചിരിച്ച ഇന്ദിരയുടെ മുന്നിലെ സീറ്റില്‍ ഒന്നും പറയാനാവാതെ ഇരുന്നത് സര്‍വിസ് ജീവിതത്തിലെ മറക്കാനാവാത്ത ഏടായി അദ്ദേഹം സൂക്ഷിക്കുന്നു. പയ്യന്നൂരില്‍ കാത്തിരുന്ന യുവതികള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കാനും ഇന്ദിര സമയം കണ്ടത്തെി. പിന്നീട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു, എ.കെ.ജി, എന്‍.സി. ശേഖര്‍ എം.പി, വയലാര്‍ രവി എം.പി എന്നിവരോടൊപ്പം യാത്ര ചെയ്യാനും പരിചയപ്പെടാനും അവസരം ലഭിച്ചു. അവരില്‍ പലരും പിന്നീട് ഊഷ്മള സൗഹൃദം പുലര്‍ത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.