ആവേശക്കൊടുമുടിയിലൂടെ വി.എസ്

ആലപ്പുഴ: തെരഞ്ഞെടുപ്പ് വേദികളിലൂടെയുള്ള വി.എസിന്‍െറ പ്രയാണത്തിന് മാറ്റമില്ല.  എന്നും തെരഞ്ഞെടുപ്പ് കാലം വി.എസിന് അങ്ങനെയാണ്. വെയിലായാലും ഇടിവെട്ടി മഴപെയ്താലും പ്രയാണം തുടരും. പ്രായം 92 ആയെങ്കിലും അതിന് മാറ്റമില്ല. പിറന്നാളിന്‍െറ ലളിത ആഘോഷങ്ങള്‍ക്കുശേഷം തിരുവനന്തപുരത്തുനിന്നാണ് പര്യടനത്തിന് തുടക്കമിട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നിസ്സാരമല്ല. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ മുന്നോടിയാണ്. നിറം മങ്ങാത്ത ഓര്‍മകളും കാലിക സംഭവങ്ങളെക്കുറിച്ച വ്യക്തമായ നിശ്ചയങ്ങളും മനസ്സിലുണ്ട്. എതിരാളികള്‍ക്കെതിരെ ഉചിതമായ നാട്ടുഭാഷയില്‍ നന്നായി പ്രയോഗിക്കാന്‍ നല്ല പാടവവും. ഫലിതവും ആക്ഷേപഹാസ്യവും ഫാഷിസ്റ്റ് ഭരണതേര്‍വാഴ്ചക്കെതിരെ മുന്നറിയിപ്പും അഴിമതിക്കാരുടെ ചെയ്തികളുമെല്ലാം അതിലുണ്ടാകും.

ആള്‍ക്കൂട്ടങ്ങള്‍ എന്നും അച്യുതാനന്ദനെ ആവേശം കൊള്ളിച്ചിട്ടെയുള്ളൂ. വ്യാഴാഴ്ച കൊല്ലത്തെ അവസാന യോഗം ശൂരനാട്ടായിരുന്നു. അതുകഴിഞ്ഞ് രാത്രി ആലപ്പുഴക്ക് തിരിച്ചു. പുന്നപ്ര-വയലാര്‍ സമരനായകനായതിനാല്‍ വെള്ളിയാഴ്ച പുന്നപ്ര രക്തസാക്ഷിമണ്ഡപത്തില്‍ ദീപശിഖ സ്ഥാപിച്ച് പുഷ്പാര്‍ച്ച നടത്തി സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടത് വി.എസാണ്. വ്യാഴാഴ്ച രാത്രി ആലപ്പുഴ ഗെസ്റ്റ് ഹൗസില്‍ തങ്ങി. രാവിലെ 9.30ഓടെ ആദ്യയോഗമായ പുളിങ്കുന്നിലേക്ക് യാത്രയായി.10.15ഓടെ വി.എസ് എത്തി.പുളിങ്കുന്ന് എന്‍ജിനീയറിങ് കോളജിന് സമീപം വലിയ ജനക്കൂട്ടം.  ബി.ജെ.പി-എസ്.എന്‍.ഡി.പി കൂട്ടുകെട്ടിന്‍െറ ലാഞ്ഛനയുള്ള പ്രദേശമായതിനാല്‍ ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും വര്‍ഗീയ രാഷ്ട്രീയവും ജനങ്ങളെ കൊന്നൊടുക്കുന്ന അവരുടെ കിരാത ശൈലിയും വി.എസ് വിശദമായി പ്രതിപാദിച്ചു. ഇവരുമായി എങ്ങനെ ഗുരുവിന്‍െറ ആദര്‍ശ പ്രസ്ഥാനമായ എസ്.എന്‍.ഡി.പിക്ക് കൈകോര്‍ക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ ആലോചിക്കണം. വെള്ളാപ്പള്ളി നടേശന്‍േറത് വര്‍ഗീയ അജണ്ടയാണെന്നും വി.എസ് വിമര്‍ശിച്ചു. ഒപ്പം ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ അഴിമതിയും പറഞ്ഞു.
 അവിടെനിന്ന് എത്തിയത് വീടിന്  അകലെയല്ലാത്ത പുന്നപ്ര രക്തസാക്ഷിമണ്ഡപത്തിലേക്കാണ്.  മണ്ഡപത്തിലേക്ക് ആയിരങ്ങള്‍ ജാഥയായി എത്തിക്കൊണ്ടിരുന്നു.  അതുവഴിയുള്ള ഇടവഴിയിലൂടെ കാല്‍നടയായാണ് വി.എസ് മണ്ഡപത്തിലേക്ക് പോയത്. വഴിയുടെ വീതി സമീപവാസികള്‍ വേലികെട്ടി എടുത്തതുമൂലം കുറയുന്നത് വി.എസിന്‍െറ ശ്രദ്ധയില്‍പെട്ടു. ഇതിന് മാറ്റം വേണമെന്ന് സമീപത്ത് നിന്ന നേതാക്കളോട് അദ്ദേഹം പറഞ്ഞു.

ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നേതാക്കള്‍ അവിടെ ഉണ്ടായിരുന്നു. മുദ്രാവാക്യം വിളി മൂലം മുഖരിതമായ അന്തരീക്ഷം വി.എസ് വീക്ഷിച്ചു. അല്‍പസമയം കണ്ണടച്ചിരുന്ന് ആവേശം  ആസ്വദിച്ചു. പിന്നീട് ഗെസ്റ്റ് ഹൗസിലേക്ക്. അവിടെനിന്ന് വൈകുന്നേരം 4.30ഓടെ കഞ്ഞിക്കുഴിയിലെ യോഗ സ്ഥലത്തേക്ക്. അവിടെയും അഴിമതിയും വര്‍ഗീയതയുമായിരുന്നു വിഷയം. പിന്നീട് ആറുമണിയോടെ പുന്നപ്ര സമരഭൂമിക്ക് സമീപമുള്ള പൊതുസമ്മേളനവേദിയില്‍. എല്ലാ വര്‍ഷവും  രക്തസാക്ഷി വാരാചരണ സമ്മേളന ഉദ്ഘാടകന്‍ വി.എസാണ്.  പുന്നപ്ര സമ്മേളനത്തിനുശേഷം കോട്ടയത്തേക്ക്. ശനിയാഴ്ച രാവിലെ കോട്ടയത്തുനിന്ന് അടിമാലിയിലേക്ക് പോകും. ഇടുക്കിയിലെ പ്രചാരണം തുടങ്ങുന്നത് അടിമാലിയില്‍ നിന്നാണ്.

25ന് എറണാകുളം, 26ന് തൃശൂര്‍, 27ന് വീണ്ടും ആലപ്പുഴയില്‍. വയലാറില്‍ രക്തസാക്ഷി വാരാചരണത്തിന്‍െറ സമാപനത്തില്‍ പങ്കെടുക്കാനാണ് എത്തുന്നത്. അന്ന് ട്രെയിന്‍ മാര്‍ഗം കണ്ണൂരിലേക്ക്. 28ന് കണ്ണൂരിലും 29ന് കോഴിക്കോട്ടും 30ന് പാലക്കാട്ടും 31ന് മടങ്ങി കോട്ടയത്തും എത്തുന്ന തരത്തിലാണ് പര്യടന പരിപാടികള്‍. ഒന്നിന് പത്തനംതിട്ടയിലെ പര്യടനത്തിനുശേഷം രാത്രി തിരുവനന്തപുരത്തേക്ക് മടങ്ങും. കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ പരിപാടികളില്ല. സി.പി.എമ്മിന്‍െറ മാത്രമല്ല, ഇടതുമുന്നണിയുടെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ പങ്ക് എന്നും വി.എസിനാണ്. കണിശതയോടെ, വിട്ടുവീഴ്ചയില്ലാതെ നിലപാടുകള്‍ വ്യക്തമാക്കി പോകുന്ന വി.എസിന് പഞ്ചായത്ത് തെരഞ്ഞെടുപ്പും 92ാം വയസ്സിലും തിരക്കുള്ള ദിനങ്ങളായി മാറുന്നത് അതുകൊണ്ടാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.