അഡ്ജസ്റ്റ്മെന്‍റ്, അതല്ലേ എല്ലാം...

ഏതെങ്കിലും സ്ഥാനാര്‍ഥികള്‍ ചെലവ് പരിധിയില്‍നിന്ന് കാലണ കൂടുതല്‍ പൊലിക്കുന്നുണ്ടോ എന്ന് സദാ നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പ്രത്യേകം ചുമതലപ്പെടുത്തിയ ധനകാര്യ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരുടെ കാര്യമാണ് കഷ്ടം. ശീതീകൃത വാഹനവും ഓസി താമസവും തീറ്റ, കുടി എന്നിവയും തരമാക്കാമെന്നല്ലാതെ കമീഷന്‍ നിര്‍ദേശിച്ച പരിധിയില്‍നിന്ന് ചെലവ് കൂടുന്നുണ്ടോ എന്ന് വെറുതെയൊന്ന് നിരീക്ഷിക്കാമെന്നേയുള്ളു.

ശിങ്കിടി വാലന്മാരായ പത്തുപേര്‍ക്കെങ്കിലും ദിവസം രണ്ട് നേരം ചായ, കടി എന്നിവയും വില കുറഞ്ഞതെങ്കിലും ഇരുനേരം ശാപ്പാടുമായാല്‍ തന്നെ പ്രചാരണ ദിനം കടന്നുകിട്ടുമ്പോഴേക്കും ഒരുവക ആയിട്ടുണ്ടാവും. മിക്ക സ്ഥാനാര്‍ഥികളും പ്രചാരണ ഓഫിസിന് വാടക മുറി സംഘടിപ്പിച്ചിട്ടുണ്ട്. വെറുതെ കുത്തിയിരിക്കുന്നവര്‍ക്ക് വായിച്ചുതള്ളാന്‍ നന്നേ കുറഞ്ഞത് രണ്ടിനം വര്‍ത്തമാന പത്രങ്ങള്‍ നിര്‍ബന്ധമാണെന്ന് വിലാപ ശൈലിയിലാണ് ഒരു സ്ഥാനാര്‍ഥി മൊഴിഞ്ഞത്. വിലകുറഞ്ഞ ശാപ്പാടെന്നൊക്കെ പറയാമെങ്കിലും പലപ്പോഴും നടന്നെന്നുവരില്ല. നോട്ടീസ്, പോസ്റ്റര്‍, ഒട്ടിപ്പ് കാശ്, ബാനര്‍, ചുമരെഴുത്ത് തുടങ്ങിയ പതിവ് ഇനങ്ങള്‍ വേറെ. ഇതെല്ലാം സഹിക്കാം. ചെലവ് കൂടിപ്പോകുന്നൂവെന്ന് ആത്മഗതം കൊള്ളാന്‍ പോലും പാടില്ല. കൂലിക്കല്ലാതെ ഒരു സഹായവും കിട്ടിക്കൊള്ളണമെന്നില്ല.

ഏറ്റക്കുറച്ചില്‍ ഉണ്ടായേക്കാമെങ്കിലും ത്രിതല തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ ഗ്രാമമായാലും ജില്ലയായാലും വണ്ണത്തിലേ കുറക്കാനാവൂ. എണ്ണം എല്ലാം തികച്ചേ പറ്റൂ. തമ്മില്‍ ഭേദം ഇടത് മുന്നണി സ്ഥാനാര്‍ഥികളുടെ കാര്യമാണ്. മിക്കവര്‍ക്കും കുളിച്ച് കുപ്പായമിട്ട് ഹാജരായാല്‍ മതി. ബാക്കിയെല്ലാം പാര്‍ട്ടി നോക്കിക്കോളും. യു.ഡി.എഫിന്‍െറ കാര്യം അങ്ങനെയല്ല. അഭിപ്രായം പറയാനും മേല്‍നോട്ടം വഹിക്കാനും മാത്രമേ നേതാക്കള്‍ ഉണ്ടായെന്ന് വരൂ. പിരിവ് നടത്താന്‍ വരെ മത്സരിക്കുന്നവരായിരിക്കും കൂടുതല്‍.

ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് അളവിനാണ് കാശ്. ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് 10,000 രൂപ, ബ്ളോക്കിലേക്ക് 30,000 രൂപ, ജില്ലയിലേക്ക് 60,000 രൂപ, നഗരസഭയിലേക്ക് 30,000 രൂപ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നിശ്ചയിച്ചുറപ്പിച്ച ചെലവ് പരിധി.
ഈ സംഖ്യയില്‍ ചെലവ് ഒതുങ്ങുന്നുണ്ടോ എന്നതിന് ഇല്ല എന്നായിരിക്കും ഏതെങ്കിലുമൊരു വാര്‍ഡിലോ ഡിവിഷനിലോ 50 വാര നടക്കുമ്പോഴേക്കും ലഭിക്കുന്ന മറുപടി. പിന്നെ, നിരീക്ഷകര്‍ എങ്ങനെ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നുവെന്ന ചോദ്യത്തിന് ഇതുവരെ ഇന്ത്യയിലൊരിടത്തുനിന്നും തൃപ്തികരമായ മറുപടി ആര്‍ക്കും ലഭിച്ചതായി അറിവില്ല. സ്ഥാനാര്‍ഥികള്‍ ഹാജരാക്കുന്ന ചെലവ് രേഖകളാണ് പരിശോധനാ വേളയിലെ മുഖ്യമാനദണ്ഡം.
അനുവദിച്ച തുകകൊണ്ട് ഒന്നുമാവില്ളെന്ന് സ്ഥാനാര്‍ഥികള്‍ക്കും നിരീക്ഷകര്‍ക്കും ഒരുപോലെ അറിയാം. ഉരലിന്‍െറ മറപോലുമില്ലാതെ കാട്ടിക്കൂട്ടല്‍ നടത്തുന്നവരെ പിടികൂടുക എന്ന പൊതു രീതിയാണ് നിരീക്ഷകര്‍ സ്വീകരിക്കുന്നതും. എല്ലാം ഒരഡ്ജസ്റ്റ്മെന്‍റ് അല്ളേ...
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.