പീരുമേട്: ജില്ലാ പഞ്ചായത്ത് വാഗമണ്‍ ഡിവിഷനില്‍ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ രണ്ടു വനിതകള്‍ ഏറ്റുമുട്ടുന്നു. പീരുമേട് ഗ്രാമപഞ്ചായത്തിലെ ഒമ്പതു വാര്‍ഡുകള്‍ ഇത്തവണ വാഗമണ്‍ ഡിവിഷനില്‍ ചേര്‍ത്തതോടെ വിജയം പ്രവചനാതീതമാണ്. പെരുവന്താനം, കൊക്കയാര്‍, ഏലപ്പാറ, ഗ്രാമപഞ്ചായത്തുകളും പീരുമേട് പഞ്ചായത്തിലെ ഒമ്പതു വാര്‍ഡുകളും ഉപ്പുതറ പഞ്ചായത്തിലെ പശുപ്പാറ വാര്‍ഡും വാഗമണ്ണില്‍ ഉള്‍പ്പെടുന്നു. ഏലപ്പാറ, പീരുമേട്, പെരുവന്താനം ഗ്രാമപഞ്ചായത്തുകള്‍ യു.ഡി.എഫ് ഭരണത്തിലും കൊക്കയാറില്‍ എല്‍.ഡി.എഫുമാണ് ഭരിക്കുന്നത്. വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഡിവിഷനില്‍ ബി.ജെ.പിയും മത്സരരംഗത്തുണ്ട്. പീരുമേട്, ഏലപ്പാറ, ഉപ്പുതറ, പഞ്ചായത്തുകള്‍ തേയിലത്തോട്ടങ്ങളും കാര്‍ഷിക മേഖലയും നിറഞ്ഞതാണ്. തേയില, റബര്‍ കാര്‍ഷിക മേഖലകളിലെ വ്യത്യസ്തരായ വോട്ടര്‍മാരുടെ വോട്ടുകളാണ് സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച സീറ്റ് നിലനിര്‍ത്താന്‍ ജില്ലയിലെ മുതിര്‍ന്ന വനിതാ നേതാവിനെ ഇറക്കിയാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നു. കരിമണ്ണൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്ത ഇന്ദു സുധാകരനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. 2000ലെ തെരഞ്ഞെടുപ്പിലും 2005ലും ഇളംദേശം ബ്ളോക് പഞ്ചായത്ത് അംഗവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു.
മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, ഡി.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വിദേശത്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ സുധാകരനാണ് ഭര്‍ത്താവ്. കൈവിട്ട സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് സി.പി.ഐ നടത്തുന്നത്. 2005ലെ തെരഞ്ഞെടുപ്പില്‍ ഇ.എസ്. ബിജിമോളും 2006ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സുസ്മിത ജോണും ജയിച്ച വാഗമണ്‍ സി.പി.ഐക്ക് പ്രതീക്ഷ നല്‍കുന്നു. 2010ല്‍ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് അംഗവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ മോളി ഡൊമിനിക്കിനെയാണ് മത്സരിപ്പിക്കുന്നത്. മഹിള സംഘം ജില്ലാ അസി. സെക്രട്ടറി, സി.പി.ഐ കൊക്കയാര്‍ മണ്ഡലം കമ്മിറ്റി അംഗം, കൊക്കയാര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. അനില്‍കുമാറാണ് ഭര്‍ത്താവ്. ഏലപ്പാറ സ്വദേശി ടി. മഞ്ജുള ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രചാരണ രംഗത്തുണ്ട്.
വിലത്തകര്‍ച്ചയില്‍ പ്രതിസന്ധിയിലായ ചെറുകിട റബര്‍, ഏലം, തേയില കര്‍ഷകരും പ്രതിസന്ധിയിലായ തോട്ടങ്ങളിലെ തൊഴിലാളികളും സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കും. 2005, 2006, 2010 എന്നീ തെരഞ്ഞെടുപ്പുകളില്‍ വാഗമണ്‍ ഡിവിഷനില്‍നിന്ന് തെരഞ്ഞെടുത്തവരാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയതെന്ന പ്രത്യേകതയും നിലനില്‍ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.