പ്രചാരണ ചെലവ് പരിധി കടന്നാല്‍ അയോഗ്യത

തൃശൂര്‍: അനുവദനീയമായ തുകക്കപ്പുറം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാക്കുന്ന സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പിന്നാലെ കണക്കെടുപ്പുമായി ഒരുകൂട്ടം ഉദ്യോഗസ്ഥരുണ്ട്. തുക പരിധി കടന്നെന്ന് കണ്ടാല്‍ അയോഗ്യത ഉറപ്പ്.
പ്രചാരണ ചെലവ് നിരീക്ഷിക്കാന്‍ ആറ് പേരെയാണ് കമീഷന്‍ നിയോഗിച്ചിട്ടുളളത്. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പൊതു നിരീക്ഷകനായുമുണ്ട്. ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നവര്‍ 10,000 രൂപയില്‍ കൂടുതല്‍ ചെലവാക്കരുത്. ബ്ളോക്, നഗരസഭ എന്നിവിടങ്ങളില്‍ 30,000 വരെയാകാം. കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് പരിധി 60,000 രൂപയാണ്.
പ്രചാരണ ചെലവിന്‍െറ വിശദ റിപ്പോര്‍ട്ട് നല്‍കാനാണ് നിരീക്ഷകര്‍ക്ക് നിര്‍ദേശം. പ്രചാരണ രീതി, സാമഗ്രികള്‍ തുടങ്ങിയവയുടെ വിപണി നിരക്ക് കണക്കാക്കിയാണ് ചെലവ് നിശ്ചയിക്കുന്നത്. അനധികൃതമായി പൊതുസ്ഥലങ്ങളിലും പൊതുസ്ഥാപനങ്ങളുടെ വസ്തുവകകളിലും പതിക്കുന്ന പ്രചാരണ സാമഗ്രികള്‍ നീക്കാനുളള ചെലവും സ്ഥാനാര്‍ഥിയുടെ കണക്കില്‍പെടുത്തും. ജില്ലയിലെ നിരീക്ഷകര്‍ ഇതിനകം പര്യടനം ആരംഭിച്ചു. സ്ഥാനാര്‍ഥികളും മറ്റ് ബന്ധപ്പെട്ടവരും പരമാവധി നിയന്ത്രണം പാലിക്കണമെന്നും വാഹന ഉപയോഗത്തിലും പ്രചാരണ സാമഗ്രികളിലും അധിക ചെലവ് ഒഴിവാക്കണമെന്നും കലക്ടര്‍ ഡോ. എ. കൗശികന്‍ നിര്‍ദേശിച്ചു.
വൈദ്യുതി തൂണുകളില്‍ സ്ഥാപിച്ച ബാനറും ബോര്‍ഡും ഉടന്‍ മാറ്റിയില്ളെങ്കിലും നടപടിയുണ്ടാകും. ഇക്കാര്യം അവലോകനം ചെയ്യാന്‍ ജില്ലാ വൈദ്യുതി അപകട നിവാരണ സമിതി യോഗം ചേര്‍ന്നു. വൈദ്യുതി തൂണുകള്‍ക്കും കമ്പികള്‍ക്കുമടുത്ത് മറ്റ് തൂണുകള്‍ നാട്ടി പ്രചാരണ ബോര്‍ഡ് സ്ഥാപിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.