കരൂപ്പടന്ന: തെരഞ്ഞെടുപ്പില്‍ വനിതാ സംവരണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ധൈര്യപ്പെടാത്ത കാലത്ത് യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്ന് ഒരു സ്ത്രീ രാഷ്ട്രീയത്തില്‍ ഇറങ്ങുക, പാര്‍ട്ടിയിലും ഭരണത്തിലും ഉന്നത പദവികള്‍ അലങ്കരിക്കുക. കരൂപ്പടന്ന വള്ളിവട്ടം പടിയത്ത് പുത്തന്‍കാട്ടില്‍ ഐഷ ലത്തീഫ് എന്ന വീട്ടമ്മ പ്രാദേശിക രാഷ്ട്രീയത്തില്‍ നടത്തിയ അരങ്ങേറ്റം രാഷ്ട്രീയത്തിലെ പുതുതലമുറക്ക് അവിശ്വസനീയമായി തോന്നാം.
പുരുഷന്മാരേക്കാള്‍ വനിതാ സ്ഥാനാര്‍ഥികള്‍ അരങ്ങുവാഴുന്ന ഈ തെരഞ്ഞെടുപ്പ് നാളുകളില്‍ പൊതുരംഗത്ത് ഇറങ്ങുന്ന സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ഓര്‍മിക്കാവുന്ന പേരാണ് പഴയ മഹിളാ കോണ്‍ഗ്രസ് നേതാവ് ഐഷ ലത്തീഫിന്‍േറത്. ആറ് വര്‍ഷമായി ഓര്‍മകള്‍ നഷ്ടപ്പെട്ട് വെള്ളാങ്ങല്ലൂരിലെ വസതിയില്‍ രോഗശയ്യയിലാണവര്‍. എങ്കിലും അവര്‍ വെട്ടിത്തുറന്ന രാഷ്ട്രീയ പാരമ്പര്യപാതകള്‍ പഴയ തലമുറക്ക് നനുത്ത ഓര്‍മയാണ്.
1988 മുതല്‍ വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തംഗമായ ഐഷ ലത്തീഫ് 92 മുതല്‍ 95 വരെ പ്രസിഡന്‍റായി. കെ. കരുണാകരന്‍ അടക്കം സമുന്നത കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പമുണ്ടായിരുന്നു. ദീര്‍ഘകാലം മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റായും കെ.പി.സി.സി അംഗമായും പ്രവര്‍ത്തിച്ചു. കരുണാകരന്‍ മാളയില്‍ മത്സരിക്കുമ്പോഴെല്ലാം പ്രചാരണത്തിന്‍െറ വനിതാ വിഭാഗം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഐഷയായിരുന്നു. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗമായി പ്രവര്‍ത്തിച്ച് ശ്രദ്ധേയമായ നിരവധി കേസുകള്‍ കൈകാര്യം ചെയ്തു.
25 വര്‍ഷം വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും കമ്യൂണിസ്റ്റ് സഹയാത്രികനും ആയിരുന്ന പരേതനായ പി.വി. അബ്ദുല്‍ ഖാദര്‍ ഐഷയുടെ ജ്യേഷ്ഠസഹോദരനാണ്. മറവി രോഗത്തിന് കീഴ്പ്പെട്ടെങ്കിലും അവരുടെ കര്‍മനിരതമായ പൊതുപ്രവര്‍ത്തനകാലം പ്രദേശവാസികളുടെ ഓര്‍മയില്‍ ഇന്നും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.