സി.കെ. ജാനു

മാനന്തവാടിയിൽ സി.കെ ജാനുവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ജെ.ആർ.പി

മാനന്തവാടി: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന് യു.ഡി.എഫ് ഘടകകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി). സീറ്റുകൾ ലഭിച്ചില്ലെങ്കിൽ മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും സ്വതന്ത്രരെ നിർത്തി മത്സരിപ്പിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. മാനന്തവാടിയിൽ സി.കെ ജാനുവിനെ മത്സരിപ്പിക്കും. ഇത് ജാനുവിന്റെ അറിവോട് കൂടിയാണെന്നും നേതാക്കൾ പറഞ്ഞു.

എന്നാൽ നേതൃത്വ തീരുമാനത്തെ തള്ളി സി.കെ. ജാനു രംഗത്തെത്തി. മേൽ പറഞ്ഞ മണ്ഡലങ്ങൾ ലഭിച്ചില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്ന തീരുമാനം എടുത്തിട്ടില്ല. പ്രാദേശിക വികാരമാണ് ജില്ലാ നേതൃത്വം പ്രകടിപ്പിച്ചതെന്നും ജാനു പ്രതികരിച്ചു. അടുത്തിടെ യു.ഡി.എഫിൽ അസോസിയേറ്റ് അംഗമായ സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ രണ്ട് സീറ്റിൽ മത്സരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വയനാട്ടിലെ മാനന്തവാടിയും കോഴിക്കോട് ബാലുശ്ശേരിയുമാണ് പാർട്ടി ആവശ്യപ്പെട്ടത്.

എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ സി.കെ ജാനുവിന് സീറ്റ് നൽകില്ലെന്ന് വി.ഡി സതീശൻ ജാനുവിനെ അറിയിച്ചിരുന്നു. ഇതോടെ സീറ്റിനായി ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുകയായിരുന്നു സി.കെ. ജാനു. വി.ഡി സതീശന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ജെ.ആർ.പി രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടെ ഉയർത്തിപ്പിടിച്ചത് ദലിത് ആദിവാസി പിന്നോക്ക വിഭാഗങ്ങളെ ചേർത്തുനിർത്തുക എന്നതാണെന്നും അതിന് വിഭിന്നമായാണ് യു.ഡി.എഫ് നേതൃത്വം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നുമാണ് ജനാധിപത്യ രാഷ്ട്രീയ സഭ പറയുന്നത്. ഈ രാഷ്ട്രീയം ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ ജാനു സമീപിക്കുന്നതെന്നും നേതൃത്വം പറഞ്ഞു. 

Tags:    
News Summary - JRP announces CK Janu as candidate in Mananthavady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.