ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വെച്ചാല്‍ തടവും പിഴയും

തൊടുപുഴ: ഒരാള്‍ ഒന്നിലധികം വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശംവെക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ഒരു ലക്ഷം രൂപ പിഴയും 12മാസം തടവും അല്ളെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. മരിച്ചതോ ജീവിച്ചിരിക്കുന്നതോ ആയ മറ്റൊരാളുടെ പേരില്‍ ബാലറ്റ് പേപ്പറിന് അവകാശമുന്നയിക്കുകയോ ഒരു തെരഞ്ഞെടുപ്പില്‍ ഒരാള്‍ ഒന്നിലധികം വോട്ട് രേഖപ്പെടുത്തുകയോ പോളിങ് ദിവസം വോട്ടെടുപ്പിന് തടസ്സമുണ്ടാകുന്ന രീതിയില്‍ പെരുമാറുകയോ ചെയ്താല്‍ അഞ്ചുലക്ഷം രൂപ പിഴയോ 12മാസം തടവോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
ഒരു പ്രത്യേക സ്ഥാനാര്‍ഥിക്കുവേണ്ടി പണം കൊടുത്തോ സ്വാധീനിച്ചോ വോട്ട് പിടിക്കുന്നതും വോട്ടില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ലക്ഷം രൂപ പിഴയോ 12മാസം തടവോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. ആരെങ്കിലും പോളിങ് ബൂത്തിന്‍െറ പരിസരത്തും പോളിങ് ദിവസം പോളിങ് സ്റ്റേഷന്‍െറ സമീപത്തും പൊതുയോഗങ്ങള്‍ നടത്തുകയോ അനധികൃതമായി അറിയിപ്പുകള്‍ നല്‍കുകയോ ചെയ്യാന്‍ പാടില്ല. കൂടാതെ ഇവിടെ ബാഡ്ജ്, പോസ്റ്റര്‍, ബാനര്‍, ഫ്ളാഗ്, ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുകയോ ധരിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. ഇങ്ങനെ ചെയ്താല്‍ ഒരുലക്ഷം രൂപ പിഴയോ ആറുമാസം തടവോ ലഭിക്കും. ആരെങ്കിലും പോളിങ് ബൂത്തിനുള്ളില്‍വെച്ച് തങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് പരസ്യപ്പെടുത്തുകയോ മറ്റാരെങ്കിലും ചെയ്ത വോട്ട് വെളിപ്പെടുത്തുകയോ ചെയ്യുന്നതും കുറ്റകരമാണ്.
തങ്ങളുടേതല്ലാത്ത നിയോജകമണ്ഡലത്തില്‍ ഏതെങ്കിലുമൊരാള്‍ വോട്ട് ചെയ്യുകയോ അതിനായി പരിശ്രമിക്കുകയോ ചെയ്യുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഈ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരുലക്ഷം രൂപ പിഴയോ ആറുമാസം തടവോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നശിപ്പിക്കുകയോ തട്ടിയെടുക്കുന്നതിന് പരിശ്രമിക്കുകയോ ചെയ്താല്‍ 24മാസം തടവ് ലഭിക്കും. പോളിങ് ദിനത്തില്‍ വോട്ട് ചെയ്യാന്‍ സ്വാധീനിക്കുകയോ ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടുചെയ്യാന്‍ നിര്‍ബന്ധിക്കുകയോ വോട്ട് ചെയ്യരുതെന്നഭ്യര്‍ഥിക്കുകയോ ചെയ്താല്‍ അവര്‍ക്ക് ഒരുലക്ഷം രൂപ പിഴയോ ആറുമാസം തടവോ ലഭിക്കും.
 പോളിങ് ദിവസത്തില്‍ സൈറണ്‍ ഉപയോഗിക്കുകയോ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രത്യേക നിറങ്ങളോ ചിഹ്നങ്ങളോ  പ്രദര്‍ശിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിക്കുകയോ,  ചിഹ്നങ്ങള്‍, നോട്ടീസുകള്‍, ചിത്രങ്ങള്‍, പാര്‍ട്ടി കാര്‍ഡുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്.
മാരകായുധങ്ങള്‍ കൈയില്‍ സൂക്ഷിക്കുന്നതും പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങളോ, മുഖാവരണമോ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരുലക്ഷം രൂപ പിഴയോ ആറുമാസം തടവോ ശിക്ഷയായി ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.