മാണിയും ജോര്‍ജും പിന്നെ റബറും; പൂഞ്ഞാര്‍ ആര്‍ക്കൊപ്പമൊഴുകും

ഈരാറ്റുപേട്ട: സാക്ഷാല്‍ കെ.എം. മാണിപോലും അറച്ചുനിന്നപ്പോള്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ പി.സി. ജോര്‍ജിനോട് നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യം കാട്ടിയത് നിര്‍മല ജിമ്മിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ ധൈര്യം പി.സി. ജോര്‍ജിനെ തെല്ളൊന്ന് ഭയപ്പെടുത്തുന്നുമുണ്ട്.

ഈ ഭീഷണിയെ മുളയിലെ നുള്ളാന്‍ സെക്കുലര്‍ സ്ഥാനാര്‍ഥിയിലൂടെ പി.സി. ജോര്‍ജ് ശ്രമിക്കുമ്പോള്‍ തിരിച്ചടി നല്‍കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍െറ ശ്രമം. ഇതോടെ വമ്പന്മാരുടെ നിഴല്‍ പോരാട്ടമായി  ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനിലെ മത്സരം മാറിയിരിക്കുകയാണ്.
രണ്ടു കേരള കോണ്‍ഗ്രസുകളുടെ ഏറ്റുമുട്ടലിന് കൂടിയാണ് പൂഞ്ഞാര്‍ വേദിയാകുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മാണി ഗ്രൂപ് അംഗവും  നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന  നിര്‍മല ജിമ്മിയും എല്‍.ഡി.എഫ് പിന്തുണയോടെ  കേരള കോണ്‍ഗ്രസ് സെക്കുലറിലെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന ലിസി സെബാസ്റ്റിനും തമ്മിലാണ് മത്സരം. ബി.ജെ.പിയിലെ ബിന്ദുമുരളിയും ഇരുവര്‍ക്കും ശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്.

യു.ഡി.എഫ് സാരഥിയായി എത്തുന്ന നിര്‍മല ജിമ്മി 1995-2000 കാലത്ത് ലാളം ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായും 2000-05 വര്‍ഷത്തില്‍ ലാളം ബ്ളോക് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിരുന്നു.  2005ല്‍ ഭരണങ്ങാനം ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്കും എത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റായ ഈരാറ്റുപേട്ട ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുകയും യു.ഡി.എഫ് ധാരണ പ്രകാരം രാധാ വി. നായര്‍ക്ക് ശേഷം രണ്ടാം പകുതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തീരുകയും ചെയ്തു.

എല്‍.ഡി.എഫിലെ ലിസി സെബാസ്റ്റിന്‍ കഴിഞ്ഞ തവണയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ഥിയായി പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ മത്സരിച്ച് വിജയിക്കുകയും അവസാന ഒന്നേകാല്‍ വര്‍ഷം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പദവി അലങ്കരിക്കുകയും ചെയ്തു.  ബി.ജെ.പി ടിക്കറ്റില്‍ മത്സരരംഗത്തുള്ള മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്‍റു കൂടിയായ ബിന്ദു മുരളിക്കും മത്സര പരിചയമുണ്ട്.

ഈരാറ്റുപേട്ടയായിരുന്ന ഡിവിഷന്‍   നഗരസഭയായതിനെ തുടര്‍ന്നാണ് പൂഞ്ഞാര്‍ ഡിവിഷനായി മാറുന്നത്. പാലാ നിയോജക മണ്ഡലത്തിലെ  മേലുകാവ്, മൂന്നിലവ്, തലപ്പുലം, തലനാട് പഞ്ചായത്തുകളും പൂഞ്ഞാര്‍ മണ്ഡലത്തിലെ, തിടനാട് പഞ്ചായത്ത് പൂര്‍ണമായും തീക്കോയി പഞ്ചായത്തിലെ 12,13 വാര്‍ഡുകള്‍ ഒഴിച്ചുള്ള പ്രദേശങ്ങളും പൂഞ്ഞാര്‍ പഞ്ചായത്തിന്‍െറ 6,8,9 വാര്‍ഡുകള്‍ കഴിച്ചുള്ള ഭാഗങ്ങളും ഉള്‍പ്പെട്ടതാണ് നിലവിലുള്ള പൂഞ്ഞാര്‍ ഡിവിഷന്‍. രാഷ്ട്രീയത്തിനൊപ്പം റബര്‍ വിലയിടിവും സജീവചര്‍ച്ചയാണ് ഡിവിഷനില്‍.   പൂഞ്ഞാര്‍ ഡിവിഷനില്‍ ഉള്‍പ്പെട്ട പാലാ മണ്ഡലത്തില്‍പെട്ട പഞ്ചായത്തുകള്‍ മുമ്പ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലായിരുന്നു. അതിനാല്‍ ഈ പ്രദേശത്ത്് പി.സി. ജോര്‍ജിന്‍െറ ശക്തമായ സ്വാധീനം ഇപ്പോഴും തുടരുന്നുവെന്നാണ് സെക്കുലര്‍ നേതാക്കള്‍ പറയുന്നത്. പി.സി. ജോര്‍ജ് കൂടെയുള്ളപ്പോഴും മാറിനിന്നപ്പോഴും യു.ഡി.എഫിനെ മാത്രം വിജയിപ്പിച്ചു ചരിത്രമാണ് ഡിവിഷനെന്ന് യു.ഡി.എഫ് നേതാക്കളും പറയുന്നു.

എന്നാല്‍, കോഴ വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളും റബര്‍മേഖലയില്‍ സംഭവിച്ച ആനുകാലിക സംഭവങ്ങളും ഉള്‍പ്പെടെയുള്ള കേരള രാഷ്ട്രീയവും ജനത്തെ സ്വാധീനിക്കുമെന്നും വിജയം ഇടതുപക്ഷത്തോടൊപ്പമായിരിക്കുമെന്നാണ് ഇടതു പക്ഷ, സെക്കുലര്‍ കേരള കേണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ മുള്‍മുനയില്‍നിന്ന് പ്രദേശം ഒഴിവായതില്‍ പ്രദേശത്തെ ജനങ്ങളെക്കാള്‍ സന്തോഷം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനാണ്. എന്നാല്‍, കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ഘടകമായിരുന്നിട്ടുകൂടി പ്രദേശത്തിന്‍െറ വികസനത്തില്‍ താല്‍പര്യം കാട്ടിയില്ല  എന്ന പരാതി മാണിഗ്രൂപ്പും ജോര്‍ജ് ഗ്രൂപ്പും ഒരുപോലെ നേരിടുന്നു. മാറിയ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബി.ജെ.പി പറയുന്നത്.  റബര്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. കര്‍ഷകരക്ഷ പറയുന്നവരുടെ പ്രവര്‍ത്തനവും പ്രസംഗവും രണ്ടും രണ്ടാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. സംഘടനാപരമായി എസ്.എന്‍.ഡി.പി മേഖലയില്‍ ശക്തമാണ്. ഇതെല്ലാം തങ്ങള്‍ക്കുള്ള വിജയ ഘടകങ്ങളാണെന്ന് ബി.ജെ.പി അവകാശപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.