പത്തനംതിട്ട: ഇണക്കവും പിണക്കവും കുടുംബങ്ങളില്‍ സാധാരണമാണ്. സൗന്ദര്യപിണക്കം മുതല്‍ ആനപിണങ്ങുംപോലുള്ള പിണക്കംവരെ കുടുംബങ്ങളില്‍ ഉണ്ടാകാറുണ്ട്. രാഷ്ട്രീയത്തില്‍ മുന്നണി സമ്പ്രദായം കണ്ടുപിടിച്ചതു മുതല്‍ ഇണക്കവും പിണക്കവുമുണ്ട്. ഓരോമുന്നണിക്കാരും അവകാശപ്പെടുന്നത് അവര്‍ ഒരു കുടുംബക്കാരാണെന്നാണ്. ഇണക്കവും പിണക്കവും സര്‍വത്ര ആയതുകൊണ്ടാണോ ആവോ അവര്‍ സ്വയം കുടംബം എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. കുടുംബങ്ങളിലെ ചില കടുംപിടിത്തക്കാരാണ് ആന പിണങ്ങും പോലെ പിണങ്ങാറുള്ളത്. അവരുടെ ഒരുമിക്കല്‍ പിന്നെ ഒത്തിട്ട് ഒത്തു എന്ന് പറഞ്ഞാല്‍ മതി.
രാഷ്ട്രീയത്തില്‍ അതല്ല ട്രെന്‍റ്. സ്ഥിരം ശത്രുക്കളില്ളെന്നതാണ് അവിടുത്തെ വേദവാക്യം. ഇന്ന് തെറിപറയും നാളെ തോളില്‍ കൈയിടും. അതില്‍ ഇരുകൂട്ടര്‍ക്കും ഉളുപ്പ് തോന്നാറുമില്ല. സ്വത്ത് വീതംവെപ്പിന്‍െറ ഭാഗം വരുമ്പോഴാണല്ളോ കുടുംബങ്ങളില്‍ കുടിപ്പക മുളപൊട്ടുന്നത്. മുന്നണികളിലും അതുതന്നെ സീസണ്‍. തെരഞ്ഞെടുപ്പിലെ സീറ്റാണല്ളോ അവരുടെ സ്വത്ത്. അത് വീതംവെക്കുമ്പോള്‍ മേനി നടിച്ചിരുന്നാല്‍ ഭാവിയില്‍ പശിയടക്കാന്‍ നിവൃത്തിയില്ലാതാകും. അതിനാല്‍ പിണങ്ങേണ്ടിടത്ത് പിണങ്ങാതെ നിവൃത്തിയില്ല. നിവൃത്തികേടുകൊണ്ട് ഇങ്ങനെ പിണങ്ങുമ്പോഴും ഉള്ളില്‍ പ്രണയം സൂക്ഷിക്കുന്ന വിദ്യ അവര്‍ക്കറിയാം. അതിന് അവര്‍ ഒരു ഓമനപ്പേരും നല്‍കിയിട്ടുണ്ട്.
‘സൗഹൃദ മത്സരം’. എന്തുപറഞ്ഞാലും നീ എന്‍േറതല്ളേ വാവേ... നിന്നു പിണങ്ങാതെ ഒന്നു കൂടെപ്പോരൂ പൂവേ.... എന്ന പാട്ടൊക്കെ പാടിയിട്ടും കൂടെ പോരാത്തവരുമായാണ് സൗഹൃദപൂര്‍വം ഏറ്റുമുട്ടുന്നത്. അപ്പോഴും എന്തുപറഞ്ഞാലും നീ എന്‍േറതല്ളേ വാവേ... എന്ന മൂളിപ്പാട്ട് ഉള്ളില്‍ സൂക്ഷിക്കുമത്രേ. പത്തനംതിട്ട നഗരസഭയില്‍ ആര്‍.എസ്.പിക്ക് ഇങ്ങനെ മനസ്സില്ലാമനസ്സോടെ അങ്കം കുറിക്കാനാണ് ഇത്തവണ യോഗം. പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് ഈ യോഗം തലയിലേറ്റാന്‍ തീരുമാനിച്ചത്. പണിപ്പെട്ട് അദ്ദേഹം ഭാര്യക്ക് തരപ്പെടുത്തിയ സീറ്റ് വേണമെന്നായിരുന്നു ആര്‍.എസ്.പിയുടെ ആവശ്യം. ഒടുവില്‍ ഭാര്യക്ക് സീറ്റ് വേണോ അതോ ആര്‍.എസ്.പിയെ കൂടെ നിര്‍ത്തണോ എന്ന അനര്‍ഘ നിമിഷത്തില്‍ ആര്‍.എസ്.പിയോടുള്ള പ്രണയം ഉപേക്ഷിക്കാന്‍ ചെയര്‍മാന്‍ തീരുമാനിക്കുകയായിരുന്നത്രേ.
24, 25 വാര്‍ഡുകളില്‍ വിരഹ വേദനുമായി മത്സരത്തിനിറങ്ങിയിരിക്കയാണ് ആര്‍.എസ്.പി. പന്തളം നഗരസഭയിലുമുണ്ട് ഇതുപോലൊരു സൗഹൃദ കലഹം. 21ാം നമ്പര്‍ തവളംക്കുളം തെക്ക് വാര്‍ഡില്‍ സി.പി.എമ്മുമായുള്ള ചിരകാല ബന്ധം ഒഴിഞ്ഞ് സി.പി.ഐ സ്വന്തംകാലില്‍ ജനവിധി പരീക്ഷിക്കുന്നു. നഗരസഭയിലെ മറ്റ് വാര്‍ഡുകളില്‍ പിണക്കമില്ല. അടൂര്‍ നഗരസഭയില്‍ മുസ്ലിംലീഗ് ആകെ ബേജാറിലാണ്. കോണ്‍ഗ്രസുമായുള്ള അവരുടെ മുഹബത്ത് തകര്‍ന്ന് തരിപ്പണമായി. യു.ഡി.എഫില്‍നിന്ന് പെട്ടിയും കിടക്കയും എടുത്ത് അവര്‍ തെരുവിലേക്കിറങ്ങി. ആറു വാര്‍ഡുകളില്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ അവര്‍ തീരുമാനിച്ച് ഏണി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി. റെബലുകളും പറയുന്നത് ഇതാണ്. തങ്ങളുടേതും സൗഹൃദമത്സരമാണത്രേ. ജയിച്ചാല്‍ ജയിച്ച സൗഹൃദം. തോറ്റാല്‍ തോറ്റ സൗഹൃദം. തോല്‍പിക്കലോ... അതൊരു പൊടി രസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.