സേവിച്ച്... സേവിച്ച്... കൊതിതീരാത്തവര്‍

ജില്ലാപഞ്ചായത്ത് മുതല്‍ വാര്‍ഡ്തലം വരെ കുന്നത്തൂര്‍ മണ്ഡലത്തില്‍ മത്സരരംഗത്ത് ഇറങ്ങുന്നവരില്‍ കൂടുതലും സേവിച്ച്... സേവിച്ച്... കൊതിതീരാത്ത ജനപ്രതിനിധികള്‍. ഇത്തരക്കാരുടെ നീണ്ട ലിസ്റ്റ് തന്നെയാണ് മത്സരരംഗത്തുള്ളത്. ഇതില്‍  മുന്‍ പ്രസിഡന്‍റുമാര്‍ തുടങ്ങി പഞ്ചായത്തംഗങ്ങള്‍ വരെയുണ്ട്. നിലവില്‍ സീറ്റ് കിട്ടാത്തതിനാല്‍ റെബല്‍കുപ്പായവുമായി ഇറങ്ങിയവരുമുണ്ട്. ജില്ലാപഞ്ചായത്ത് ശൂരനാട് ഡിവിഷനില്‍നിന്ന് പോരാട്ടത്തിനിറങ്ങുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി വി. വേണുഗോപാലക്കുറുപ്പ് നിലവില്‍ ശാസ്താംകോട്ട ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റാണ്. ശാസ്താംകോട്ട ബ്ളോക് പഞ്ചായത്ത് കോവൂര്‍ ഡിവിഷനിലെ ഇടതുസ്ഥാനാര്‍ഥി പി.സി. കോശിവൈദ്യനാകട്ടെ  മൈനാഗപ്പള്ളി പഞ്ചായത്തംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റെബലായി മത്സരിച്ച് വിജയിച്ച കോശിവൈദ്യനെ കോണ്‍ഗ്രസ് തന്നെയാണ് മൂന്നര വര്‍ഷക്കാലം പ്രസിഡന്‍റാക്കിയത്. ഈ ഡിവിഷനിലെ എതിര്‍സ്ഥാനാര്‍ഥി അഡ്വ. തോമസ്വൈദ്യനും മുന്‍പഞ്ചായത്തംഗമാണ്. പോരുവഴി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കിണറുവിള ബഷീര്‍ മുന്‍ പോരുവഴി പഞ്ചായത്തംഗമാണ്. പോരുവഴി പഞ്ചായത്ത് 13ാം വാര്‍ഡില്‍ മുന്‍ മുസ്ലിംലീഗ് പഞ്ചായത്തംഗം ചെളിക്കണ്ടത്തില്‍ ജമാല്‍ റെബലായി മത്സരിക്കുന്നു. 14ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബഷീറും (മുസ്ലിംലീഗ്) മുന്‍ പഞ്ചായത്തംഗമാണ്. നിലവിലെ പഞ്ചായത്ത് ഭരണസമിതിയിലെ അംഗമാണ് 15ാം വാര്‍ഡില്‍ മത്സരിക്കുന്ന പി.കെ. രവിയും (കോണ്‍ഗ്രസ്). ഇദ്ദേഹം 2011ല്‍ കുന്നത്തൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

16ാം വാര്‍ഡില്‍ മത്സരിക്കുന്ന ഇടതുസ്ഥാനാര്‍ഥി പ്രിയന്‍കുമാര്‍ (സി.പി.ഐ) മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റാണ്. ബ്ളോക് പഞ്ചായത്ത് ശൂരനാട് തെക്ക് ഡിവിഷനിലെ ഇടതുസ്ഥാനാര്‍ഥി അബ്ദുല്‍ലത്തീഫ് നിലവില്‍ ശൂരനാട് തെക്ക് പഞ്ചായത്തംഗമാണ്. അദ്ദേഹത്തെ നേരിടുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി പി. നൂറുദ്ദീന്‍കുട്ടി ശാസ്താംകോട്ട പഞ്ചായത്ത് മുന്‍ അംഗവും. കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. അനുപമ (സി.പി.ഐ) മൂന്നാംവാര്‍ഡില്‍ വീണ്ടും ജനവിധി തേടുമ്പോള്‍ എതിര്‍ക്കുന്നത് സ്വതന്ത്രവേഷത്തിലത്തെിയ നിലവിലെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ഐവര്‍കാല ദിലീപാണ്. മുന്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് ബ്ളോക് സെക്രട്ടറിയുമായ ഐവര്‍കാല രാജശേഖരന്‍ ഈ പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ ഇടതുസ്വതന്ത്രനാണ്. മൈനാഗപ്പള്ളി പഞ്ചായത്തില്‍ നിലവിലെ പി.ഡി.പി അംഗം നജീബ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് മുസ്ലിലീഗില്‍ ചേര്‍ന്ന് 19ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.

ഇവിടെ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസിന് സ്വന്തം സ്ഥാനാര്‍ഥിയുണ്ടെന്നത് വേറെ കാര്യം. നിലവിലുള്ള പഞ്ചായത്തംഗം ബീന സജി 15ാം വാര്‍ഡില്‍ മത്സരിക്കുന്നു. സി.പി.എം നേതാവ് അഡ്വ. മോഹനന്‍ 17ാം വാര്‍ഡില്‍നിന്ന് മൂന്നാംതവണയും ജനവിധി തേടുകയാണ്. പഞ്ചായത്തംഗം സേതുലക്ഷ്മി തേവലക്കര ജില്ലാപഞ്ചായത്ത് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. ജില്ലാപഞ്ചായത്ത് തൊടിയൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിച്ച് തോറ്റിരുന്നു. ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്‍റ് എം.വി. താരാഭായിയും അംഗങ്ങളായ ടി.ആര്‍. ശൈലജയും ശ്യാമളയും (മൂവരും കോണ്‍ഗ്രസ്) രണ്ടാംതവണയും മത്സരരംഗത്തുണ്ട്. പടിഞ്ഞാറേകല്ലട നടുവിലക്കര വാര്‍ഡിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി സുധീര്‍ നിലവില്‍ പഞ്ചായത്തംഗമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.