നീറ്റുംതുരുത്തില്‍ ദ്വീപ് ഒരുമൈ

കുണ്ടറ: കാല്‍നൂറ്റാണ്ടിന്‍െറ അവഗണനക്ക് നീറ്റുംതുരുത്തുകാര്‍ പകരം വീട്ടുന്നു. മണ്‍റോതുരുത്ത് പഞ്ചായത്തിലെ നെന്മേനി തെക്ക് ഒമ്പതാംവാര്‍ഡില്‍ ഒററപ്പെട്ട നീറ്റുംതുരുത്ത് നിവാസികളാണ് സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്  പോരിനിറക്കുന്നത്. വോട്ടുനാളില്‍ മാത്രം ഓര്‍ക്കുകയും പെട്ടിപൊട്ടിച്ചുകഴിഞ്ഞാല്‍ മറക്കുകയും ചെയ്യുന്നവരുടെ നെറികേടിന് ഒരു താക്കീതും ജനവിരുദ്ധതക്കെതിരായ ഒരു ചെറുത്തുനില്‍പ്പുമാണ് മത്സരമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മണ്‍റോതുരുത്ത് ടെലിഫോണ്‍ എക്ചേഞ്ചിന് സമീപത്ത് നിന്ന് നീറ്റുതുരുത്ത് ദ്വീപിലേക്ക് എത്തുന്ന ഒന്നേകാല്‍ കിലോമീറ്റര്‍ റോഡ് കാല്‍ നൂറ്റാണ്ടായി പ്രദേശത്തെ 35 കുടുംബങ്ങളുടെ ആവശ്യമാണ്. ഇതിനോട് മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ ക്രൂരമായ അവഗണനയാണ് പുലര്‍ത്തി വരുന്നത്. തങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയ കക്ഷികളില്‍ വിശ്വാസമുള്ളവരാണെങ്കിലും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് സ്ഥാനാര്‍ഥിയാകുന്ന രാജിലാല്‍ പറയുന്നു. ഏറെ നിവേദനങ്ങള്‍ നല്‍കുകയും ജനപ്രതിനിധികളെ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തതിന്‍െറ ഫലമായി 2013ല്‍ റോഡിന് ഫിഷറീസ് വകുപ്പില്‍ നിന്ന് 45 ലക്ഷം അനുവദിക്കുകയും അതിന്‍െറ നിര്‍മാണോദ്ഘാടനം പ്രസിഡന്‍റ് എസ്. ശോഭ നിര്‍വഹിക്കുയും ചെയ്തിരുന്നു.

എന്നാല്‍ പണിമാത്രം നടന്നില്ല. രോഗികളെയും കുട്ടികളെയും ഒന്നേകാല്‍ കിലോമീറ്റര്‍ ചുമന്നുവേണം ആശുപത്രിയിലും സ്കൂളിലും എത്തിക്കാന്‍. തകര്‍ന്നുവീഴാറായ പാലം അപകടക്കെണിയാണ്. നീറ്റുംതുരുത്തുപോലെ തന്നെ ദുരുതമാണ്  നീണ്ടകരകാട് എന്നറിയപ്പെടുന്ന ഉപ്പുകാട് പ്രദേശവാസികളും അനുഭവിക്കുന്നത്. ലക്ഷംവീട് ഉല്‍പ്പെടുന്ന പ്രദേശത്ത് കുട്ടികള്‍ സഹിതം 126 പേരാണുള്ളത്. ഇതില്‍ വോട്ടവകാശമുള്ളവര്‍ 84 ആണ്. വാര്‍ഡില്‍ ആകെയുള്ള വോട്ട് 468 ആണ്. ഇവിടെ എന്‍.ജി.ഒ.അസോസിയേഷന്‍െറ മുന്‍ സംസ്ഥാന പ്രസിഡന്‍റ് എന്‍. രാജന്‍ നാമനിര്‍ദേശ പത്രിക നല്‍കി.

ഇദ്ദേഹത്തെ അവഗണിച്ച് പാര്‍ട്ടി സ്ഥാര്‍ഥിയാക്കിയിരിക്കുന്നത് അംബുജാക്ഷനെയാണ്. കോണ്‍ഗ്രസിലെ ചന്ദ്രനും റെബലായി മത്സരരംഗത്തുണ്ട്. ഞായറാഴ്ച വിപുലമായ യോഗം ചേര്‍ന്ന് വാര്‍ഡിന്‍െറ മറ്റ് ഭാഗത്തുള്ളവരുടെ കൂടി പിന്തുണ ഉറപ്പാക്കുകയാണ് പുതിയ കൂട്ടായ്മയുടെ ലക്ഷ്യം. ഇരകളുടെ ഈ ഒരുമ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തലവേദനയായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.