ഇരു മുന്നണികളും ‘സൂപ്പര്‍ ആട് ആന്‍റണി’മാരാണ് -പി.കെ. കൃഷ്ണദാസ്

കണ്ണൂര്‍: യു.ഡി.എഫും എല്‍.ഡി.എഫും കേരളത്തില്‍ ഹിന്ദു^മുസ്ലിം വിഭാഗീയത ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി കേന്ദ്ര നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. 55 വര്‍ഷമായി സംസ്ഥാനത്തെ ഇരുമുന്നണികളും കൊള്ളയടിക്കുകയാണ്. ഇവര്‍ ‘സൂപ്പര്‍ ആട് ആന്‍റണി’മാരാണ്.  മണ്ഡല വ്രതകാലത്ത് പോലും മാംസാഹാരത്തിന് നിരോധമില്ലാത്ത കേരളത്തില്‍ ബീഫ് ഫെസ്റ്റുകള്‍ സംഘടിപ്പിക്കുന്നത് ഇതിന്‍െറ ഭാഗമാണെന്നും  കണ്ണൂര്‍ പ്രസ് ക്ളബിന്‍െറ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

കേരളത്തിലും രാഷ്ട്രീയ ധ്രുവീകരണമുണ്ടാവും.  ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയെ ഉന്മൂലനം ചെയ്യാനാണ് കോണ്‍ഗ്രസും സി.പി.എമ്മും ശ്രമിക്കുന്നത്. ഈ മോഹം നടക്കില്ല. ഏത് വെല്ലുവിളിയും നേരിടാന്‍  ഒരുക്കമാണ്. കൃഷ്ണദാസ് പറഞ്ഞു. ദ്വാരമുള്ള പെട്ടിയില്‍ വെള്ളമൊഴിച്ച പോലെയുള്ള അവസ്ഥയിലാണ് സി.പി.എം. മുന്‍കാലങ്ങളില്‍ വെള്ളാപ്പള്ളി നടേശന്‍െറ അനുഗ്രഹം തേടിയവര്‍ തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.

സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് തന്നെയാണ് തങ്ങളും ആവശ്യപ്പെടുന്നത്. സ്വാമിയുടെ മരണശേഷം കേരളം ഭരിച്ച ഇരു മുന്നണികളുടെയും നേതാക്കള്‍ എന്തുകൊണ്ട് ഇതിന്‍െറ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നില്ളെന്ന് അദ്ദേഹം ചോദിച്ചു.ദാദ്രി, കല്‍ബുര്‍ഗി വധം, സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് നേരെയുള്ള കരിമഷി പ്രയോഗം തുടങ്ങിയ സംഭവങ്ങള്‍ അപലപനീയമാണ്. എന്നാല്‍, ഇതെല്ലാം ഹിന്ദുത്വത്തിന്‍െറ അക്കൗണ്ടില്‍ പെടുത്തുന്നത് ശരിയല്ല ^അദ്ദേഹം തുടര്‍ന്നു.

തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ രണ്ട് വാര്‍ഡുകളിലും കണ്ണൂര്‍ കോര്‍പറേഷനില്‍ ഒരു ഡിവിഷനിലും തങ്ങളുടെ പിന്തുണയില്‍ എസ്.എന്‍.ഡി.പി  മത്സരിക്കുന്നുണ്ടെന്നും കൃഷ്ണദാസ് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.