റബറിന്‍െറ നാടാണെങ്കിലും ഇടത്തോട്ട് അത്ര വലിയുന്നതല്ല കോട്ടയത്തിന്‍െറ രാഷ്ട്രീയം. കോട്ടയം യു.ഡി.എഫിന് എന്നും ഉറച്ച കോട്ട തന്നെ. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലെ പടലപ്പിണക്കങ്ങളും സൗഹൃദമത്സരങ്ങളും എല്ലാ തെരഞ്ഞെടുപ്പിലും മുന്നണി ബന്ധത്തെ ഉലക്കാറുണ്ടെങ്കിലും പാര്‍ലമെന്‍േറാ നിയമസഭയോ പഞ്ചായത്തോ ആയാലും മേല്‍കൈ യു.ഡി.എഫിനാണെന്നത് ചരിത്രം.
കഴിഞ്ഞ രണ്ടു തദ്ദേശ തെരഞ്ഞെടുപ്പിലും ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും വിജയിച്ചത് യു.ഡി.എഫ്. സീറ്റ് വിഭജനത്തെച്ചൊല്ലി പത്രിക സമര്‍പ്പണത്തിന്‍െറ അവസാനനിമിഷംവരെ തര്‍ക്കം തുടരുമെങ്കിലും സൗഹൃദമത്സരത്തിലൂടെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ച് വിജയം തരപ്പെടുത്തുകയെന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം ഇരുപാര്‍ട്ടിക്കും കീറാമുട്ടിയായപ്പോള്‍ 108 വാര്‍ഡുകളില്‍ സൗഹൃദമത്സരം നടത്തി കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി. അപ്പോഴും ഭരണം യു.ഡി.എഫിന്‍െറ കൈകളില്‍ സുരക്ഷിതമായി.
ഇത്തവണയും 150 വാര്‍ഡുകളിലെങ്കിലും സൗഹൃദമത്സരം ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സംസ്ഥാന നേതാക്കളുടെ മൗനാനുവാദവും ഇതിനുണ്ട്. പാലാ നഗരസഭയിലെ 26 വാര്‍ഡുകളില്‍ 12 സീറ്റുകള്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസിന് അഞ്ചെണ്ണം മാത്രമേ നല്‍കൂവെന്ന് കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചതും വരാനിരിക്കുന്ന സൗഹൃദ ഏറ്റുമുട്ടലിന്‍െറ സൂചനയാണ്.
മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും ബാര്‍ കോഴക്കേസില്‍ കെ.എം. മാണി ആരോപണ വിധേയനായതും പി.സി. ജോര്‍ജിന്‍െറ കേരള കോണ്‍ഗ്രസ് -സെക്യുലര്‍ ഇടതുമുന്നണിക്ക് ഒപ്പമായതും ബി.ജെ.പി-എസ്.എന്‍.ഡി.പി സഖ്യസാന്നിധ്യവും യു.ഡി.എഫിനെ ചെറിയതോതിലെങ്കിലും ബാധിക്കുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. റബര്‍ വിലയിടിവ് പരിഹരിക്കാന്‍ നടപ്പാക്കിയ പദ്ധതികള്‍ പരാജയപ്പെട്ടതും കര്‍ഷക പ്രശ്നങ്ങളോട് സര്‍ക്കാര്‍ മുഖംതിരിച്ചതും മറ്റൊരു ഘടകമാണ്.
റബര്‍ വിലയിടിവും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയുമാണ് കോട്ടയത്തെ പ്രധാന രാഷ്ട്രീയ പ്രശ്നങ്ങള്‍. പക്ഷേ, സഭയുടെയും പള്ളിയുടെയും ഇടപെടല്‍ അവസാന നിമിഷം യു.ഡി.എഫിന് അനുകൂലമാകുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നത്. പി.സി. ജോര്‍ജിന്‍െറ പിന്മാറ്റം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഇക്കുറി യു.ഡി.എഫിന് ഭീഷണിയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. 10 ഗ്രാമപഞ്ചായത്തുകളിലും ഒന്നിലേറെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും തിരിച്ചടി പ്രതീക്ഷിക്കുന്നു. അതേസമയം, പടിഞ്ഞാറന്‍ മേഖലകളില്‍ നിര്‍ണായക ശക്തിയായ എസ്.എന്‍.ഡി.പി യോഗത്തിന്‍െറ നിലപാടുകളില്‍ എല്‍.ഡി.എഫും ആശങ്കയിലാണ്. സാധ്യതയുള്ള പല പഞ്ചായത്തുകളും ബി.ജെ.പി-എസ്.എന്‍.ഡി.പി സഖ്യം ഇല്ലാതാക്കുമെന്ന് ഇടതു മുന്നണി ഭയക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 19 വാര്‍ഡുകളില്‍ വിജയിക്കാനായിട്ടുണ്ട്.
73 ഗ്രാമപഞ്ചായത്തുകളാണ് ജില്ലയില്‍. ഇക്കുറി പഞ്ചായത്തുകളുടെ എണ്ണം 71 ആയി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13 ഗ്രാമപഞ്ചായത്തുകളില്‍ ഭരണം ഇടതുമുന്നണിക്കായിരുന്നു. 11 ബ്ളോക് പഞ്ചായത്തുകളില്‍ പത്തും യു.ഡി.എഫിനായപ്പോള്‍ വൈക്കം ബ്ളോക് പഞ്ചായത്ത് മാത്രം ഇടതിനൊപ്പം നിന്നു. ജില്ലാ പഞ്ചായത്തില്‍ 23ല്‍ എല്‍.ഡി.എഫ് നാലു സീറ്റില്‍ മാത്രമായി.
നാലു നഗരസഭകളില്‍ നാലും തുടക്കത്തില്‍ യു.ഡി.എഫിനായിരുന്നെങ്കിലും ആഴ്ചകള്‍ക്ക് മുമ്പ് ചങ്ങനാശേരി നഗരസഭയില്‍ യു.ഡി.എഫില്‍ ഉണ്ടായ തര്‍ക്കം ചെയര്‍മാന്‍-വൈസ് ചെയര്‍മാന്‍ സ്ഥാനം അവര്‍ക്ക് നഷ്ടപ്പെടുത്തി. വൈക്കം, പാലാ, കോട്ടയം നഗരസഭകള്‍ യു.ഡി.എഫിനൊപ്പം. വര്‍ഷങ്ങളായി ഇടതു മുന്നണിയുടെ കൈകളിലായിരുന്ന വൈക്കം യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. ചങ്ങനാശേരിയില്‍ അഞ്ചു സ്വതന്ത്രരുടെ പിന്തുണയോടെ നാലു വര്‍ഷം യു.ഡി.എഫ് ഭരിച്ചു. എന്നാല്‍, ഘടകകക്ഷികളുമായുള്ള ധാരണപ്പിശകും ചേരിപ്പോരും യു.ഡി.എഫിന് ഭീഷണിയായി. അത് മുതലെടുത്ത് ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. യു.ഡി.എഫ് സ്വതന്ത്രയായി വിജയിച്ച സ്മിത ജയകുമാറും വൈസ് ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ മാത്യൂസ് ജോര്‍ജും പുറത്തായി. 2010ലെ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ 23ല്‍ 19 സീറ്റ് നേടിയ യു.ഡി.എഫിന് 50.86 ശതമാനം വോട്ട് ലഭിച്ചു. 35.95 ശതമാനം വോട്ടോടെ ഇടതു മുന്നണി നാലു സീറ്റും നേടി. ബി.ജെ.പിക്ക് 4.37ശതമാനം വോട്ടും കിട്ടി. കോണ്‍ഗ്രസ്-മാണി വിഭാഗങ്ങളുടെ പാരവെപ്പും കാലുവാരലും സീറ്റ് വിഭജനത്തിലെ തര്‍ക്കത്തിലുമാണ് ഇടതുമുന്നണിയുടെ വിജയ പ്രതീക്ഷ.
എന്നാല്‍, ക്രൈസ്തവ സഭയോട് പിണക്കമില്ലാതെ മുന്നോട്ട് പോകുന്ന ഇടതുമുന്നണി സഭയുടെ വോട്ടുകളിലും കരുതല്‍ കാണുന്നു. കഴിയുന്നത്ര പുതുമുഖങ്ങളെ അണിനിരത്താനുള്ള നെട്ടോട്ടത്തിലാണ് ഇരുമുന്നണിയും ബി.ജെ.പിയും. വെല്‍ഫെയര്‍ പാര്‍ട്ടിയും മത്സരത്തിനുണ്ട്. കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശേരി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാകും മത്സരിക്കുക. പി.ഡി.പിയും എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.