കന്നിയങ്കത്തില്‍ സ്വതന്ത്രന്‍; പിന്നെ 16 വര്‍ഷം പ്രസിഡന്‍റ്

കോതമംഗലം: രാഷ്ട്രീയ വടംവലികള്‍ക്കിടയില്‍ കസേര ഉറപ്പിക്കുന്നതിന് വനിതാ പ്രസിഡന്‍റ് പുരുഷ അംഗത്തിനെതിരെ ചെരിപ്പൂരി വാര്‍ത്തകളില്‍ ഇടംപിടിച്ച കീരമ്പാറ പഞ്ചായത്തില്‍ 1964ല്‍ നടത്തിയ കന്നിയങ്കത്തില്‍ സ്വതന്ത്രനായാണ് ടി.യു. കുരുവിള  പ്രസിഡന്‍റ് പദം നേടിയത്. 16 വര്‍ഷം പ്രസിഡന്‍റ് പദം വഹിക്കുകയും ചെയ്തു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നീണ്ടു പോയതിനാല്‍ സ്ഥാനം 16 വര്‍ഷം നിലനിര്‍ത്തി. 
പിന്നീട് നഗരസഭ കൗണ്‍സിലര്‍, പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍, ഹൗസിങ്ങ് ബോര്‍ഡ് ചെയര്‍മാന്‍, എം.എല്‍.എ, മന്ത്രി പദവികള്‍ വരെയത്തെി. ഭാഗ്യം എന്നും തന്നെ തുണക്കുകയായിരുന്നു. സ്വതന്ത്രനായി ജയിച്ചതിന് ശേഷം 1965 ലാണ് കേരള കോണ്‍ഗ്രസില്‍ ചേരുന്നത്. ബ്ളോക്കിലെ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന ബ്ളോക് ചെയര്‍മാന്‍ സ്ഥാനവും  വഹിച്ചു.1978ല്‍ കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പി.ജെ. ജോസഫിനൊപ്പം നിലയുറപ്പിച്ചു. ‘78 ല്‍ കോതമംഗലം നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി. 2006ല്‍ ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ച് എം.എല്‍.എയുമായി. ടി.എം. മീതിയന് ശേഷം ഇടതുപക്ഷം കോതമംഗലം അസംബ്ളി മണ്ഡലത്തില്‍ വിജയം കൈവരിച്ചത് കുരുവിള വഴിയാണ്. ഇടതു മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രി സ്ഥാനവും നേടി. കേരള കോണ്‍ഗ്രസുകളുടെ ലയനത്തോടെ യു.ഡി.എഫ് പക്ഷത്ത് എത്തുകയും വിജയം തന്നോടൊപ്പാം നിലനിര്‍ത്തുകയും ചെയ്തു. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തെക്കാള്‍ ഉപരി വികസന പ്രവര്‍ത്തനങ്ങള്‍ക്ക്  മുന്‍തൂക്കം നല്‍കണമെന്നാണ് പഴയ പ്രസിഡന്‍റിന് പറയാനുള്ളത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.