‘വിശപ്പിനോട് വിട’ യു.ഡി.എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ‘വിശപ്പിനോട് വിട’ പദ്ധതിക്ക് മുഖ്യ പരിഗണന നല്‍കി യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ‘ആശ്വാസ നിധി’യും രൂപവത്കരിക്കും. 
 
കൊച്ചിയില്‍ നടന്ന സംസ്ഥാന യു.ഡി.എഫ് നേതൃസംഗമത്തില്‍ മുസ്ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് കോപ്പി നല്‍കി പ്രകടനപത്രിക പ്രകാശനം ചെയ്തു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. നിര്‍ധന യുവതികളുടെ വിവാഹത്തിന് സഹായം നല്‍കാന്‍ ‘മംഗല്യ സഹായ നിധിയും രൂപവത്കരിക്കും’. 
തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കും. 
യു.ഡി.എഫ് പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍
  • പ്രവാസികള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും. വര്‍ഷത്തിലൊരിക്കല്‍ പ്രവാസി സംഗമം സംഘടിപ്പിക്കും.
  • അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനും ആരോഗ്യ സംരക്ഷണത്തിനും പദ്ധതി നടപ്പാക്കും. 
  • ഉന്നത വിജയം നേടുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും സ്കോളര്‍ഷിപ്പും നല്‍കും.
  • തദ്ദേശ സ്ഥാപനങ്ങളില്‍ തര്‍ക്ക പരിഹാര കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കുടുംബ പ്രശ്നങ്ങളും അതിര്‍ത്തി തര്‍ക്കങ്ങളും പരിഹരിക്കാന്‍ അദാലത് നടത്തും.
  • തദ്ദേശ സ്ഥാപനങ്ങളുടെ ആസ്ഥാനത്ത് സൗജന്യ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തും. 
  • സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലായി വീടുകളില്‍ എത്തിക്കാന്‍ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ ഡിജിറ്റല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. 
  • വാര്‍ഡുതല ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വാര്‍ഡുതലങ്ങളില്‍ സേവാഗ്രാം പദ്ധതി നടപ്പാക്കും.
  • കൃഷിയോഗ്യമായ മുഴുവന്‍ സ്ഥലങ്ങളിലും കൃഷിയിറക്കും. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി.
  • വിഷരഹിത ഭക്ഷണം ഉറപ്പുവരുത്തുന്നതിന് ജൈവ കാര്‍ഷിക ജനകീയ സമിതികള്‍ രൂപവത്കരിക്കും. 
  • കര്‍ഷക തൊഴിലാളി സേന രൂപവത്കരിക്കും. 
  • പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന അരിയും പച്ചക്കറിയും വിപണനം ചെയ്യാന്‍ പ്രത്യേക സംവിധാനം.
  • ശാസ്ത്രീയ അറവുശാലകള്‍ സ്ഥാപിക്കും. 
  • ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മിനി വ്യവസായ എസ്റ്റേറ്റ്. 
  • കോമണ്‍ ഫെസിലിറ്റി സെന്‍ററുകളും വ്യവസായ ക്ളസ്റ്ററുകളും സ്ഥാപിക്കും. 
  • വ്യവസായ വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ പരമ്പരാഗത-ഗ്രാമ-കുടില്‍വ്യവസായ ഉല്‍പന്ന വിപണനത്തിന് സംവിധാനമൊരുക്കും. 
  • പരിസ്ഥിതി സംരക്ഷണത്തിന് ഗ്രാമസഭകള്‍ക്കും അയല്‍ സഭകള്‍ക്കും കൂടുതല്‍ അധികാരം നല്‍കും. 
  • സ്മാര്‍ട്ട് ക്ളാസ് മുറികളും സ്മാര്‍ട്ട് സ്കൂളുകളും സജ്ജീകരിക്കും. 
  • വിദ്യാലയങ്ങളെ ഹരിത കാമ്പസുകളാക്കും. 
  • ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഉറപ്പുവരുത്തും. 
  • തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ ആംബുലന്‍സ് സര്‍വിസ്. 
  • ശാസ്ത്രീയമായ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും. 
  • ഖര-ദ്രവ്യ മാലിന്യ പ്ളാന്‍റുകള്‍ നിര്‍ബന്ധമാക്കും. 
  • ലക്ഷംവീടുകള്‍ ഒറ്റവീടുകളായി പുനരുദ്ധരിക്കും. 
  • ആരോരുമില്ലാത്ത വൃദ്ധരെ സംരക്ഷിക്കാന്‍ വൃദ്ധ സദനങ്ങള്‍ സ്ഥാപിക്കും. 
  • പട്ടികജാതി കോളനികളുടെ നവീകരണത്തിന് പ്രത്യേക പദ്ധതികള്‍.
  • പാരമ്പര്യേതര ഊര്‍ജം വികസിപ്പിക്കാന്‍ പദ്ധതി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.