വടകര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പതിവിനു വിപരീതമായി ജനപ്രിയരായ പ്രവര്‍ത്തകരെ അങ്കത്തട്ടിലിറക്കാനാണ് മുന്നണികളുടെ നീക്കം. യു.ഡി.എഫില്‍ കോണ്‍ഗ്രസും എല്‍.ഡി.എഫില്‍ സി.പി.എമ്മുമാണ് ഇക്കാര്യത്തില്‍ മുന്നില്‍. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജനപ്രിയരെ തേടുമ്പോള്‍ പ്രാദേശിക ഗ്രൂപ്പുകളില്‍നിന്ന് വലിയ തോതിലുള്ള അമര്‍ഷമാണുയരുന്നത്. സ്ഥാനാര്‍ഥി മോഹത്തോടെ ഒരുവിഭാഗം പ്രവര്‍ത്തകരെ ഒപ്പംനിര്‍ത്തി ചില നേതാക്കള്‍ നടത്തുന്ന കരുനീക്കങ്ങള്‍ കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും കൂടുതലാണ്. ഇതിനിടയില്‍ കഴിഞ്ഞ കാലങ്ങളില്‍ മുന്നണികള്‍ക്കിടയിലുണ്ടായ വിള്ളല്‍ പലയിടത്തും തലവേദന സൃഷ്ടിക്കുകയാണ്. അഴിയൂരില്‍ തൊണ്ടിവയലില്‍ ഐസ് പ്ളാന്‍റ് സ്ഥാപിക്കുന്നതിനെതിരെ രൂപവത്കരിച്ച കുടിവെള്ള സംരക്ഷണ സഹായസമിതിയില്‍ സി.പി.എം ഒഴികെയുള്ള എല്ലാ കക്ഷികളുമുണ്ട്.
എന്നാല്‍, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സോഷ്യലിസ്റ്റ് ജനത എന്നീ കക്ഷികളിലെ ഒരുവിഭാഗം ഐസ് പ്ളാന്‍റ് സ്ഥാപിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുന്നു. സി.പി.ഐ സമരസമിതിക്കൊപ്പം സജീവ സാന്നിധ്യമായിരുന്നു. തൊണ്ടിവയല്‍ പ്രശ്നം പൊലീസ് ലാത്തിചാര്‍ജിലും ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലും മറ്റും കലാശിച്ച സാഹചര്യത്തില്‍ അഴിയൂരിന്‍െറ സമീപ പഞ്ചായത്തുകളായ ഏറാമല, ഒഞ്ചിയം, ചോറോട് എന്നിവിടങ്ങളിലും ഈ വിഷയം ചൂടേറിയ ചര്‍ച്ചയാവും. മണിയൂര്‍ പഞ്ചായത്തില്‍ ജലനിധിയെചൊല്ലിയുള്ള തര്‍ക്കം ഭരണപക്ഷമായ എല്‍.ഡി.എഫിനെയാണ് പ്രതികൂട്ടില്‍ നിര്‍ത്തുന്നതെങ്കിലും സംഘടനാപരമായി ദോഷം ചെയ്തിരിക്കുന്നത് യു.ഡി.എഫിനാണ്. ജലനിധി നടപ്പാക്കുന്നതില്‍ അഴിമതിനടന്നെന്ന അഭിപ്രായവുമായി മുസ്ലിം ലീഗ് നേരത്തെതന്നെ രംഗത്തുവന്നിരുന്നു.
പഞ്ചായത്ത് ഭരണസമിതി അംഗവും കോണ്‍ഗ്രസ് നേതാവുമായ ഹമീദ് മാസ്റ്റര്‍ ഭരണസമിതിക്കുവേണ്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത് യു.ഡി.എഫിനകത്ത് പ്രശ്നങ്ങള്‍ക്കിടയാക്കി. കോണ്‍ഗ്രസിലെ ഒരുവിഭാഗം ഹമീദ് മാസ്റ്ററുടെ നിലപാടിനെ പിന്താങ്ങി രംഗത്തുവന്നതോടെ പരസ്പരം പഴിചാരുന്ന സാഹചര്യമാണുണ്ടായത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും മുന്നണിക്കകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ മണിയൂര്‍ പഞ്ചായത്തിനെ വിഭജിക്കാനുള്ള നീക്കം നടന്നിരുന്നു. വിഭജനാനന്തരം രൂപം കൊള്ളുന്ന ഒരു പഞ്ചായത്തില്‍ യു.ഡി.എഫിന് മേല്‍കൈ നേടാന്‍ കഴിയുമെന്ന പ്രചാരണവുമുണ്ടായിരുന്നു. പൊതുവെ വിഭജനം മരവിപ്പിച്ച പശ്ചാത്തലത്തില്‍ ഈ പ്രതീക്ഷ അസ്തമിച്ചു.
വടകര നഗരസഭയില്‍ യു.ഡി.എഫിന്‍െറ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് അഡ്വ. സി. വത്സലന്‍ വരുമെന്നറിയുന്നു. എല്‍.ഡി.എഫില്‍ നിലവില്‍ കൗണ്‍സിലിലുള്ള ചില സി.പി.എം നേതാക്കളുടെ പേരുകള്‍ക്കൊപ്പം സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുന്‍ വടകര ഏരിയാസെക്രട്ടറിയുമായ കെ. ശ്രീധരന്‍െറ പേരും ഉയര്‍ന്നുവരുന്നു. എല്‍.ഡി.എഫില്‍ ഘടകകക്ഷികള്‍ക്ക് നല്‍കുന്ന സീറ്റുകളുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.